കേരളം

kerala

ETV Bharat / opinion

വാര്‍ത്തകളെ ജീവന്‍ കവരാന്‍ അനുവദിക്കരുത് - hang death

മാധ്യമങ്ങളിൽ ആത്മഹത്യ 'സെൻസേഷണൽ' വാർത്തകളാകുമ്പോൾ, അത് പൊതുജനാരോഗ്യത്തെ ബാധിക്കുന്നു. ആത്മഹത്യ കേസുകൾ പ്രസിദ്ധീകരിക്കുന്നതിന് വാർത്താമാധ്യമങ്ങൾക്ക് ലോകാരോഗ്യ സംഘടന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ജീവന്‍ കവരാന്‍ അനുവദിക്കരുത്  സുശാന്ത് സിംഗ് രജ്‌പുത്  തൂങ്ങിമരണം  മാധ്യമങ്ങളിലെ ആത്മഹത്യ  Sushant Singh Rajput's Death  suicide in media  world health organisation  who  hang death  bollywood actor death
വാര്‍ത്തകളെ ജീവന്‍ കവരാന്‍ അനുവദിക്കരുത്

By

Published : Jun 24, 2020, 1:58 PM IST

ജൂൺ പതിനാല് ഉച്ചതിരിഞ്ഞ് തികച്ചും നിർഭാഗ്യകരമായ ഒരു വാര്‍ത്തയ്‌ക്ക് നാം എല്ലാവരും സാക്ഷ്യം വഹിച്ചു. നടൻ സുശാന്ത് സിംഗ് രജ്‌പുത് അന്തരിച്ചു. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടുത്ത ദിവസം അത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. മികച്ച ഭാവിയുണ്ടായിരുന്ന ഒരു യുവപ്രതിഭയുടെ ജീവിതം ചുരുങ്ങിയെന്നത് വസ്തുതയാണ്. അത് മാറ്റാൻ കഴിയില്ല, എന്നാൽ മാറേണ്ടത് ആത്മഹത്യകളെ മാധ്യമങ്ങൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ്.

നിമിഷങ്ങള്‍ക്കുള്ളിൽ, മരണം വഴിതിരിഞ്ഞ് ടെലിവിഷൻ ചാനലുകളിലെ അന്നത്തെ 'പ്രധാന ബ്രേക്കിംഗ്' വാർത്തയായി മാറി. ഒരു യുവ ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ സുശാന്ത് സിംഗ് രജ്‌പുത് എങ്ങനെ ആത്മഹത്യ ചെയ്തു എന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ഭൂരിഭാഗം ടെലിവിഷൻ ചാനലുകളും അന്നത്തെ ദിവസം മുഴുവൻ സുശാന്ത് സിംഗ് തന്‍റെ ജീവിതം അവസാനിപ്പിച്ച രീതിയെക്കുറിച്ച് വിവരിച്ചു. എന്തിനധികം, അദ്ദേഹത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുമ്പോൾ, താരം ധരിച്ചിരുന്ന തുണിയുടെ നിറം പോലും പ്രേക്ഷകരോട് മാധ്യമങ്ങൾ വിവരിച്ചു. അദേഹത്തിന്‍റെ വസതിയില്‍ നിന്ന് മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ പുറത്തെത്തിച്ചതും ദുഃഖിതരായ കുടുംബാംഗങ്ങളേയും എല്ലാം തത്സമയം സംപ്രക്ഷേപണം ചെയ്തു. സുശാന്തിന്‍റെ ആത്മഹത്യയ്ക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് വരെ അവര്‍ ഊഹാപോഹങ്ങള്‍ അഴിച്ചു വിട്ടു. ജോലി സംബന്ധമായ പ്രശ്നങ്ങള്‍, പ്രണയ പരാജയം, സാമ്പത്തിക പ്രതിസന്ധി എന്നിവയായിരുന്നു അവയിൽ ചിലത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അറിയുന്നത് വരെ ഇത്തരം വാർത്തകൾ പ്രചരിച്ചുകൊണ്ടിരുന്നു.

പ്രതീക്ഷിച്ചത് പോലെ, പ്രഭാത പത്രങ്ങളും സുശാന്തിന്‍റെ ചിത്രവും മരണത്തിന്‍റെ വിശദാംശങ്ങളും സഹിതം ഒന്നാം പേജിൽ വാർത്തകൾ പ്രസിദ്ധീകരിച്ചു. ആരാണ് ആദ്യം വാർത്ത നൽകുന്നത് എന്നതിനായി ഇലക്ട്രോണിക് മാധ്യമങ്ങൾ തമ്മില്‍ കിടപിടിച്ചു. നടന്‍റെ മരണ വാർത്ത പ്രാധാന്യമുള്ളത് തന്നെ. എന്നാൽ, ആത്മഹത്യ ആണെന്ന് ഉള്ള വസ്തുത അടിവരയിട്ടു പറയേണ്ടതിന്‍റെ ആവശ്യം ഉണ്ടോ? പ്രഥമദൃഷ്‌ട്യാ ആത്മഹത്യയാണെന്ന് തോന്നുന്നതിനാൽ ഇവ രണ്ടും വേർതിരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചിലര്‍ വാദിക്കും. എന്നാൽ, എല്ലാവരും പൊതുവെ മറക്കുന്ന ഒരു കാര്യം, ആത്മഹത്യയെക്കുറിച്ചുള്ള ആവർത്തിച്ചുള്ള വാർത്തകൾ ആത്‌മഹത്യ പ്രവണത വർധിക്കുന്നതിന് പലരെയും പ്രേരിപ്പിച്ചേക്കാം എന്നുള്ളതാണ്.

ന്യൂസ് കവറേജിന്‍റെ അളവ്, ദൈർഘ്യം, പ്രാധാന്യം എന്നിവ, ദുർബലരായ വ്യക്തികളിൽ ആത്മഹത്യ ചെയ്യാനുള്ള പ്രവണത വർധിക്കുമെന്ന് ആഗോളതലത്തിലുള്ള 50ൽ അധികം ഗവേഷണങ്ങൾ പറയുന്നു. സെലിബ്രിറ്റി ആത്മഹത്യകളെ സെൻസേഷണലൈസ് ചെയ്യുമ്പോൾ അത്തരം വ്യക്തികളിലും സമാന പ്രവണതകൾ സൃഷ്‌ടിക്കപ്പെടും. ആത്‌മഹത്യ ഒരു ശരിയാണെന്നും വാര്‍ത്തകള്‍ തങ്ങളെയും ഒരു സെലിബ്രിറ്റിയാക്കിയേക്കാം എന്ന തോന്നലും ഇതിനു പിന്നിലുണ്ട്. ആത്മഹത്യ കേസുകൾ വാർത്തകളാകുമ്പോൾ ആത്മഹത്യകളുടെ എണ്ണം 2.5 മടങ്ങ് വർധിപ്പിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സെലിബ്രിറ്റികളുടെ ആത്മഹത്യയ്ക്ക് ശേഷമാണ് ആത്മഹത്യാനിരക്ക് വർധിക്കുന്നതെന്ന് ചില പഠനങ്ങളിൽ പരാമർശിക്കുന്നു.

മറുവശത്ത്, ആത്മഹത്യ തടയുന്നതിൽ മാധ്യമങ്ങൾക്ക് ഗുണപരമായ പങ്കുകൾ വഹിക്കാനാകും എന്നതിലും തെളിവുകള്‍ ഉണ്ട്. പ്രതിസന്ധികൾക്ക് ആത്മഹത്യ അല്ലാത്ത ഉപായങ്ങൾ ഉണ്ട് എന്ന് മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ലഭിക്കുന്ന ഫലത്തെ `പാപ്പജെനോ സ്റ്റഡീസ്’ എന്നു വിശേഷിപ്പിക്കുന്നു. സ്വയം ജീവനെടുക്കുന്ന വാർത്തകളെ വലിയ പ്രാധാന്യം നൽകി അവതരിപ്പിക്കുന്നത് പരിമിതപ്പെടുത്തി, ആത്മഹത്യയെയും പ്രതികൂല സാഹചര്യങ്ങളെയും എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് പ്രതിപാദിച്ച് ആത്മഹത്യ തടയുന്നതിന് മാധ്യമങ്ങൾക്ക് പ്രസക്തമായ പങ്ക് വഹിക്കാന്‍ കഴിയും. ആത്മഹത്യകൾക്ക് പിന്നിൽ ഒരു കാരണവുമില്ല. മറിച്ച് വിഷാദം, സമ്മർദം മുതലായ മാനസിക വൈകല്യങ്ങളുടെ ഫലമാണത്. ചില സമയങ്ങളിൽ ഇത് ജനിതകവുമാണ്. മാനസിക വൈകല്യങ്ങളെ നിസാരമായി കാണാതെ, മറ്റ് രോഗങ്ങള്‍ക്കു തുല്യമായി അംഗീകരിക്കപ്പെടുകയും മാനസികാരോഗ്യ സംരക്ഷണം എല്ലാവർക്കും ലഭ്യമാവുകയും ചെയ്താൽ ആത്മഹത്യകള്‍ തടയാനാകും. ചിലപ്പോൾ വിഷാദരോഗം ബാധിച്ച ഒരു വ്യക്തിക്കു പറയാനുള്ളത് കേള്‍ക്കുന്നതിലൂടെ അത്തരം സംഭവങ്ങൾ ഒഴിവാക്കാനാകും. മാനസിക വൈകല്യമുള്ളവരെ കുറിച്ച് പരക്കെ വിശേശിപ്പിക്കുന്നത് പോലെ അവർ ഭ്രാന്തരുമല്ല.

