തിരുവനന്തപുരം:ഇരട്ട നരബലി വാര്‍ത്തയില്‍ കേരളം നടുങ്ങി നില്‍ക്കേ ചര്‍ച്ചയാകുകയാണ് ഇത്തരം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിരോധിക്കുന്നതിനുള്ള നിയമങ്ങളും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കലും. ഇതു സംബന്ധിച്ച നിയമ നിര്‍മാണം എന്ന ആവശ്യം പലകുറി ഉയര്‍ന്നെങ്കിലും ഇതു സംബന്ധിച്ച ബില്ല് കൊണ്ടു വരുന്നതിനോ തയ്യാറാക്കുന്നതിനോ സര്‍ക്കാരിനായിട്ടില്ല. കഴിഞ്ഞ നിയമസഭയില്‍ അംഗമായിരുന്ന അന്തരിച്ച പി.ടി.തോമസ്, ഇപ്പോഴത്തെ നിയമസഭയിലെ അംഗമായ കെ.ഡി.പ്രസേനന്‍ എന്നിവര്‍ അവതരിപ്പിച്ച ഇതു സംബന്ധിച്ച രണ്ട് സ്വകാര്യ ബില്ലുകള്‍ ഈ അവസരത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
നിയമനിര്‍മാണത്തില്‍ അനാസ്ഥ: 2017ല്‍ പി.ടി.തോമസ് അവതരിപ്പിച്ച സ്വകാര്യ ബില്ലിന്‍റെ പേര് കേരള ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവര്‍ത്തികളും നിരോധിക്കുന്നതിനുള്ള ബില്ല് എന്നായിരുന്നു. എല്ലാ സ്വകാര്യ ബില്ലുകളെയും പോലെ സ്വയം ചരമമടയാനായിരുന്നു പി.ടി.തോമസിന്‍റെ ബില്ലിന്‍റെ വിധി. ഇത്തരത്തില്‍ ഒരു നിയമം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന പതിവു മറുപടി ബില്ല് തള്ളിക്കൊണ്ട് അന്നത്തെ നിയമമന്ത്രി എ.കെ.ബാലനില്‍ നിന്നുണ്ടായി എന്നതു മാത്രമാണ് പി.ടി.തോമസിന്‍റെ സ്വകാര്യ ബില്ലുകൊണ്ടുണ്ടായ ഏക ആശ്വാസം.
ആലത്തൂര്‍ എം.എല്‍.എ കെ.ഡി.പ്രസേനന്‍ 2021ല്‍ നിയമസഭയില്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലിന്‍റെ പേര് കേരള അന്ധവിശ്വാസ-അനാചാര നിര്‍മാര്‍ജന ബില്‍ എന്നായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്‌ത്രീയവും മാനുഷികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കുന്നതിനാണ് ബില്ല് എന്നാണ് പ്രസേനന്‍റെ ബില്ലിന്‍റെ ആമുഖത്തിലുള്ളത്.