കഴിഞ്ഞ കുറേ നാളുകളായിഇസ്രയേലിലും പലസ്തീനിലും സിറിയയിലും ലെബനോണിലും ഇറാനിലും ഇറാഖിലുമൊക്കെ നടക്കുന്ന ആക്രമണ പരമ്പരകള്‍ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ഭയം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ശക്തമാവുകയാണ്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നു കയറി 1200 പേരെ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ തുടക്കം.
240 ഇസ്രയേലികളെ ഹമാസ് തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇതില്‍ നൂറോളം പേര്‍ ഇപ്പോഴും ഗാസയില്‍ തടവിലാണ്. ഇസ്രയേലിന്‍റെ പ്രത്യാക്രമണം അതിരൂക്ഷമായിരുന്നു. 22000 പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇറാന്‍റെ കുദ്സ് സേനാ കമാണ്ടര്‍ ജനറല്‍ റാസി മൗസവി ക്രിസ്തുമസ് ദിനത്തില്‍ സിറിയന്‍ തലസ്ഥാനം ദമാസ്കസിനു സമീപം ഒരു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ജനുവരി രണ്ടിന് ബെയ്റൂട്ടില്‍ ഒരു ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസിന്‍റെ ഉപ മേധാവി അല്‍ അറൗറി അടക്കം 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2019ല്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുദ്സ് സേനാ കമാണ്ടര്‍ ഖാസിം സുലൈമാനിയുടെ ഖബറിനരികെ ഇറാനിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ജനുവരി മൂന്നിന് കൊല്ലപ്പെട്ടത് നൂറോളം പേരാണ്. തൊട്ടടുത്ത ദിവസം അമേരിക്ക ബാഗ്ദാദില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ പിന്തുണയ്ക്കുന്ന ഭീകര നേതാവ് മുഷ്താഖ് താലേബ് അല്‍ സെയ്ദി കൊല്ലപ്പെട്ടതും സംഘര്‍ഷത്തിന് മൂര്‍ച്ച കൂട്ടി.
നേരത്തെ പുതു വര്‍ഷത്തലേന്ന് ഒരു ചരക്ക് കപ്പലില്‍ നിന്നുള്ള അപായ കോളിനെത്തുടര്‍ന്ന് അമേരിക്കന്‍ നാവിക സേന നടത്തിയ ഒരു മിന്നല്‍ നീക്കത്തില്‍ ഹൂതി വിമതരുടെ 3 ബോട്ടുകള്‍ മുക്കിയിരുന്നു. ജനുവരി നാലു വരെ വാണിജ്യ ചരക്കു കപ്പലുകള്‍ക്ക് നേരെ ചെങ്കടലിലും മറ്റും 25 തവണയാണ് ഹൂതി ഭീകരരുടെ ആക്രമണമുണ്ടായത്. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ 12 രാജ്യങ്ങള്‍ ഹൂതി ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആഗോള വാണിജ്യ ഇടപാടുകളില്‍ തന്ത്രപ്രധാന സ്ഥാനമുള്ള ചെങ്കടല്‍ മേഖലയില്‍ ചരക്കു കപ്പലുകള്‍ക്കു നേരെ നിരന്തരം ആക്രമണം നടക്കുന്നത് അമേരിക്കയ്ക്കും ബ്രിട്ടനും സഹിക്കാവുന്നതായിരുന്നില്ല. ഇസ്രയേലി പാര്‍ലമെന്‍റിന്‍റെ പ്രതിരോധ സമിതിക്കു മുമ്പാകെ സംസാരിച്ച ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലാന്‍റ് പറഞ്ഞത് പല ദിശകളില്‍ നിന്നായി ഭീകരര്‍ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്നാണ്. ഗാസയിലും ലെബനോണിലും,സിറിയയിലും, വെസ്റ്റ്ബാങ്കിലെ സമറിയയിലും ജുഡിയയിലും ഇറാഖിലും യെമനിലും ഇറാനിലും നിന്ന് ഭീകരര്‍ രാജ്യത്തിനു നേരെ നീങ്ങുന്നുവെനാനയിരുന്നു അദ്ദേഹം ആരോപിച്ചത്.