ആത്മഹത്യാ കേസുകൾ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന 2008ൽ പ്രസിദ്ധീകരിച്ചിരുന്നു. ചില കാരണങ്ങളാൽ, ഈ മാർ‌ഗനിർ‌ദേശങ്ങൾ‌ മാധ്യമങ്ങൾ‌ പിന്തുടരുന്നില്ല എന്നതാണു യാതാര്‍ഥ്യം. ആത്മഹത്യകേസ് റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പിന്തുടരേണ്ട 11 പോയിന്‍റുകൾ ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യകളെ സെൻസേഷണൽ ചെയ്യാതിരിക്കാൻ, വാർത്തകളുടെ ശീർഷകങ്ങളിൽ `ആത്മഹത്യ 'എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കുക, മരണം എന്ന വാക്ക് പകരം ഉപയോഗിക്കാം. മരണപ്പെട്ടയാളുടെ ചിത്രം ഉപയോഗിക്കാതിരിക്കുക, ആത്മഹത്യ നടന്ന സ്ഥലം സൂചിപ്പിക്കാതിരിക്കുക, മരണത്തിനായി അയാൾ സ്വീകരിച്ച രീതി വിവരിക്കാതിരിക്കുക എന്നിവയാണ് മാധ്യമങ്ങൾ പാലിക്കേണ്ട മറ്റ് നിർണായക മാർഗനിർദേശങ്ങൾ. ഈ സാഹചര്യങ്ങളിൽ, കുടുംബത്തിന്‍റെ വികാരങ്ങളെ ബഹുമാനിക്കുന്നതും അവരെ ചിത്രീകരിക്കാത്തതും മുൻകൂർ അനുമതിയില്ലാതെ ബന്ധുക്കളുടെ ചിത്രമെടുക്കുന്നത് ഒഴിവാക്കുന്നതും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. മാനസികാരോഗ്യ സൗകര്യം ലഭ്യമാകുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ വിവരങ്ങളും വാർത്തകളിൽ പരാമർശിക്കുന്നതിന്‍റെ പ്രാധാന്യവും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വാക്കുകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവായിരിക്കുക എന്നത് നിർണായകമാണ്. ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കങ്ങൾ നൽകേണ്ടതില്ല. ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും പരിശോധിക്കുന്നുണ്ടെന്നും സൂചിപ്പിച്ചാല്‍ മതി. ആത്മഹത്യയെ നിസാരവൽക്കരിച്ച് പറയുന്ന 'പരാജയപ്പെട്ട ശ്രമം' പോലുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന മാധ്യമ സംഘടനകളോട് ശുപാർശ ചെയ്യുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതും വലിയ പ്രാധാന്യമുള്ള കാര്യമാണ്. ആത്മഹത്യ ഒരു വ്യക്തിയുടെ പ്രശ്നങ്ങൾ അവസാനിപ്പിച്ചുവെന്ന് അനുമാനിക്കുന്നതോ പറയുന്നതോ ദുർബലരായ വ്യക്തികൾക്ക് പ്രശ്‌നങ്ങളിൽ നിന്ന് ആത്മഹത്യ തെരഞ്ഞെടുക്കുന്നതിൽ പ്രേരണയാകും. 2019 സെപ്റ്റംബറിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ ഈ മാർഗനിർദേശങ്ങൾ അംഗീകരിക്കുകയും മാനസികരോഗിയായ ഒരാളെ വെളിപ്പെടുത്തുന്നതിൽ നിന്നും അനുമതിയില്ലാതെ ചിത്രമോ ദൃശ്യങ്ങളോ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ, ഇന്ത്യയിൽ മാധ്യമങ്ങളിൽ ഇതിനോടുള്ള പ്രതിബദ്ധതയുടെ കുറവ് വളരെ വ്യക്തമാണ്. ലോകത്തില്‍ ആദ്യമായി മാധ്യമ ശുപാർശകൾ നടപ്പിലാക്കിയ രാജ്യമാണ് ഓസ്ട്രിയ. ആത്മഹത്യകൾ തടയുന്നതിനും പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഓസ്‌ട്രിയ 1987ൽ ശുപാർശകൾ നടപ്പിലാക്കി. ഈ തീരുമാനത്തോട് മറ്റ് രാജ്യങ്ങളിലെ മാധ്യമങ്ങൾ സജീവമായി സഹകരിക്കണമെന്നും ഓസ്ട്രിയ പ്രോത്സാഹിപ്പിച്ചു.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച്, 2018ൽ ഇന്ത്യയിലെ ഒരു ലക്ഷം ജനസംഖ്യയുടെ 10.2 ശതമാനം ആയിരുന്നു ആത്മഹത്യ നിരക്ക്. രാജ്യത്ത് പ്രതിവർഷം 1.34 ലക്ഷം പേർ ആത്മഹത്യ ചെയ്യുന്നു. അതേസമയം, ഏതാണ്ട് 1.60 ലക്ഷം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമില്ല. ആത്മഹത്യകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് 14 മുതൽ 29 വയസിനിടയിലുള്ളവരാണ്. കൊവിഡ് ജീവിതത്തെ സമ്മർദത്തിലാക്കുകയും ജോലി നഷ്ടം, ക്വാറെന്‍റൈന്‍ എന്നിങ്ങനെയുള്ള കാരണങ്ങളാൽ ആത്മഹത്യകൾ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. എന്നിട്ടും, മാനസിക രോഗവുമായി ബന്ധപ്പെട്ട ചിന്താഗതികളിൽ മാറ്റമില്ലാതെ തുടരുകയാണ്.

ABOUT THE AUTHOR

...view details