ന്യൂഡൽഹി: വീണ്ടുമൊരു രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനായി രാജ്യം കച്ചമുറുക്കുന്ന ഘട്ടത്തിൽ സ്ഥാനാർഥികൾ ആരാകുമെന്ന ചർച്ച ആളിക്കത്തുകയാണ് ദേശീയ രാഷ്‌ട്രീയത്തിൽ. ലോക്‌സഭയിലും രാജ്യസഭയിലും മുൻതൂക്കമുള്ള ഭാരതീയ ജനത പാർട്ടിക്ക് വിജയം എന്നത് ബാലികേറാമല അല്ലാതിരിക്കെ ആരാണ് സ്ഥാനാർഥി എന്നതിനെ കുറിച്ച് സൂചനകൾ ഒന്നും പാർട്ടി നേതാക്കൾ നൽകിയിട്ടില്ല. ഓരോ എംഎൽഎയുടെയും വോട്ടിന് മറ്റ് ഏത് സംസ്ഥാനത്തേക്കാളും മൂല്യമുള്ള ഉത്തർപ്രദേശിൽ ഉൾപ്പെടെ പാർട്ടിയുടെ അസൂയാവഹമായ വിജയം രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേട്ടം വർധിപ്പിക്കുകയാണുണ്ടായത്.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് 2017ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനെക്കാൾ എംഎൽഎമാർ കുറവാണെങ്കിലും എംപിമാരുടെ എണ്ണത്തിൽ വർധനവുണ്ടാകുകയാണ് ചെയ്‌തത്. ഭരണകക്ഷിയായ എൻഡിഎയ്ക്ക് 50 ശതമാനത്തോളം വോട്ടർമാരുടെ പിന്തുണ ഉണ്ടെന്നാണ് പാർട്ടിയുടെ അവകാശവാദം. ആന്ധ്രാപ്രദേശിലെ ഭരണപക്ഷമായ വൈഎസ്ആർസിപിയുടെയും ഒഡിഷയിലെ ബിജു ജനാതാദളിന്‍റെയും പിന്തുണ എൻഡിഎയ്ക്കുള്ള പശ്ചാത്തലത്തിൽ വിജയത്തെ കുറിച്ച് പാർട്ടിക്ക് ആശങ്കപ്പെടേണ്ടതില്ല. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ പിന്തുണയും ബിജെപിക്കുണ്ട്.
ഒന്നിൽ കൂടുതൽ നേതാക്കൾക്ക് മുൻതൂക്കമുള്ള സാഹചര്യത്തിൽ രാഷ്‌ട്രപതി സ്ഥാനാർഥിയായി ആരെ തെരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പം പാർട്ടി അണികൾക്കിടയിലും നേതാക്കൾക്കിടയിലും വന്നാൽ അതിൽ ആശ്ചര്യപ്പെടേണ്ടതില്ല. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പരാജയഭീതി അൽപം പോലും ഇല്ലാത്ത ഭാരതീയ ജനത പാർട്ടിയുടെ സ്ഥാനാർഥി ആരാകുമെന്നതും തെരഞ്ഞെടുപ്പിലൂടെ ബിജെപി ലക്ഷ്യമിടുന്ന രാഷ്‌ട്രീയ നേട്ടങ്ങളുമാണ് ചർച്ചാവിഷയം. അണികൾക്കിടയിൽ പ്രമുഖനല്ലാതിരുന്ന ദലിത് വിഭാഗത്തിൽ നിന്നുള്ള നേതാവായ അന്നത്തെ ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ രാഷ്‌ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തുകൊണ്ട് 2017ൽ ബിജെപി ദേശീയ രാഷ്‌ട്രീയത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള പല നേതാക്കളും ഇരുന്ന രാഷ്ട്രപതി സ്ഥാനത്തേക്കാണ് അത്രയൊന്നും അറിയപ്പെടാത്ത കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടത്.
രാഷ്‌ട്രീയ നേട്ടത്തിനായി ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെ പാർട്ടി പലപ്പോഴും സ്ഥാനാർഥികളായി തെരഞ്ഞെടുത്തിട്ടുണ്ട്. ബിജെപിയിലും എന്‍ഡിഎയിലും കോവിന്ദിനെക്കാളും പ്രശസ്‌തരായ ദലിത് മുഖങ്ങളുണ്ടായിരുന്നു. എന്നിട്ടും കോവിന്ദിനെ തന്നെ എൻഡിഎ തെരഞ്ഞെടുത്തതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു.