ഹൈദരാബാദ്: എല്ലാ വർഷവും മെയ് 25നാണ് ആഗോളതലത്തിൽ ലോക തൈറോയ്‌ഡ് ദിനം ആചരിക്കുന്നത്. തൈറോയിഡിന്‍റെ പ്രാധാന്യത്തെക്കുറിച്ചും, തൈറോയ്‌ഡ് രോഗങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ആളുകളില്‍ അവബോധം ഉണ്ടാക്കുക എന്നതെല്ലാമാണ് ഈ ദിനാചരണത്തിന്‍റെ പ്രധാന ലക്ഷ്യം.
മനുഷ്യന്‍റെ ശാരീരിക വളർച്ചയിലും വികാസത്തിലും വിവിധ ശാരീരിക, ഉപാപചയ പ്രക്രിയകളിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്‌ഡ് ഹോർമോൺ. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
എന്താണ് തൈറോയ്‌ഡ്?തൊണ്ടയിലെ ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്‌ഡ്. കഴുത്തിന്‍റെ മുൻഭാഗത്തായി വോയ്‌സ് ബോക്‌സിന് താഴെയാണ് തൈറോയ്‌ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ഇത് ടി 3 (തൈറോക്‌സിൻ), ടി 4 (ട്രയോഡൊഥൈറോണിൻ) എന്നിവ ഉൽപാദിപ്പിക്കുകയും തൈറോയ്‌ഡ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ (ടിഎസ്‌എച്ച്) പരിപാലിക്കുകയും ചെയ്യുന്നു.
കൂടാതെ ശരീരത്തിന്‍റെ മെറ്റബോളിസത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. തൈറോയ്‌ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്‍റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്‌ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്‌ഡിസം. തൈറോയ്‌ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നതാണ് ഹൈപ്പോ തൈറോയ്‌ഡിസം.
ഭക്ഷണത്തിൽ ശരിയായ അയോഡിൻ അളവ് നിലനിർത്തുന്നതും അസംസ്‌കൃത ഗോയിട്രോജനിക് പച്ചക്കറികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും തൈറോയ്‌ഡ് രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അതേസമയം കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാൽ പൂർണ്ണമായും പ്രതിരോധിച്ച് നിർത്താൻ കഴിയുന്ന അസുഖമാണ് ഇത്. ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
തൈറോയ്‌ഡിന്‍റെ പൊതുവായ ചില ലക്ഷണങ്ങള്‍:വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്‌ദം അടയുക തുടങ്ങിയവ തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണമാണ്. പേശികളിലുണ്ടാകുന്ന വേദനയും തൈറോയ്‌ഡിന്‍റെ ഏറ്റക്കുറച്ചിലുകൾ കാരണമാകാം.
ക്ഷീണം അനുഭവപ്പെടുന്നതും പ്രധാന ലക്ഷണമാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. കൂടാതെ ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്‌ഡിന്‍റെ ലക്ഷണമാകാം.