കേരളം

kerala

അവര്‍ 'വെറും' കുട്ടികളല്ല, പൗരന്മാരാണ് ; അവര്‍ക്കുമുണ്ട് അവകാശങ്ങള്‍

By ETV Bharat Kerala Team

Published : Nov 20, 2023, 3:27 PM IST

Universal Children's Day 2023 : നിയമങ്ങള്‍ ഉണ്ടായിട്ടും പലപ്പോഴും കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സാര്‍വ ദേശീയ ശിശുദിനം പോലൊരു ആചരണത്തിന്‍റെ പ്രാധാന്യമേറുന്നതും.

Children Day 2023  Universal Children s Day 2023  Universal Children s Day significance  ഇന്ന് സാര്‍വ ദേശീയ ശിശു ദിനം  സാര്‍വ ദേശീയ ശിശു ദിനം  കുട്ടികളുടെ അവകാശങ്ങള്‍  Child Abuse Offenses
Universal Children s Day 2023

ഹൈദരാബാദ് : നവംബര്‍ 14 ഇന്ത്യയില്‍ ശിശുദിനം ആയി ആചരിക്കുന്നു. എന്നാല്‍ ആഗോള തലത്തിലും ശിശുദിനം ആചരിച്ച് വരുന്നുണ്ട്. നവംബര്‍ 20 ആണ് സാര്‍വത്രിക ശിശുദിനം (Universal Childrens Day 2023). ഈ ദിനം ആചരിക്കുന്നതാകട്ടെ, യുഎന്‍ ജനറല്‍ അസംബ്ലിയുടെ 1959ലെ പ്രഖ്യാപനത്തെ തുടര്‍ന്നുമാണ്.

കുട്ടികളുടെ അവകാശങ്ങള്‍ പാലിക്കപ്പെടാന്‍ അന്താരാഷ്‌ട്ര തലത്തില്‍ ഒരു കൂട്ടായ്‌മ വേണമെന്നതിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് 1959ല്‍ യുഎന്‍ ജനറല്‍ അസംബ്ലി ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. മറ്റെല്ലാ ദിനാചരണങ്ങളെയും പോലെ തന്നെ സാര്‍വദേശീയ ശിശുദിനത്തിനും പ്രത്യേക തീമുകള്‍ വര്‍ഷാവര്‍ഷം പ്രഖ്യാപിക്കാറുണ്ട്. എല്ലാ കുട്ടികള്‍ക്കും സകല അവകാശവും എന്നതാണ് ഇത്തവണത്തെ തീം.

1954ലാണ് ആദ്യമായി ഈ ദിനം ആചരിക്കുന്നത്. അതേസമയം 1959 നവംബര്‍ 20നാണ് കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള ബില്‍ ഐക്യരാഷ്‌ട്ര സഭ പാസാക്കുന്നത്. ഈ ബില്‍ പാസായതിന് ശേഷമാണ് സാര്‍വ ദേശീയ ശിശുദിനത്തിന്‍റെ പ്രാധാന്യം വര്‍ധിച്ചത്. സാര്‍വ ദേശീയ ശിശുദിനത്തോടൊപ്പം, കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനവും കരാറും ഐക്യരാഷ്‌ട്ര സഭ പാസാക്കിയതിന്‍റെ വാര്‍ഷികം കൂടിയാണിത്.

എന്തിന് ഇങ്ങനെയൊരു ദിനം(Universal Childrens Day - significance and objectives) :കുട്ടികളുടെ അവകാശങ്ങളെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് സാര്‍വ ദേശീയ ശിശുദിനത്തിന്‍റെ സുപ്രധാന ലക്ഷ്യം. സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ള ആളുകളെ, കുട്ടികളുടെ അവകാശങ്ങള്‍ക്കായി ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നതിനുള്ള ഇടനിലയായും ഈ ദിനം പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരാണ് മുതിര്‍ന്നവര്‍. അതിനാല്‍ കുട്ടികളുടെ നല്ല ഭാവിക്കായി പലതും ചെയ്യാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയും. ഇതിനുള്ള ഒരു അവസരമായി കൂടി പ്രവര്‍ത്തിക്കുകയാണ് നവംബര്‍ 20.

ഇന്ത്യന്‍ ഭരണഘടന കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ : പൗരന്മാര്‍ക്കുള്ള അവകാശങ്ങള്‍ വ്യക്തമായി വിവരിക്കുന്ന ഒരു ഭരണഘടനാസംവിധാനം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. കുട്ടികള്‍ക്കും നമ്മുടെ രാജ്യത്ത് നിരവധി അവകാശങ്ങള്‍ ഉണ്ട്. അവ ഇപ്രകാരമാണ്.

