കേരളം

kerala

ETV Bharat / opinion

ലോക ദത്തെടുക്കൽ ദിനം: ഇവർക്ക് വേണം സ്നേഹ വീടുകൾ - Central Adoption Resource Authority

രാജ്യത്തെ ദത്തെടുക്കലുകളെ നിയന്ത്രിക്കുന്നത് കേന്ദ്ര ദത്തെടുക്കൽ റിസോഴ്‌സ്‌ അതോറിറ്റി (Central Adoption Resource Authority; CARA) ആണ്. ദത്തെടുക്കലിനായി രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യ കടമ്പ.

World Adoption Day  central adoption resource authority  usa  family  love  parents  ഹാങ് ഫോർട്ട്നറും സംഘവും  2014  adopt together
adoption

By ETV Bharat Kerala Team

Published : Nov 9, 2023, 1:37 PM IST

ഹൈദരാബാദ്:രക്ഷിതാക്കൾ ഇല്ലാത്തതോ അവർ ഉപേക്ഷിച്ചവരോ ആയ കുഞ്ഞുങ്ങൾക്കായാണ് അനാഥാലയങ്ങൾ. രക്ഷിതാക്കളുടെ സ്നേഹവും സംരക്ഷണവും ലഭിക്കാത്ത ആയിരക്കണക്കിന് കുരുന്നുകളുടെ ജീവിതത്തിൽ ഇത്തരം സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പക്ഷേ സുസ്ഥിരമായ ഒരു കുടുംബാന്തരീക്ഷമില്ലാത്ത അവസ്ഥ കുട്ടികളുടെ ജീവിതത്തിൽ ദൂരവ്യാപക പ്രത്യാ​ഘാതങ്ങൾ സൃഷ്ടിക്കും.

ഒരു കുടുംബത്തിന്റെ സ്നേഹത്തിനും സംരക്ഷണത്തിനുമായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുരുന്നുകളാണ് അനാഥാലയങ്ങളിലുള്ളത്. ഇത്തരം പരിചരണം അവരുടെ ശാരീരിക -മാനസിക വികസനത്തിന് അത്യാന്താപേക്ഷിതമാണ്. ദത്തെടുക്കപ്പെടാനും കുടുംബത്തിന്റെ സ്നേഹവും ഊഷ്മളതയും അനുഭവിക്കാനും അതിലൂടെ ലഭിക്കുന്ന മറ്റ് അവസരങ്ങളും ഈ കുഞ്ഞുങ്ങൾ കാത്തിരിക്കുന്നു.

ഈ ആ​ഗോള ആവശ്യകത തിരിച്ചറിഞ്ഞാണ് 2014ൽ ഹാങ് ഫോർട്ട്നറും സംഘവും ലോക ദത്തെടുക്കൽ ദിനം ആചരിക്കാൻ തീരുമാനിച്ചത്. അഡോപ്റ്റ് ടു​ഗെദർ എന്ന എൻജിഒയിലൂടെ സ്നേഹം കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്കും ഇവരെ ദത്തെടുക്കാൻ കാത്തിരിക്കുന്ന കുടുംബങ്ങൾക്കുമിടയിൽ ഇവർ ഒരു പാലമായി പ്രവർത്തിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ദത്തെടുക്കപ്പെടുന്ന രാജ്യം അമേരിക്കയാണ്. രാജ്യത്തിനകത്ത് തന്നെ 75 ശതമാനം കുഞ്ഞുങ്ങളെയാണ് ദത്തെടുക്കുന്നത്. രാജ്യാന്തര തലത്തിലുള്ള ദത്തെടുക്കലുകൾ ​ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ആഭ്യന്തര ദത്തെടുക്കലിൽ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. സ്വകാര്യ ദത്തെടുക്കലുകളും അനാഥാലയങ്ങളിൽ നിന്നുള്ളവയും എന്ന് ദത്തെടുക്കലുകളെ വിഭജിക്കാം.

ദത്തെടുക്കൽ പ്രക്രിയ:രാജ്യത്തെ ദത്തെടുക്കലുകളെ നിയന്ത്രിക്കുന്നത് കേന്ദ്ര ദത്തെടുക്കൽ റിസോഴ്‌സ് അതോറിറ്റി (Central Adoption Resource Authority; CARA) ആണ്. ദത്തെടുക്കലിനായി ചില നിർണായക നടപടികളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ഇതിൽ ആദ്യത്തേത് ദത്തെടുക്കലിനായി രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇതിനായി അം​ഗീകൃത ഏജൻസികളിൽ രജിസ്റ്റർ ചെയ്യണം.

കുടുംബത്തെക്കുറിച്ചുള്ള പഠനം, കൗൺസിലിം​ഗ്;രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായാൽ ഏജൻസിയിൽ നിന്ന് സാമൂഹ്യപ്രവർത്തകർ ​ഗൃഹസന്ദർശനം നടത്തും. കുഞ്ഞിന് മികച്ച സംരക്ഷണം ഒരുക്കാൻ രക്ഷിതാക്കൾക്ക് സാധിക്കുമോ എന്ന് പരിശോധിക്കാനാണ് ഈ സന്ദർശനം. ഈ സന്ദർശനത്തോടൊപ്പം രക്ഷിതാക്കൾക്ക് വേണ്ട കൗൺസിലിങും നൽകും. രക്ഷിതാക്കളുടെ ശക്തി ദൗർബല്യങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇത്. ഇത് പൂർത്തിയായാൽ കുഞ്ഞുങ്ങളെ രക്ഷിതാക്കൾക്ക് നൽകാവുന്നതാണ്. കുട്ടികൾ ഉണ്ടെങ്കിൽ അക്കാര്യം രക്ഷിതാക്കളെ അറിയിക്കും.