വടക്കു നിന്ന ലെബനീസ് ഹിസ്ബൊള്ളയും തെക്ക് നിന്ന് ഹമാസും യെമനില്‍ നിന്ന ഹൂതികളും ഇറാഖില്‍ നിന്ന് ഹഷദ് അല്‍ ഷാബി കളും, ഇറാനിയന്‍ സാമ്പത്തിക സഹായം പറ്റുന്ന സിറിയന്‍ ഗ്രൂപ്പുകളും ഇസ്രയേലിന്‍റെ അതിര്‍ത്തികളിലേക്ക് പട നയിക്കുന്നുവെന്ന് ആ രാജ്യം ആരോപിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നിലി ( Nili) (The eternity of Israel will not Lie) എന്നപേരില്‍ ഒരു പുതിയ സേനാ വിഭാഗത്തിനു തനെന ഇസ്രയേല്‍ രൂപം നല്‍കിയത്.
ഒക്ടോബര്‍ ഏഴിന് നടന്ന കൂട്ടക്കുരുതിക്ക് പിന്നില്‍ പ്രവൃത്തിച്ച ഓരോരുത്തരോടും എണ്ണിയെണ്ണി കണക്കു തീര്‍ക്കലാണ് ഈ സേനയുടെ കടമ. റാസി മൗസവി, ഹമാസിന്‍റെ ഉപ മേധാവി അല്‍ അറൗറി എന്നിവരെ വകവരുത്തിക്കൊണ്ട് ഹമാസിന്‍റെ തലവന്‍മാര്‍ക്ക് കൃത്യമായ സന്ദ്ശമാണ് ഇസ്രയേല്‍ നല്‍കിയത്.
റെസ മൗസവിയുടെയും ഹമാസ് പ്രധാനികളില്‍ രണ്ടാമനായ സാലിഹ് അൽ-അരൂരിയുടെയും വധത്തിലൂടെ ഇസ്രയേല്‍ ഹമാസിന് നല്‍കുന്നത് വ്യകത്മായ സന്ദേശം തന്നെയാണ്. ഹിസ്‌ബുള്ളയുടെ ഷിയ പുരോഹിതന്‍ നസ്‌റല്ല പറയുന്നതും ഇത് തന്നെയാണ് ഇസ്രയേല്‍ ആരെയും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. 1701 (2006) എന്ന യുഎന്‍ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ലെബനന്‍ ഏറ്റുമുട്ടില്‍ അവസാനിച്ചത്. പുതിയ പോര്‍മുഖം തുറക്കാന്‍ ഇസ്രയേലിന് മടിയൊന്നുമില്ലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍ .ഇറാനെ ആക്രമിക്കുന്നതിലൂടെ പോര്‍മുഖം തുറക്കപ്പെടാം. അതിനുള്ള മുന്നറിയിപ്പാകാം അൽ-അഖ്‌സ പ്രളയമെന്ന് പേരിട്ട് വിളിച്ച ഹമാസിന്‍റെ ഇസ്രയേല്‍ കടന്നാക്രമണത്തില്‍ പങ്കെടുത്തവരെയും ആസൂത്രണം ചെയ്‌തവരെയും തെരഞ്ഞ് പിടിച്ച് ഇല്ലാതാകുന്ന നയമെന്നും സംശയിക്കാം.
ടെഹ്‌റാൻ അതിന്റെ തന്ത്രപരമായ താൽപ്പര്യങ്ങൾക്കനുസരിച്ച് പശ്ചിമേഷ്യ പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതേ സമയം ഇസ്രയേല്‍ അമേരിക്ക കൂട്ടുകെട്ട് പൊളിക്കാന്‍ അറബ് രാജ്യങ്ങല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്, ഇറാഖിലും സിറിയയിലും നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കന്‍ സേനയെ പിന്‍വലിക്കണമെന്നതാണ് അറബ് സമ്മര്‍ദ്ദത്തിന്‍റെ കാതല്‍. കൂടാതെ അറേബ്യ ഗള്‍ഫ് എന്നീ മേഖലകളിലെ തന്ത്ര പ്രധാന ജലാശയങ്ങളെയും സമുദ്ര പാതകളെയും വരുതിയിലാക്കാനുള്ള ഇറാന്‍ നീക്കവും എടുത്തു പറയേണ്ടതാണ്, ചൈന, റഷ്യ ബന്ധത്തിലൂടെ ഇറാന്‍ തന്ത്രപ്രധാനമായ ചില കരുനീക്കങ്ങള്‍ ഈ മേഖലയില്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും തന്നെ അത്രകണ്ട് വിജയത്തിലേക്ക് എത്തുന്നില്ല. അതുകൊണ്ട് തന്നെ ഇറാന്‍ ഒരിക്കലും നേരിട്ടുള്ള ഒരു യുദ്ധത്തിന് തയ്യാറാകില്ലെന്നാണ് വിലയിരുത്തല്‍.
