കേരളം

kerala

ETV Bharat / opinion

'കുഞ്ഞുങ്ങളെ ചേർത്തുപിടിക്കണം', ലോക ഡൗണ്‍സിന്‍ഡ്രോം ദിനത്തില്‍ കൂടുതൽ അറിയാം - down syndrome treatment

ഡൗണ്‍ സിന്‍ഡ്രോം കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നു, ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികളെ എങ്ങനെ പരിചരിക്കാം.. ആരോഗ്യ വിദഗ്‌ധ ഡോ അര്‍ച്ചന ദിനരാജ് പറയുന്നു.

ഡൗണ്‍ സിന്‍ഡ്രോം  down syndrome  ഡൗണ്‍ സിന്‍ഡ്രോം ലക്ഷണങ്ങൾ  മലയാളം വാർത്തകൾ  ബുദ്ധിവൈകല്യം  ഡൗണ്‍ സിന്‍ഡ്രോം ചികിത്സ  ഡോ അര്‍ച്ചന ദിനരാജ്  ആരോഗ്യ വാർത്തകൾ  down syndrome symptoms  health news  malayalam news  down syndrome treatment
ലോക ഡൗണ്‍സിന്‍ഡ്രോം ദിനം

By

Published : Mar 20, 2023, 9:42 PM IST

തിരുവനന്തപുരം:മാർച്ച് 21 ലോക ഡൗണ്‍ സിന്‍ഡ്രോം ദിനം.മനുഷ്യരില്‍ ബുദ്ധിവൈകല്യം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനിതക രോഗം ആണ് ഡൗണ്‍ സിന്‍ഡ്രോം. ലോക വ്യാപകമായി 800 ല്‍ ഒരു കുട്ടി ഡൗണ്‍ സിന്‍ഡ്രോം അസുഖ ബാധിതനായി ജനിക്കുന്നുവെന്നാണ് കണക്കുകൾ.

1866 ല്‍ രോഗം ആദ്യമായി വിശദീകരിച്ച ഡോക്‌ടര്‍ ജോണ്‍ ലാന്‍ഗ്‌ടണ്‍ ഡൗണിന്‍റെ (Dr. John Langton Down) പേരില്‍ ആണ് ഈ അസുഖം അറിയപ്പെടുന്നത്. എന്താണ് ഡൗണ്‍ സിന്‍ഡ്രോം, അസുഖം ബാധിക്കാനുള്ള കാരണങ്ങൾ, ചികിത്സ രീതികൾ എന്നീ കാര്യങ്ങളെ കുറിച്ച് പട്ടം എസ്‌യുടി ഹോസ്‌പിറ്റൽ ശിശു രോഗവിദഗ്‌ധ ഡോ അര്‍ച്ചന ദിനരാജ് വ്യക്തമാക്കുന്നു.

എന്താണ് ഡൗണ്‍ സിന്‍ഡ്രോം?

ഇത് ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. മനുഷ്യ ശരീരത്തിലെ എല്ലാ കോശങ്ങളിലും 23 ജോഡി ക്രോമസോമുകള്‍ ആണ് ഉള്ളത്. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ നമ്പര്‍ 21-ാം ക്രോമസോമിൽ രണ്ടിന് പകരം ഒരു അധിക ക്രോമസോം കൂടി ഉണ്ടാകുന്നു. ഈ അവസ്ഥയാണ് ഡൗണ്‍ സിന്‍ഡ്രോം.

പ്രത്യേകതകള്‍ എന്തെല്ലാം?

മറ്റു കുട്ടികളെ അപേക്ഷിച്ച് ശാരീരികവും ബുദ്ധിപരവും ആയി ഇവരില്‍ ചില വ്യത്യാസങ്ങള്‍ കാണപ്പെടും. കഴുത്തുറയ്‌ക്കാനും നടക്കുവാനും സംസാരിക്കാനും ബുദ്ധി വികാസത്തിനും കാലതാമസം ഉണ്ടാകും. ശാരീരികമായി ഉള്ള ചില പ്രത്യേകതകള്‍ കാരണം ജനിച്ച് അധികം വൈകാതെ തന്നെ ഇവരെ തിരിച്ചറിയാൻ കഴിയും.

പരന്ന മുഖം, കണ്ണില്‍ ഉള്ള വ്യത്യാസം, പുറത്തേക്ക് തള്ളി നില്‍ക്കുന്ന നാവ്, പേശി ബലക്കുറവ്, ഹൃദയസംബന്ധമായ രോഗങ്ങള്‍, കാഴ്‌ച, കേള്‍വി തകരാർ, സൈനസ് അണുബാധ, തൈറോയ്‌ഡ്‌ പ്രശ്‌നങ്ങള്‍, കുടല്‍ സംബന്ധമായ രോഗങ്ങള്‍, കഴുത്തിന്‍റെ ഭാഗത്തെ എല്ലിന്‍റെ ബലക്കുറവ് തുടങ്ങിയവ ഈ കുട്ടികളില്‍ ഉണ്ടാകാം. മുതിര്‍ന്നു കഴിയുമ്പോള്‍ രക്താര്‍ബുദം, മറവിരോഗം തുടങ്ങിയവ ഡൗണ്‍ സിന്‍ഡ്രോം ബാധിതരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഡൗൺ സിൻഡ്രോമിന് കാരണം എന്താണ്?

