ലണ്ടന്‍ : ഭരണകക്ഷിയിലെ മറ്റൊരു മന്ത്രി കൂടി രാജിവച്ചതോടെ സമ്മര്‍ദത്തിലായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രതിപക്ഷ സമ്മര്‍ദവും പാര്‍ട്ടിക്കകത്തെ മുറുമുറുപ്പും മറികടന്ന് മന്ത്രിസഭയിലെത്തിച്ച സർ ഗാവിൻ വില്യംസണിന്‍റെ ചൊവ്വാഴ്‌ച രാത്രിയുണ്ടായ രാജിയാണ് ഋഷി സുനകിന് ഏറെ തലവേദന സൃഷ്‌ടിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോടും സിവില്‍ സര്‍വീസുകാരോടും മോശം പെരുമാറ്റം നടത്തിയെന്ന ചീത്തപ്പേര് നിലനില്‍ക്കെയായിരുന്നു സർ ഗാവിൻ വില്യംസണെ ഋഷി സുനക് തന്‍റെ കാബിനറ്റിലെ പോര്‍ട്ട്ഫോളിയോ ഇല്ലാത്ത മന്ത്രിയായി നിയമിച്ചത്.
സർ ഗാവിൻ വില്യംസണിന്‍റെ നിയമനം സുനകിന്‍റെ മോശമായ തീരുമാനവും നേതൃത്വ പരാജയവുമായി പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് സർ കെയർ സ്‌റ്റാർമർ ഹൗസ് ഓഫ് കോമൺസില്‍ പ്രധാനമന്ത്രിയോടുള്ള ചോദ്യവേളയില്‍ (പിഎംക്യു) ഉന്നയിച്ചിരുന്നു. മാത്രമല്ല വില്യംസണെ നിയമിച്ചതിൽ ഖേദമുണ്ടോ എന്നും സ്‌റ്റാർമർ ചോദിച്ചു. അതില്‍ താന്‍ ഖേദിക്കുന്നുവെന്നും, ഇതിലെ പ്രത്യേക ആശങ്കകളെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നുമാണ് ഋഷി സുനക് ഇതിന് മറുപടി നല്‍കിയത്. അന്വേഷണം നടക്കുമ്പോള്‍ തന്നെ മന്ത്രി രാജിവച്ചത് ശരിയായ തീരുമാനമാണെന്നായിരുന്നു സുനകിന്‍റെ പിന്നീടുള്ള പ്രതികരണം. എന്നാല്‍ ഇത് ജാള്യത മറക്കാനുള്ള വെറും വാക്ക് മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.
Also Read:പ്രധാനമന്ത്രി മാത്രമല്ല മരുമകൻ കൂടിയാണ്; ഋഷി സുനകിന് വേണ്ടി ക്ഷേത്ര ദർശനം നടത്തി എഴുത്തുകാരി സുധ മൂർത്തി
ഇത് ആദ്യമായല്ല വില്യംസണിന്‍റെ മന്ത്രിക്കസേര തെറിക്കുന്നത്. മുമ്പ് തെരേസ മേ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരിക്കെ തന്‍റെ കഴുത്തുമുറിക്കുമെന്ന് വില്യംസൺ ഭീഷണിപ്പെടുത്തി എന്നാണ് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് വില്യംസണ്‍ മന്ത്രിപദത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വില്യംസണ്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
ഈ സമയത്തും മോശം പെരുമാറ്റമെന്ന ആരോപണം തുടര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ തന്‍റെ മുന്‍കാല പെരുമാറ്റത്തെ കുറിച്ചുള്ളവ നിരാകരിക്കുന്നുവെന്നും സർക്കാർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ മാറാതിരിക്കാനാണ് രാജിയെന്നുമായിരുന്നു വില്യംസണിന്‍റെ വിശദീകരണം. അതേസമയം തന്‍റെ ഭാഗം ശരിയാണെന്ന് സ്ഥാപിച്ചാണ് വില്യംസണ്‍ മന്ത്രിസഭയില്‍ നിന്ന്പുറത്തേക്ക് പോയത് എന്നത് പ്രതിപക്ഷത്തിനുള്ള ആയുധമായി തന്നെ നിലനില്‍ക്കുന്നുണ്ട്.
വില്യംസണിന്‍റെ രാജി വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം നല്‍കിയ വ്യക്തിപരമായ പിന്തുണയ്‌ക്കും വിശ്വസ്‌തതയ്‌ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഋഷി സുനക് അറിയിച്ചു.
ലിസ് ട്രസിന്‍റെ പൊടുന്നനെയുള്ള രാജിക്ക് ശേഷം ഋഷി സുനകിനെതിരായ നേതൃത്വ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബോറിസ് ജോൺസണെ പിന്തിരിപ്പിക്കുന്നതിന് തിരശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ചതിൽ വില്യംസണ്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ വിശ്വസ്‌തന്‍റെ പടിയിറക്കവും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തുടരുന്ന 'തല'യുരുളലും ഋഷി സുനകിന് മുന്നില്‍ തീര്‍ക്കുന്ന വെല്ലുവിളി ചെറുതായിരിക്കില്ല.