  • തുല്യതയ്‌ക്കുള്ള അവകാശം :എല്ലാ പൗരന്മാര്‍ക്കും, കുട്ടികള്‍ ഉള്‍പ്പടെ, തുല്യ പരിരക്ഷ ലഭിക്കാനുള്ള അവകാശം നമ്മുടെ രാജ്യത്തുണ്ട്.
  • വിവേചനത്തിന് എതിരായ അവകാശം: വംശം, ജാതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഇന്ത്യയില്‍ അനുവദനീയമല്ല.
  • ജീവിക്കാനും ആരോഗ്യത്തിനും ഉള്ള അവകാശം :വ്യക്തി സ്വാതന്ത്ര്യവും ആരോഗ്യകരമായ ജീവിതവും നേടാനുള്ള അവകാശത്തെയാണ് ഇത് കാണിക്കുന്നത്.
  • വിദ്യാഭ്യാസത്തിനുള്ള അവകാശം:സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്.
  • ചൂഷണത്തില്‍ നിന്ന് സംരക്ഷണം നേടാനുള്ള അവകാശം : മനുഷ്യ കടത്ത്, നിര്‍ബന്ധിത തൊഴില്‍, അപകടകരമായ ജോലികള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നേടാനുള്ള അവകാശം.
  • ദുരുപയോഗത്തില്‍ നിന്നും സാമൂഹിക അനീതിയില്‍ നിന്നും സംരക്ഷണം : സമൂഹത്തില്‍ സുരക്ഷിതരല്ലാത്തവര്‍ക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നു.
  • സ്വത്വത്തിനുള്ള അവകാശം :ഒരു വ്യക്തിയുടെ സ്വത്വവുമായി ബന്ധപ്പെട്ട അവകാശങ്ങളെ പ്രതിനിധീകരിക്കുന്നു.

കുട്ടികള്‍ക്കെതിരായ പ്രധാന കുറ്റങ്ങള്‍(Child Abuse Offenses) : നിയപരമായ പരിരക്ഷ ഉണ്ടെങ്കിലും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുട്ടികള്‍ക്കെതിരായ ക്രൂരതകള്‍ അരങ്ങേറുന്നുണ്ട്. പ്രധാനപ്പെട്ടവ പരിശോധിച്ചാല്‍

  • ശൈശവ വിവാഹം(Child marriage): മൗലിക അവകാശങ്ങളുടെ കൊടിയ ലംഘനമാണ് ശൈശവ വിവാഹം. വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതിനൊപ്പം ശാരീരികവും മാനസികവുമായ ആഘാതത്തിലേക്ക് കുട്ടികളെ ഇത് കൊണ്ടെത്തിക്കും.
  • ബാലവേല(Child labor):ദാരിദ്ര്യം, സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവ കാരണം ഉണ്ടാകുന്നതാണ് ബാലവേല. പക്ഷേ അത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ലംഘിക്കുന്നു. ഇത് യഥാര്‍ഥത്തില്‍ ചൂഷണം ആണ്.
  • നിര്‍ബന്ധിത ഭിക്ഷാടനം(forced begging): നമ്മുടെ രാജ്യത്ത് നിയമ വിരുദ്ധമായി കണക്കാക്കുന്നതും എന്നാല്‍ പലയിടങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ വിപത്താണ് നിര്‍ബന്ധിത ഭിക്ഷാടനം. അത് കുട്ടികളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കുന്നു.

സാര്‍വ ദേശീയ ശിശുദിനം കുട്ടികളുടെ സംരക്ഷണത്തിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ഉള്ള നിരന്തരമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. വ്യവസ്ഥകള്‍ പലതുണ്ടായിട്ടും ഇന്നും ഈ മേഖലയില്‍ വെല്ലുവിളികള്‍ ഏറെയാണ്. അതിനാല്‍ തന്നെ ഓരോ കുട്ടിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടായ ഉത്തരവാദിത്തം ഉണ്ടാകേണ്ടത് അനിവാര്യമാണ്.

Also Read:കുട്ടികളാണ്, അവര്‍ക്കുമുണ്ട് അവകാശങ്ങള്‍; ഇന്ന് ലോക ബാലപീഡന വിരുദ്ധ ദിനം

നമുക്ക് എന്ത് ചെയ്യാനാകും:'1098 ല്‍ വിളിക്കാം'- പരിചരണവും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു ടോള്‍ ഫ്രീ എമര്‍ജന്‍സി ചൈല്‍ഡ്‌ലൈന്‍ സേവനം രാജ്യത്തുടനീളം ലഭ്യമാണ്. നിങ്ങള്‍ കണ്ടുമുട്ടുന്ന കുട്ടികള്‍ക്ക് ഈ സേവനം പരിചയപ്പെടുത്തുക. അവശ്യഘട്ടങ്ങളില്‍ അവര്‍ക്ക് തന്നെ ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര വനിത ശിശു വികസന മന്ത്രാലയമാണ് സേവനം ലഭ്യമാക്കുന്നത്.

ABOUT THE AUTHOR

...view details