ലണ്ടന്‍ :കൃത്യമായി ഗന്ധം തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച നായകള്‍ക്ക് കൊവിഡ് ബാധിതരായവരെ കണ്ടെത്താന്‍ സാധിക്കുമെന്ന് അവകാശവാദം. ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലിലാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എയര്‍പോര്‍ട്ട് യാത്രക്കാരില്‍ നടത്തിയ പരീക്ഷണം അനുസരിച്ച്, പരിശീലനം ലഭിച്ച നായകള്‍ക്ക് വൈറസ് ബാധിതരായ 99 ശതമാനം ആളുകളേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ഹെൽസിങ്കി സര്‍വകലാശാലയും, ഹെൽസിങ്കി യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലും സംയുക്തമായാണ് പഠനം നടത്തിയത്. പുതിയ കണ്ടെത്തല്‍ നിലവിലുള്ള മഹാമാരിയെ തടയാന്‍ സഹായിച്ചേക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. എന്നാല്‍ കൊവിഡ് "ആല്‍ഫ" വകഭേദം ബാധിച്ചവരെ കണ്ടെത്തുന്നതില്‍ ഈ രീതി പൂര്‍ണവിജയം നേടിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പഠനത്തിനായി നാല് നായകള്‍ :നാല് നായകളെയാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. ഇവയ്‌ക്ക് നേരത്തേ തന്നെ നിരോധിത മരുന്നുകളും, അര്‍ബുദ രോഗവും മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ചിരുന്നു. 2020 മുതലാണ് നായകള്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്.
ട്രയല്‍ പരിശോധനാഫലം 90 ശതമാനം : നായ്ക്കളുടെ മണം കണ്ടെത്തൽ കഴിവുകൾ പരിശോധിക്കുന്നതിനായി ആദ്യം 420 സന്നദ്ധപ്രവർത്തകരുടെ ചർമ സ്രവ സാമ്പിളുകളാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ഇവരെ പിസിആര്‍ പരിശോധനയ്‌ക്കും വിധേയമാക്കി. പിസിആര്‍ പരിശോധനയില്‍ 114 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും, 306 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്നും തെളിഞ്ഞിരുന്നു.
തുടര്‍ന്ന് ഈ സാമ്പിളുകള്‍ ഏഴ് ഘട്ടങ്ങളിലായാണ് നായകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇതില്‍ നിന്ന് അണുബാധ ഉള്ളതും, ഇല്ലാത്തതുമായ 90 ശതമാനം സാമ്പിളുകളും കൃത്യമായി നായകള്‍ തിരിച്ചറിഞ്ഞിരുന്നു. പോസിറ്റീവ് ആയവയില്‍ 28 പേര്‍ക്ക് നേരത്തെ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നെന്നും ഗവേഷകര്‍ വ്യക്തമാക്കി.
അതില്‍ ഒരു സാമ്പിളിന്‍റെ ഫലം മാത്രമാണ് നായകള്‍ തെറ്റായി തിരിച്ചറിഞ്ഞത്. 2 സാമ്പിളുകളുടെ മണം പിടിക്കാന്‍ അവ തയ്യാറായിരുന്നില്ലെന്നും വിദഗ്‌ധര്‍ പറഞ്ഞു. രോഗലക്ഷണങ്ങളുടെ അഭാവം നായകളുടെ പ്രകടനത്തെ ബാധിക്കുന്നതായി തോന്നുന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
വിമാനയാത്രികരിലെ പരിശോധന :2020 സെപ്റ്റംബറിനും 2021 ഏപ്രിലിനും ഇടയിൽ ഫിൻലൻഡിലെ ഹെൽസിങ്കി-വാന്റ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രികരെ പരിശോധിക്കാന്‍ നാല് നായകളെ നിയോഗിച്ചിരുന്നു. 303 യാത്രികരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 98 ശതമാനം പേരുടെയും പിസിആര്‍ ടെസ്‌റ്റിലെ ഫലങ്ങള്‍ കൃത്യമായി നായകള്‍ തിരിച്ചറിയുകയായിരുന്നു.