ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ജർമൻ ക്ലബ് ആർബി ലെയ്‌പ്‌സിഗ്, സ്വിസ് ക്ലബ് യങ് ബോയ്‌സ്, സെർബിയൻ ലീഗിൽ നിന്നുള്ള റെഡ് സ്റ്റാർ ബെൽഗ്രേഡ് എന്നിവരാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ ഉൾപ്പെട്ടിരിക്കുന്നത് (UEFA Champions League Group G). പെപ് ഗ്വാർഡിയോളയ്‌ക്ക് കീഴിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന സിറ്റി അനായാസം ഗ്രൂപ്പ് ചാമ്പ്യൻമാരായി അവസാന പതിനാറിൽ ഇടംപിടിക്കും. അതോടൊപ്പം തന്നെ ചാമ്പ്യൻസ് ലീഗ് പോലെയൊരു വലിയ വേദിയിൽ താരതമ്യേന ശക്തരല്ലാത്ത ടീമുകൾക്കെതിരെ സിറ്റി ഗോളടിച്ചുകൂട്ടുന്നതിനായിരിക്കും ആരാധകർ സാക്ഷിയാകുക.
മാഞ്ചസ്റ്റർ സിറ്റി (Manchester City):ക്ലബ് ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് അടക്കം ട്രിപ്പിൾ കിരീടം നേടിയ പെരുമയുമായിട്ടാണ് ഇംഗ്ലീഷ് വമ്പൻമാർ യൂറോപ്യൻ വേദിയിലെത്തുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻപട്ടം നിലനിർത്തുക എന്ന വലിയ ലക്ഷ്യം സിറ്റിക്ക് മുന്നിലുണ്ടാകും. അതുകൊണ്ടുതന്നെ എതിരാളികളെ നിസാരമായി കാണാതെ മികച്ച രീതിയിൽ കളി മെനയുക എന്നത് തന്നെയാകും സിറ്റിയുടെ തന്ത്രം.
സൈഡ് ലൈനിനരികിൽ പരിശീലകൻ പെപ് ഗ്വാർഡിയോള മെനയുന്ന ചാണക്യ തന്ത്രങ്ങൾ അതേപടി കളത്തിൽ നടപ്പിലാക്കുന്ന ഒരുപിടി താരങ്ങൾ തന്നെയാണ് സിറ്റിയെ കരുത്തരാക്കുന്നത്. നായകനും മധ്യനിരയിലെ പ്രധാനതാരവുമായിരുന്ന ഇൽകായ് ഗുണ്ടോഗൻ, റൈറ്റ് വിങ്ങർ റിയാദ് മെഹ്‌റസ് എന്നിവർ ടീം വിട്ടിരുന്നു. എന്നാൽ ഇവരുടെയെല്ലാം അഭാവം നികത്തുന്നതിനായി വമ്പൻ താരങ്ങളെയാണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ സിറ്റി തട്ടകത്തിലെത്തിച്ചിട്ടുള്ളത്. ചെൽസിയിൽ നിന്ന് മാറ്റിയോ കൊവാസിച്ച്, ആർബി ലെയ്‌പ്‌സിഗിൽ നിന്ന് ഡിഫൻഡറായ ജോസ്‌കോ ഗ്വാർഡിയോൾ, വോൾവ്‌സിൽ നിന്ന് മത്യാസ് ന്യൂനസ്, ബെൽജിയൻ യുവതാരം ജെറമി ഡോകു എന്നിവരാണ് പുതിയ താരങ്ങൾ. ഇവർക്കൊപ്പം ഗോളടിയന്ത്രം എർലിങ് ഹാലണ്ട്, അർജന്‍റൈൻ താരം ജൂലിയൻ അൽവാരസ്, മധ്യനിരയിലെ പ്രധാനികളായ റോഡ്രിയും ബെർണാഡോ സിൽവയും ഡിബ്രൂയിനും ചേരുന്നതോടെ ടീം സുശക്‌തമാകും.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ നേരിട്ട ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു. ഒരു ഗോളിന്‍റെ ലീഡ് വഴങ്ങിയ ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് സിറ്റി ജയം പിടിച്ചത്. നോർവീജയൻ സൂപ്പർ സ്‌ട്രൈക്കർ അവസരങ്ങൾ നഷ്‌ടപ്പെടുത്തുന്നതിൽ യാതൊരു മടിയും കാണിക്കാതിരുന്ന മത്സരത്തിൽ ജൂലിയൻ അൽവാരസിന്‍റെ ഇരട്ടഗോളുകളാണ് സിറ്റിയെ മത്സരത്തിലേക്ക് തിരികെയത്തിച്ചത്. മൂന്നാം ഗോൾ മധ്യനിര താരം റോഡ്രിയുടെ ബൂട്ടിൽ നിന്നായിരുന്നു.
ആർബി ലെയ്‌പ്‌സിഗ് (RB Leipzig): 2009 ൽ നിലവിൽ വന്ന ജർമ്മൻ ക്ലബാണ് ആർബി ലെയ്‌പ്‌സിഗ്. സ്ഥാപിതമായി 13 വർഷത്തിനകം ജർമൻ ലീഗിലെ മികച്ച ടീമുകളിലൊന്നായി മാറി. ജർമൻ ലീഗിന്‍റെ രണ്ടാം ഡിവിഷനിൽ കളിച്ചിരുന്ന ലെയ്‌പ്‌സിഗ് 2016–17 സീസണിൽ തന്നെ ബുണ്ടസ് ലീഗയിലേക്ക് പ്രൊമോഷൻ നേടി. ബുണ്ടസ് ലീഗയിലെത്തിയതിന് ശേഷം യൂറോപ്യൻ ഫുട്‌ബോളിലെ സ്ഥിരം സാന്നിധ്യമായ ലെയ്‌പ്‌സിഗിന്‍റെ തുടർച്ചയായ ഏഴാം ചാമ്പ്യൻസ് ലീഗാണിത്.