ഇത് ഒരു പാരമ്പര്യ രോഗം അല്ല. ജനിതകമായ ഒരു അവസ്ഥയാണ്. ജനിക്കുന്ന ഏത് കുഞ്ഞിനെയും ബാധിക്കാം. അമ്മയുടെ പ്രായ കൂടുതല്‍ ആണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണമായി കാണുന്നത്. അമ്മയുടെ പ്രായം 45 വയസിനു മുകളില്‍ ആണെങ്കില്‍ ശരാശരി 30 ല്‍ ഒരു കുട്ടി എന്ന രീതിയില്‍ ഡൗണ്‍ സിന്‍ഡ്രോം ഉണ്ടാകാം. പക്ഷേ ഏതു പ്രായത്തിലെ അമ്മയുടെ കുഞ്ഞിനെയും ഇത് ബാധിക്കാനും സാധ്യത ഉണ്ട്.

രോഗനിര്‍ണയം എങ്ങനെ?

ഗര്‍ഭകാലത്ത് തന്നെ ട്രിപ്പിള്‍ ടെസ്റ്റ്, ക്വാഡ്രിപ്പിള്‍ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് സ്‌കാനിങ് എന്നിങ്ങനെ സ്‌ക്രീനിങ് ടെസ്റ്റുകള്‍ ലഭ്യമാണ്. സ്‌ക്രീനിങ് ടെസ്റ്റില്‍ അപാകത ഉണ്ടെങ്കില്‍, ഉറപ്പിക്കാനായി അമ്‌നിയോസെന്‍റസിസ്, കോറിയോണിക് വില്ലസ് സാംപ്ലിങ്ങ് തുടങ്ങിയവ ചെയ്യാം. ജനനശേഷം ആയാലും കാരിയോ ടൈപ്പിങ്ങ് ടെസ്റ്റ് വഴി 100% രോഗനിര്‍ണയം സാധ്യമാണ്.

എങ്ങനെ ചികിത്സിക്കാം?

ജനിതകമായ തകരാര്‍ ആയതിനാല്‍ ഡൗണ്‍ സിന്‍ഡ്രോം ഒരു മരുന്നു കൊണ്ട് ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. ശിശുരോഗ വിദഗ്‌ധന്‍, കാര്‍ഡിയോളജിസ്റ്റ്, ഫിസിക്കല്‍ മെഡിസിന്‍, നേത്രരോഗ വിഭാഗം, സര്‍ജറി തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്. നിര്‍ദിഷ്‌ട സമയങ്ങളില്‍ വിവിധ രോഗങ്ങളുടെ സ്‌ക്രീനിങ് ഈ കുട്ടികളില്‍ ചെയ്യേണ്ടതാണ്. ഒക്ക്യൂപ്പേഷണല്‍ തെറാപ്പി, സ്‌പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി തുടങ്ങിയവ കുട്ടികളില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കും.

ഡൗണ്‍ സിന്‍ഡ്രോം ബാധിതരുടെ ശരാശരി ബുദ്ധിവികാസം 8-9 വയസിന്‍റെയാണ്. പക്ഷേ ഓരോ വ്യക്തിയെ അനുസരിച്ചും മാറ്റം ഉണ്ടാകാം. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ വളരെ സൗഹൃദ മനോഭാവം ഉള്ളവരും മറ്റുള്ളവരോട് സ്‌നേഹത്തോടെ പെരുമാറുന്നവരും ആണ്. ഇത്തരം കുട്ടികളെയും അവരുടെ കുടുംബത്തെയും പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാതെ അവര്‍ക്ക് താങ്ങായി നില്‍ക്കാന്‍ ആണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.

ഡൗണ്‍ സിന്‍ഡ്രോം സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഇതിനെ ഒരു പരിധിവരെ സഹായിക്കുന്നു. നേരത്തെ രോഗനിര്‍ണയം നടത്തി ശരിയായ ഇടപെടല്‍ നടത്തിയാല്‍ സ്വന്തം കാര്യം നോക്കാനും വരുമാനം ഉണ്ടാക്കാനും ഉതകുന്ന രീതിയില്‍ ഒരു പരിധിവരെ അവരെ പ്രാപ്‌തരാക്കുവാന്‍ കഴിയും.

ഡോ അര്‍ച്ചന ദിനരാജ്

ആരോഗ്യ വിദഗ്‌ധ

ABOUT THE AUTHOR

...view details