ഭൂമിയുടെ ഇരുധ്രുവങ്ങളായ അന്‍റാര്‍ട്ടിക്കയിലും, ആര്‍ട്ടിക്കിലും വിചിത്രമായ രീതിയില്‍ ചൂട് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അന്‍റാര്‍ട്ടിക്കയുടെ ചില ഭാഗങ്ങളില്‍ ശരാശരിയേക്കാൾ 70 ഡിഗ്രി (ശരാശരി 40 ഡിഗ്രി സെൽഷ്യസ്) കൂടുതലും ആർട്ടിക് പ്രദേശങ്ങളിൽ ശരാശരിയേക്കാൾ 50 ഡിഗ്രി (ശരാശരി 30 ഡിഗ്രി സെൽഷ്യസ്) കൂടുതലും ചൂടാണ് വെള്ളിയാഴ്‌ച രേഖപ്പെടുത്തിയത്. ഈ ദിവസം അന്‍റാര്‍ട്ടിക്കയലെ പല കേന്ദ്രങ്ങളിലും രേഖപ്പെടുത്തിയത് റെക്കോഡ് താപനിലയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരായ മാക്‌സി മില്ല്യാനോ ഹെരേര ട്വീറ്റ് ചെയ്‌തത്.
അന്‍റാര്‍ട്ടിക്കയില്‍ 3,234 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോൺകോർഡിയ സ്റ്റേഷനില്‍ 10 ഡിഗ്രി ചൂടാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ആ പ്രദേശത്തെ ശരാശരി താപനില -12.2 ഡിഗ്രി സെല്‍ഷ്യസാണ്. നിലവില്‍ ശരാശരി താപനിലയെ അപേക്ഷിച്ച് 70 ഡിഗ്രി കൂടുതല്‍ ചൂടാണ് ആ പ്രദേശത്ത് അനുഭവപ്പെടുന്നത്. അതേ സമയം 3400 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വോസ്‌റ്റോക്ക് സ്‌റ്റേഷനിലും 0 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹെരേര ട്വീറ്റില്‍ വ്യക്‌തമാക്കി.
താപനില അസാധാരണം
തീരപ്രദേശമായ ടെറ നോവ ബേസില്‍ മഞ്ഞ് ഉറയ്ക്കാന്‍ ആവശ്യമായതിനേക്കാള്‍ 44.6 ഡിഗ്രിയോളം താപനിലയാണ് രേഖപ്പെടുത്തിയത്. ആർട്ടിക്കിലെ ശരാശരി താപനിലയേക്കാൾ 50 ഡിഗ്രി ചൂടും ഉത്തരധ്രുവത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നുണ്ടോ എന്ന് ശ്രദ്ധിച്ചിരുന്ന കൊളറാഡോയിലെ ബോൾഡറിലെ നാഷണൽ സ്നോ ആൻഡ് ഐസ് ഡാറ്റാ സെന്ററിലെ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തുന്ന രീതിയീലാണ് ഇത് അനുഭവപ്പെട്ടത്. മാർച്ച് പകുതിയോടെ ഇങ്ങനെ സംഭവിക്കുന്നത് അസാധാരണമാണെന്ന് ശാസ്ത്രജ്ഞൻ വാൾട്ട് മിയർ പറഞ്ഞു.