ന്യൂഡല്‍ഹി:ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിങ് കോര്‍പറേഷന്‍റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ തെരച്ചിലിന്‍റെ കോലാഹലങ്ങള്‍ ഒതുങ്ങുന്നില്ല. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ഡോക്യുമെന്‍ററിയായ 'ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍' പുറത്തിറങ്ങിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ് എന്നതുകൊണ്ടുതന്നെ ഇതിനെ ചൊല്ലി രാഷ്‌ട്രീയ വാക്‌പോരുകളും തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ആദായ നികുതി മുമ്പ് നടത്തിയ റെയ്‌ഡുകളില്‍ നിന്നെല്ലാം വ്യത്യസ്‌തമായി ഇതിന് ആഗോള ശ്രദ്ധയുമേറി.
ഈ പ്രതിരോധം മതിയാകുമോ:എന്നാല്‍ വിഷയത്തില്‍ രാഷ്‌ട്രീയ വിവാദങ്ങള്‍ ഉടലെടുത്തതോടെ ബിബിസി ഓഫിസുകളില്‍ നടന്നത് റെയ്‌ഡ് അല്ലെന്നും സര്‍വെ ആണെന്നുമാണ് ആദായ നികുതി വകുപ്പിന്‍റെ വാദം. കനക്കുന്ന വിവാദങ്ങള്‍ക്കിടയില്‍ വിശദീകരണം നല്‍കി കടന്നുപോകാനുള്ള ആദായ നികുതി വകുപ്പിന്‍റെ ശ്രമത്തിന് അപ്പോഴും പൂര്‍ണമായി വ്യക്തത ലഭിക്കുന്നില്ല. കാരണം റെയ്‌ഡുകളും സര്‍വേകളും തമ്മിലുള്ള വ്യത്യാസം കൂടി തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.
എന്താണ് റെയ്‌ഡ്:വരുമാനത്തിനതീതമായ ആസ്‌തികളും കണക്കിൽപെടാത്ത വരുമാനവും പരിശോധിക്കുകയാണ് റെയ്‌ഡുകളുടെയും സര്‍വേകളുടെയും പ്രധാന ലക്ഷ്യം. ഇതില്‍ ആദായ നികുതി നിയമത്തിലെ 132 വകുപ്പാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ തെരച്ചിലിന് (റെയ്‌ഡ്) അനുവദിക്കുന്നത്. ഇതിന്‍റെ ഭാഗമായി അധികൃതര്‍ക്ക് ബിസിനസ്, വാണിജ്യ, പാർപ്പിട സമുച്ചയങ്ങളിൽ എവിടെയും തെരച്ചിൽ നടത്താം. ഇതില്‍ തന്നെ അക്കൗണ്ടുകളും ഡോക്യുമെന്‍റുകളും പരിശോധനയ്ക്കും വിധേയമാക്കാം. തെരച്ചിലിന് ആവശ്യമെങ്കിൽ അധികൃതര്‍ക്ക് വാതിലുകളും ലോക്കറുകളും തകർക്കാനുമാകും. മാത്രമല്ല പരിശോധനയുടെ ഭാഗമായി രേഖകളും വസ്‌തുക്കളും പിടിച്ചെടുക്കാനും അധികൃതർക്ക് അധികാരമുണ്ട്.
എന്താണ് സര്‍വേ:വരുമാനത്തിലോ ആസ്‌തിയിലോ ഉള്ള വിവരശേഖരത്തിനായി തന്നെയാണ് സാധാരണമായി സര്‍വേകളും നടത്താറുള്ളത്. 1961 ലെ ആദായ നികുതി നിയമത്തിലെ വകുപ്പുകളായ 133 എയും, 133 ബിയുമാണ് സര്‍വേ അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് വ്യാപാര കേന്ദ്രങ്ങളിൽ മാത്രമെ ആദായ നികുതി അധികൃതര്‍ക്ക് പരിശോധനയ്‌ക്ക് അനുമതിയുള്ളു. മാത്രമല്ല ഇതിനോട് ചേര്‍ന്നുള്ള ഇവരുടെ പാർപ്പിട സമുച്ചയങ്ങളിൽ സര്‍വേ നടത്താനുമാകില്ല. എന്നാല്‍ വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് പണം, അക്കൗണ്ടുകള്‍, മറ്റ് രേഖകള്‍ എന്നിവ സംഘത്തിന് പരിശോധിക്കാനും അവയിലെ ക്രമക്കേട് രേഖപ്പെടുത്തുവാനും കഴിയുമെങ്കിലും അവ പിടിച്ചെടുക്കാനാവില്ല.
റെയ്‌ഡിന് സാധ്യവും സര്‍വേയ്‌ക്ക് അസാധ്യവുമായവ:പ്രധാനമായും ഓപറേഷനുകളുടെ ഭാഗമായാണ് സര്‍വേകള്‍ നടത്താറുള്ളത്. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളിലും പരിസര പ്രദേശത്തും ഏത് സമയത്തും റെയ്‌ഡ് നടത്താനാകും. റെയ്‌ഡിനിടെ ബന്ധപ്പെട്ട ആളുകള്‍ സഹകരിക്കുന്നില്ലെങ്കില്‍ അധികൃതര്‍ക്ക് വാതിലുകളും ജനാലകളും തകര്‍ക്കാനാകും, എന്നാല്‍ സര്‍വേയില്‍ ഇത് സാധ്യമല്ല. എല്ലാത്തിലുമുപരി തെരച്ചിലിന്‍റെ ഭാഗമായി സ്വത്തുക്കള്‍ കണ്ടുകെട്ടാമെങ്കില്‍ സര്‍വേയില്‍ ഇതൊന്നും തന്നെ അനുവദിക്കുന്നില്ല.