പരിണാമപരമായി വര്‍ഷങ്ങള്‍ പിന്നോട്ടുപോവുകയാണെങ്കില്‍ നമ്മളെല്ലാവരും ഒരേ പൂര്‍വികരെ പങ്കിടുന്നു എന്ന് കാണാന്‍ സാധിക്കും. നമ്മുടെ ശരീരത്തിന്‍റെ പല സവിശേഷതകളുടേയും ഉറവിടം ജീവപരിണാമമെന്ന മഹാവൃക്ഷത്തിന്‍റെ തായ്‌വേരുകളിലാണ്. ജീവശാസ്‌ത്രത്തില്‍ ഹോമോളജി അഥവാ ബന്ധം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഒരു പൊതു പൂര്‍വികന്‍ ഉള്ളതുകൊണ്ടുള്ള ഘടനാപരമായ സാമ്യം എന്നതാണ്.
ഉദാഹരണത്തിന് മനുഷ്യന്‍റെ കൈ, വവ്വാലിന്‍റെ ചിറക്, തിമിംഗലത്തിന്‍റെ ഫ്ലിപ്പര്‍ എന്നിവ എടുക്കുക. ഈ ഓരോ അവയവത്തിനും വ്യത്യസ്‌തമായ ധര്‍മ്മമാണ് ഉള്ളത്. എന്നാല്‍ ഇവയുടെയെല്ലാം അസ്ഥികളുടെ ബോഡിപ്ലാന്‍ ഒന്നാണെന്ന് കാണാന്‍ സാധിക്കും. എന്നാല്‍ പ്രാണികളുടേയും പക്ഷികളുടേയും ചിറകുകള്‍ സമാന ഘടനയുള്ളതും ഒരേ ദൗത്യം നിര്‍വഹിക്കുന്നവയുമാണെങ്കിലും അവയുടെ പരിണാമപരമായ ഉറവിടം ഒന്നല്ല.
എന്താണ് നമ്മെ മനുഷ്യരാക്കുന്നത് ? :കാലാകാലങ്ങളായി ശാസ്‌ത്രജ്ഞരും ചിന്തകരും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചോദ്യമാണ് ഇത്. ഇന്ന് ആരാണ് മനുഷ്യന്‍ ആരാണ് മനുഷ്യനല്ലാത്തത് എന്നത് വിഷമം പിടിച്ച ചോദ്യമല്ല. പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പരിഗണിക്കുമ്പോഴാണ് അത് വിഷമം പിടിച്ച ചോദ്യമായി മാറുന്നത്. മനുഷ്യവംശം എവിടെ നിന്ന് ആരംഭിക്കുന്നു എന്നുള്ളതിന് ഒരു കൃത്യമായ നിര്‍വചനം ഇന്നും സാധ്യമായിട്ടില്ല.
മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോമോസാപ്പിയന്‍സ് ഉടലെടുത്തതുകൂടിയാണോ മനുഷ്യകുലം ആരംഭിക്കുന്നത് ?. നമ്മുടെ പൂര്‍വികരായ ഓസ്‌ട്രലോപിത്തേക്കസ് അഫറൻസിസിലേക്ക് മനുഷ്യകുലം എന്ന നിര്‍വചനത്തെ നീട്ടേണ്ടതുണ്ടോ ?. അതോ ഗ്രേറ്റ് ഏപ്പിലേക്ക് നീട്ടേണ്ടതുണ്ടോ?. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ ഏകാഭിപ്രായം ശാസ്‌ത്രലോകത്തിന് ഇതുവരെയില്ല.
മഹത്തായ ചുവടുവയ്‌പ്പ് :മനുഷ്യകുലത്തിന്‍റെ പിറവിയുടെ ഒരു പ്രധാന അടയാളപ്പെടുത്തലാണ് ബൈപെഡലിസം എന്നറിയപ്പെടുന്ന, രണ്ടുകാലിലുള്ള നടത്തം, നമ്മുടെ പൂര്‍വികര്‍ ആരംഭിച്ചത്. ആധുനിക മനുഷ്യന്‍റെ രൂപാന്തരത്തിലേക്കുള്ള നമ്മുടെ പൂര്‍വികരുടെ മഹത്തായ ചുവടുവയ്‌പ്പായിരുന്നു ഇത്.