'ഡിമെന്‍ഷ്യയെന്ന മറവിരോഗവും അന്തരീക്ഷ മലിനീകരണവും തമ്മില്‍ പരസ്‌പര ബന്ധമുണ്ട്'. ശാസ്ത്രലോകത്തില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ട് സംശയത്തോടെ ഞെറ്റി ചുളിക്കാന്‍ വരട്ടെ, സംഗതി സത്യമാണ്. ദക്ഷിണ കാലിഫോര്‍ണിയയിലെ കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.
വായുവിന്‍റെ ഗുണനിലവാരം മനുഷ്യന്‍റെ ചിന്താപരമായ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചാണ് ഗവേഷണം നടന്നത്. ഉയര്‍ന്ന വായുമലിനീകരണം ഡിമെൻഷ്യ വരാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്നു. ഈ പഠനം വളരെ പ്രധാനപ്പെട്ട ഒന്നിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വായു മലിനീകരണം കുറയ്ക്കുന്നത് പ്രായമായ സ്ത്രീകളുടെ മസ്‌തിഷ്‌ക ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിൻഹുയി വാങ് പറയുന്നു.
വിവിധ കാലങ്ങള്‍, വിവിധ ഇടങ്ങള്‍
വിവിധ സ്ഥലങ്ങളിലെ പ്രായമായ സ്‌ത്രീകളെയാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. 2008 മുതൽ 2018 വരെ 'കൊഗ്‌നീറ്റിവ് ഫങ്‌ഷൻ ടെസ്റ്റുകൾ' നടത്തി ഇവരെ നിരീക്ഷിക്കുകയുണ്ടായി. പങ്കെടുക്കുന്നവരുടെ വീട്ടുവിലാസങ്ങൾ ഉപയോഗിച്ച്, കാലഘട്ടങ്ങളെയും സ്ഥലങ്ങളെയും വിലയിരുത്തി വായുമലിനീകരണ തോത് കണക്കാക്കി. ഇതിലൂടെയാണ് വായു മലിനീകരണം ആരോഗ്യകരമായ മസ്‌തിഷ്‌കത്തെ ബാധിക്കുന്നതായി കണ്ടെത്തിയത്.