ന്യൂഡല്‍ഹി: 5ജി സേവനങ്ങള്‍ രാജ്യത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മൊബൈൽ ഫോൺ നിർമാണ കമ്പനികളുമായി ചര്‍ച്ച നടത്തി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും (DoT) ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെയും (MeitY) ഉന്നത ഉദ്യോഗസ്ഥര്‍. 10,000 രൂപയും അതിനുമുകളിലും വിലയുള്ള 4ജി ഫോണുകളുടെ ഉത്പാദനം ക്രമേണ നിർത്തുമെന്നും 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്നും മൊബൈല്‍ നിര്‍മാണ കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചു.
ഇന്ത്യയിൽ ഏകദേശം 750 ദശലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളാണുള്ളത്. 100 ദശലക്ഷം വരിക്കാർക്ക് 5ജി ഫോണുകളുണ്ട്, എന്നാൽ 350 ദശലക്ഷത്തിലധികം ഉപയോക്താക്കൾ 3ജി, 4ജി എന്നിവക്ക് അനുയോജ്യമായ ഫോൺ ആണ് ഉപയോഗിക്കുന്നത്. 10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള 3ജി, 4ജി ഫോണുകള്‍ കമ്പനി ക്രമേണ നിർത്തലാക്കുമെന്ന് മന്ത്രാലയത്തെ അറിയിച്ചതായി മൊബൈല്‍ നിര്‍മാണ കമ്പനിയുടെ പ്രതിനിധികള്‍ പറഞ്ഞു.
ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്‌ചയില്‍ ആപ്പിൾ, സാംസങ് ഉൾപ്പെടെയുള്ള സ്‌മാർട്ട്‌ഫോൺ നിർമാണ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും ടെലികോം ഓപ്പറേറ്റർമാരുടെ പ്രതിനിധികളും പങ്കെടുത്തു. ടെലികോം സേവനദാതാക്കൾ 5ജി നെറ്റ്‌വർക്കുകളിൽ ആരംഭിച്ച 5ജി സേവനങ്ങൾക്കായി ഉപഭോക്താക്കളുടെ ഹാൻഡ്‌സെറ്റുകളെ പ്രാപ്‌തമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് യോഗത്തിന്‍റെ അജണ്ടയിൽ പ്രധാനമായും ഉൾപ്പെടുത്തിയത്. എല്ലാ 5ജി ഹാൻഡ്‌സെറ്റുകൾക്കും സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ പുറത്തിറക്കാൻ ഹാൻഡ്‌സെറ്റ് നിർമാതാക്കളുടെയും ടെലികോം സേവന ദാതാക്കളുടെയും ഇടപെടലും യോഗത്തിൽ ചർച്ച ചെയ്‌തു.