തിരുവനന്തപുരം : സൂര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള രാജ്യത്തിന്‍റെ ആദ്യ ദൗത്യം ആദിത്യ എല്‍ 1, അതിന്‍റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് ഐഎസ്‌ആര്‍ഒ. ലക്ഷ്യ സ്ഥാനമായ എല്‍ 1 പോയിന്‍റിലേക്ക് കടക്കാനുള്ള നീക്കങ്ങള്‍ അടുത്ത വര്‍ഷം ജനുവരി ഏഴിനകം പൂര്‍ത്തിയാകുമെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു (Aditya L1 spacecraft is nearing its final phase says S Somanath). ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്‍റെ 60-ാമത് വാര്‍ഷികവുമായി ബന്ധപ്പെട്ട് വിഎസ്‌എസ്‌സിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (ISRO Chief S Somanath on Aditya L1).
'നിലവില്‍ ആദിത്യ, എല്‍ 1 പോയിന്‍റിലേക്ക് പ്രവേശിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. ഒരുപക്ഷേ ജനുവരി ഏഴിന് എല്‍ 1 പോയിന്‍റിലേക്ക് കടക്കുന്നതിനുള്ള അവസാന നീക്കങ്ങള്‍ നടക്കും' -സോമനാഥ് പറഞ്ഞു (Aditya L1 moving to final phase).
സെപ്‌റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ (എസ്‌ഡിഎസ്‌സി) നിന്ന് രാജ്യത്തിന്‍റെ സ്വപ്‌ന ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിച്ചത്. 125 ദിവസങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് പേടകം സൂര്യനോട് ഏറ്റവും അടുത്ത് കണക്കാക്കപ്പെടുന്ന ലാന്‍ഗ്രാന്‍ജിയന്‍ പോയിന്‍റ് എല്‍ 1 ന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കും. ശാസ്‌ത്രീയ പരീക്ഷണങ്ങള്‍ക്കായി സൂര്യന്‍റെ ചിത്രങ്ങള്‍ ആദിത്യ എല്‍ 1 പകര്‍ത്തും.