ഇസ്രയേലിന്‍റെ എല്ലാ താല്‍പര്യങ്ങളെയും തന്ത്രങ്ങളെയും ഏത് വിധേനയും തകര്‍ക്കുകയാണ് ഹിസ്‌ബുള്ളയുടെ പദ്ധതി, ഇസ്രയേലിന്‍റെ വടക്കന്‍ മേഖലയിലേക്ക് ആക്രമണം ശക്തമാക്കുക അതിനു പുറമെ ഇസ്രയേലിന്‍റെ നയതന്ത്ര നീക്കളെ അട്ടിമറിക്കുക ഹമാസിന് പണവും ആയുധവും നല്‍കുക ഹൂതികളെ ഇസ്രയേലിനെതിരെ സജ്ജമാക്കുക എന്നിങ്ങനെ നീളുന്നു ഹിസ്ബുല്ലയുടെ പദ്ധതികള്‍. ഇതിനൊക്കെ പുറമെയാണ് രാജ്യാന്തര കപ്പല്‍ ചാലുകളിലൂടെയുള്ള എണ്ണ വ്യാപാരത്തിന് (ചരക്ക് നീക്കം) ഭീഷണി ഉയര്‍ത്തുന്ന നടപടികള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര കപ്പല്‍ പാതയില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ലോക രാജ്യങ്ങളെ അലോസരപ്പെടുത്തുന്നതുമാണ്. ഇന്ത്യയും അമേരിക്കയുമാണ് കപ്പലുകള്‍ക്ക് സഹായവും സുരക്ഷയും ഒരുക്കുന്നിതില്‍ മുന്‍പന്തയില്‍ നിന്നതെന്നത് ശ്രദ്ധേയമാണ്. കപ്പലുകള്‍ ആക്രമിക്കാനെത്തിയ മൂന്ന് ബോട്ടുകളെ അമേരിക്കന്‍ സേന കടലില്‍ മുക്കുക കൂടി ചെയ്തപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലെന്ന് ഹിസ്ബുല്ലയ്ക്കും ഹൂതികള്‍ക്കും മനസിലായിരിക്കണം.
ഏതായാലും ഹമാസ്- ഇസ്രയേല്‍ യുദ്ധം രാജ്യത്തിന്‍റെ ആഭ്യന്തരകാര്യമെന്ന നിലയില്‍ മാത്രമല്ല ലോകം പരിഗണിക്കുന്നത്. മേഖലയിലെ സമാധാനം തന്നെയാണ് ലോക രാജ്യങ്ങളുടെ ആദ്യ പരിഗണനയില്‍ ഉള്ളത്. പശ്ചിമേഷ്യയില്‍ പുകയുന്നത് ലോകത്തെ ആകെ ആളിക്കത്തിക്കാന്‍ പാകത്തിലുള്ള തീയാണെന്ന് ആര്‍ക്കും സംശയമില്ല. തീക്കൊള്ളി കൊണ്ട് തലചൊറിയാന്‍ ഇതുവരെ ലോക രാഷ്ട്രങ്ങള്‍ തയ്യാറായിട്ടില്ല. രണ്ടും കല്‍പ്പിച്ചുള്ള പക്ഷം പിടിക്കലും ആയുധ വ്യാപാരവുമൊക്കെ ആരെങ്കിലും ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകാം. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ എന്ന് ആശിക്കാം.