വാഷിംഗ്‌ടൺ:ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചു വരികയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പുതിയ പഠനങ്ങളാണ് പുറത്തു വരുന്നത്.ദിവസവും മൂന്ന് മണിക്കൂറിലധികം സമയം സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന കൗമാരക്കാരിൽ നടുവേദന കൂടുതലായി ഉണ്ടാകുന്നു എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
പഠനങ്ങൾ: സ്‌മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, ടിവി, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ജനപ്രീതി വർധിച്ചതോടെ കുട്ടികളും കൗമാരക്കാരും കൂടുതൽ സമയം ഇതിൽ സമയം ചെലവഴിക്കാൻ ആരംഭിച്ചു. ഇത് കുട്ടികളുടെ പെരുമാറ്റത്തെയും ആരോഗ്യത്തെയും മോശമായി ബാധിക്കുന്നു. വിഷയത്തെ കുറിച്ച് ബ്രസീലിയൻ ഗവേഷകരാണ് പഠനം നടത്തിയത്. പഠന റിപ്പോർട്ടുകൾ ഹെൽത്ത്‌കെയർ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.
പഠന റിപ്പോർട്ടുകൾ പ്രകാരം ഇത്തരം ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ അധിക സമയം ചെലവഴിക്കുന്നത് നട്ടെല്ലിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അപകടകരമായ നിരവധി ഘടകങ്ങൾ ഇതിലേക്ക് നയിക്കുന്നു എന്ന് പഠനത്തിൽ കണ്ടെത്തി. അതായത് ദിവസം മൂന്ന് മണിക്കൂറിലധികം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സ്‌ക്രീനുകൾ നോക്കുക, കണ്ണുകളും സ്‌ക്രീനും തമ്മിലുള്ള അകലം കുറയുന്നത് തുടങ്ങിയവ അപകട സാധ്യത വർധിപ്പിക്കുന്നു.
തൊറാസിക് നട്ടെല്ല് വേദന അഥവാ ടിഎസ്‌പി (thoracic spine pain) കേന്ദ്രീകരിച്ചായിരുന്നു പഠനം. തൊറാസിക് നട്ടെല്ല് നെഞ്ചിന്‍റെ പിൻഭാഗത്താണ് (തൊറാക്‌സ്) സ്ഥിതി ചെയ്യുന്നത്. ഷോൾഡർ ബ്ലേഡുകൾക്കിടയിൽ, കഴുത്തിന്‍റെ അടിയിൽ നിന്ന് അരക്കെട്ടിന്‍റെ ആരംഭം വരെ ഇത് നീളുന്നു. സാവോ പോളോ സംസ്ഥാനത്തെ ഒരു ഇടത്തരം നഗരമായ ബൗറുവിലെ ഹൈസ്‌കൂളിലെ ഒന്നും രണ്ടും വർഷങ്ങളിലെ 14-നും 18-നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ സർവേയിൽ നിന്നാണ് ഡാറ്റാ വിശകലനം നടത്തിയത്.