നാസിക് (മഹാരാഷ്ട്ര) : അത്യസാധാരണമായ സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു സംഭവം. ഉത്തംനഗറിലെ ഒരു വീട്ടിലാണ് മൊബൈല്‍ ഫോണ്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ് (3 Injured In Mobile Phone Explosion).
ഉത്തംനഗര്‍ കോളനിയിലെ തുഷാര്‍ജഗതാപ്, ബാലകൃഷ്‌ണ സുട്ടാര്‍, ശോഭ ജഗതാപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പൊലീസിന്‍റെ സഹായത്തോടെ നാട്ടുകാര്‍ ജില്ല ആശുപത്രിയിലെത്തിച്ചു. പൊട്ടിത്തെറിയെത്തുടര്‍ന്ന് വീടിന്‍റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. വീട്ടുസാധനങ്ങളും പാത്രങ്ങളും വരെ സ്ഫോടനത്തില്‍ തെറിച്ചുവീണു (Mobile Phone Blast). നിലത്ത് വിരിച്ചിരുന്ന കിടക്കകള്‍ കീറിപ്പോയി. വീടിന്‍റെ നിലത്തും ചുവരിലും വിള്ളലുകളുമുണ്ടായി.
സംഭവം നടന്നയുടനെ പൊലീസ് സംഘം സ്ഥലത്തെത്തി. വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. അമിതമായി ചൂടായത് കാരണമാകാം ഫോണ്‍ തീപിടിച്ച് പൊട്ടിത്തെറിച്ചതെന്നാണ് വിദഗ്‌ധര്‍ പറയുന്നത് (Mobile Phone Heating).
മൊബൈല്‍ ഫോണിലെ രാസഘടകങ്ങളുടേയോ മൈക്രോപ്രൊസസറിന്‍റേയോ പ്രവര്‍ത്തനപ്പിഴവാകാം ഫോണ്‍ അമിതമായി ചൂടാവാന്‍ കാരണമായതെന്ന് അനുമാനിക്കുന്നു. ചൂട് അസന്തുലിതമായി വിതരണം ചെയ്യപ്പെട്ടതോടെ ലിഥിയം അയേണ്‍ ബാറ്ററിക്ക് തീപിടിച്ചതാവാമെന്നാണ് കരുതുന്നത് (What is the Reason for Mobile Phone Explosion).
തൃശൂരിലെ ദാരുണ മരണം : തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു സംഭവം. പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്ത് വീട്ടില്‍ അശോക് കുമാര്‍, സൗമ്യ ദമ്പതികളുടെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. രാത്രിയില്‍ കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.