കുഞ്ഞിനെ സ്വീകരിക്കൽ: കുഞ്ഞിനെ ഇഷ്ടപ്പെട്ടാൽ രക്ഷിതാക്കൾക്ക് സമ്മതപത്രമടക്കമുള്ള രേഖകളിൽ ഒപ്പിടാം. എല്ലാ സുപ്രധാന രേഖകളും അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിക്കേണ്ടതുമുണ്ട്. ഇവയെല്ലാം കോടതിയിൽ സമർപ്പിച്ചാൽ കോടതി ഉദ്യോ​ഗസ്ഥന്റെ സമക്ഷവും രക്ഷിതാക്കൾ രേഖകളിൽ ഒപ്പിടേണ്ടതുണ്ട്.

ദത്തെടുക്കലിന് മുൻപുള്ള പരിചരണം; കുഞ്ഞിന്റെ ശീലങ്ങൾ ആവശ്യകത എന്നിവ മനസിലാക്കാനുള്ള അവസരമാണിത്. കുഞ്ഞിനെ നേരത്തെ പരിചരിച്ചവരിൽ നിന്നുമുള്ള അഭിപ്രായങ്ങളും ഈ ഘട്ടത്തിൽ സ്വീകരിക്കാനാകും. കോടതിയിൽ വച്ച് രേഖകൾ ഒപ്പിട്ട ശേഷമാണ് ഈ കാര്യങ്ങൾ നടക്കുക.

കോടതി ഉത്തരവ്: കാര്യങ്ങൾ പരിശോധിച്ച ശേഷം ജഡ്ജി ദത്തെടുക്കലിന് ഉത്തരവ് നല്കുന്നു.

ഫോളോ അപ്: ദത്തെടുക്കലിന് ശേഷമുള്ള കുഞ്ഞിന്റെ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ദത്തെടുക്കലിന് ശേഷം രണ്ട് വർഷം വരെ ഇത് തുടരേണ്ടതുമുണ്ട്. രക്ഷിതാക്കളുടെ ശാരീരിക, മാനസിക, വൈകാരിക, സാമ്പത്തിക സ്ഥിതി അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് കുഞ്ഞുങ്ങളെ ദത്ത് നൽകുന്നത്. ദത്തെടുക്കുന്ന രക്ഷിതാക്കളുടെ പ്രായം സംബന്ധിച്ചും ചില മാർ​ഗനിർദ്ദേശങ്ങളുണ്ട്. ദത്തെടുക്കുന്ന കുഞ്ഞുങ്ങളുടെ പ്രായം, ലിം​ഗം എന്നിവ രക്ഷിതാക്കളുടെ പ്രായത്തിന് അനുസരിച്ചാണ് തീരുമാനിക്കുക. ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് സ്നേഹവും സുസ്ഥിരവുമായ കുടുംബാന്തരീക്ഷം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താനാണ് ഇത്തരം നിബന്ധനകൾ.

ഇന്ത്യയിൽ ദത്തെടുക്കൽ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. രാജ്യത്തെ കുഞ്ഞുങ്ങളെ രാജ്യത്തിനുള്ളിലും രാജ്യാന്തര തലത്തിലും ദത്തെടുക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി(CARA)യുടെ മേൽനോട്ടത്തിലാണ്. 2021-22ൽ രാജ്യത്ത് 2991 കുട്ടികളെ ദത്ത് നൽകിയതായി CARAയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തേതിൽ നിന്ന് ​ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്.

മുൻ വർഷം 3142 കുഞ്ഞുങ്ങളെ ദത്ത് നൽകി. 2019-20 മുതലാണ് ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയാൻ തുടങ്ങിയത്. ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ദത്തെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മുൻ വർഷം 417 കുട്ടികളെ മറ്റ് രാജ്യങ്ങളിലേക്ക് ദത്തെടുത്തപ്പോൾ 2021-22ൽ ഇത് 414 ആയി കുറഞ്ഞു.

രാജ്യത്ത് ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയാൻ നിരവധി സാമൂഹ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ജാതി, വർ​ഗം,ലിം​ഗം തുടങ്ങിയവ ദത്തെടുക്കലിൽ പരി​ഗണിക്കുന്നുണ്ട്. രാജ്യത്ത് ആകമാനം 296 ലക്ഷം ഉപേക്ഷിക്കപ്പെട്ട, ഒറ്റപ്പെട്ട് പോയ, അനാഥരായ കുഞ്ഞുങ്ങളാണ് ഉള്ളത്. ഇവരിൽ വളരെ കുറച്ച് പേർ മാത്രമാണ് അനാഥാലയങ്ങളിലെത്തിയിട്ടുള്ളത്. ഇവരിൽ തന്നെ പ്രതിവർഷം മൂവായിരത്തിനും നാലായിരത്തിനുമിടയിലുള്ള എണ്ണം കുഞ്ഞുങ്ങൾ മാത്രമാണ് ദത്തെടുക്കപ്പെടുന്നത്. 2022 ജൂലൈയിലെ കണക്കുകൾ പ്രകാരം 16000 രക്ഷിതാക്കൾ കുഞ്ഞുങ്ങളെ ദത്തെടുക്കാനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. എന്നാൽ നിയമപരമായി ദത്തെടുക്കാനാകുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read more; സമരം കുഞ്ഞിന് വേണ്ടി മാത്രം; നാളുകള്‍ക്കിപ്പുറം അനുപമ ഇടിവി ഭാരതിനോട്

ABOUT THE AUTHOR

...view details