വളര്‍ച്ച എഞ്ചിനുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ടെക് കമ്പനികള്‍ ഈയടുത്ത കാലഘട്ടത്തിലൊന്നും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ബിഗ്‌ടെക് കമ്പനികളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്ന മൈക്രോസേഫ്‌റ്റിന് പോലും ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി. ലോകത്തിലാകെ 1,20,000 പേര്‍ കഴിഞ്ഞ മാസങ്ങളിലായി ടെക് കമ്പനികളില്‍ നിന്ന് പിരിച്ചുവിട പെട്ടുവെന്നാണ് പിരിച്ചുവിടല്‍ ട്രാക്ക് ചെയ്യുന്ന Layoffs.fy എന്ന വെബ്‌സൈറ്റ് കണക്കാക്കുന്നത്.
ട്വിറ്റര്‍ പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഫേസ്‌ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ 11,000 ജീവനക്കാരെയും ആമസോണ്‍ പതിനായിരം പേരെയും പിരിച്ചുവിട്ടു. ഇന്ത്യയില്‍ എഡ്യു ടെക് കമ്പനികളായ ബൈജൂസും, അണ്‍അക്കാദമിയും വരെ ആളുകളെ പിരിച്ചുവിടുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് ഓഹരിവിപണികളെയടക്കം മുന്നോട്ട് നയിച്ച ടെക് കമ്പനികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നാണ് പലരും ചോദിക്കുന്നത്.
കണക്കുകൂട്ടലുകള്‍ തെറ്റി:കൊവിഡ് കാലം ടെക് കമ്പനികളെ സംബന്ധിച്ചിടത്തോളം നല്ല കാലമായിരുന്നു. ലോക്‌ഡൗണ്‍ സമയത്ത് ആളുകള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ഓണ്‍ലൈന്‍ വഴി കൂടുതല്‍ പര്‍ച്ചേസുകള്‍ നടത്തി. ഓണ്‍ലൈന്‍ പഠനം വ്യാപകമായി. ഇതിന്‍റെ ഫലമായി ടെക് കമ്പനികളുടെ വരുമാനവും വലിയ രീതിയില്‍ വര്‍ധിച്ചു.
ഈ ബിസിനസ് വളര്‍ച്ച സ്ഥായിയാരിക്കും എന്ന ധാരണയില്‍ മെറ്റയും ആമസോണും അടക്കമുള്ള പല ടെക് കമ്പനികളും കൂടുതല്‍ നിക്ഷേപവും കൂടുതല്‍ ആളുകളെ ജോലിക്കെടുക്കുകയും ചെയ്‌തു. എന്നാല്‍ കൊവിഡാനന്തര സാഹചര്യം ടെക് കമ്പനികളെ സംബന്ധിച്ച് സൗഹൃദപരമായിരുന്നില്ല. ആളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചെലവഴിക്കുന്നതും ഓണ്‍ലൈന്‍ പര്‍ച്ചേസുമൊക്കെ കുറച്ചത് ടെക്‌കമ്പനികള്‍ക്ക് തിരിച്ചടിയായി.
കണക്ക് കൂട്ടലുകള്‍ തെറ്റിയെന്നും ജീവനക്കാരെ പിരിച്ചുവിടപ്പെട്ടതിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു എന്നും മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പറയേണ്ടി വന്നു. കൊവിഡ് കാലത്തെ വളര്‍ച്ചയില്‍ ആകൃഷ്‌ടരായി കൂടുതല്‍ ആളുകളെ ജോലിക്കെടുത്തതും നിക്ഷേപം നടത്തിയതിലും കണക്ക് കൂട്ടലുകള്‍ തെറ്റി എന്ന് ആമസോണും വ്യക്തമാക്കി.