ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍-1 (Aditya-L1) ഭൂമിയുടെ ഭ്രമണപഥം വിട്ടു. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലേക്ക് അയക്കാനുള്ള ആദ്യ ഘട്ടമായ ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. പേടകം എൽ-1 പോയിന്‍റിലേക്കുള്ള യാത്രയിലാണെന്നും ഐഎസ്ആർഒ അധികൃതർ അറിയിച്ചു.
ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് പേടകത്തിലെ ലാം എഞ്ചിൻ ജ്വലിപ്പിച്ച് യാത്രാപഥം മാറ്റിയത്. തുടർച്ചയായ അഞ്ചാം തവണയാണ് ഐഎസ്ആർഒ ഒരു പേടകത്തിന്‍റെ യാത്രാപഥം വിജയകരമായി മാറ്റുന്നത്. 110 ദിവസങ്ങൾ നീളുന്ന യാത്രക്കൊടുവിലാണ് പേടകം ലക്ഷ്യസ്ഥാനമായ എൽ വണ്ണിൽ എത്തുക. ജനുവരി ആദ്യ വാരത്തിലായിരിക്കും പേടകം എൽ വണ്ണിലെത്തുക.
ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലംഗ്രാഞ്ച് പോയിന്‍റ് (L-1). ഈ മേഖലയ്‌ക്ക് ചുറ്റുമുള്ള ഹാലോ പരിക്രമണപഥത്തിൽ നിന്ന് സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ അയച്ച ആദ്യ ഉപഗ്രഹമാണ് ആദിത്യ എൽ-1. സൂര്യന്‍റെ ബാഹ്യ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന ആദിത്യ സൂര്യനിൽ ഇറങ്ങുകയോ സൂര്യന്‍റെ സമീപത്തേക്ക് നീങ്ങുകയോ ഇല്ല.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15ന് ആദിത്യ എൽ വണ്ണിന്‍റെ നാലാം ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് നാലാം ഭ്രമണപഥം ഉയർത്തൽ. സെപ്‌റ്റംബർ മൂന്നിനായിരുന്നു ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്. തുടർന്ന് സെപ്റ്റംബർ അഞ്ചിന് രണ്ടാം ഭ്രമണപഥം ഉയർത്തലും സെപ്റ്റംബർ പത്തിന് മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയിരുന്നു.