കാസർകോട് :വിവാഹ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി. വിവാഹ രജിസ്‌ട്രേഷന്‍ നിലവില്‍ നിയമപരമായ ബാധ്യതയാണ്. രജിസ്‌ട്രേഷനോടൊപ്പം വിവാഹപൂര്‍വ കൗണ്‍സിലിംഗിന് ദമ്പതിമാര്‍ വിധേയമായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന രൂപത്തില്‍ കൗണ്‍സിലിങ് നിര്‍ബന്ധമാക്കുന്നത് നന്നാകുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
അവസാന വര്‍ഷ കോളജ് വിദ്യാര്‍ഥികള്‍ക്ക് കലാലയ ജ്യോതി, ഫെയ്‌സ് ടു ഫെയ്‌സ് പരിപാടികള്‍ മുഖേന കൗണ്‍സിലിങ് നല്‍കും. ഗാര്‍ഹിക കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നുള്ള പരാതികളാണ് കമ്മിഷന് മുന്നില്‍ എത്തുന്നവയില്‍ ഏറെയും. പഞ്ചായത്ത്തലത്തില്‍ സ്ഥിരം കൗണ്‍സിലിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും സതീദേവി പറഞ്ഞു.
വാര്‍ഡ്‌തല ജാഗ്രത സമിതി ശക്തിപ്പെടുത്തണം. വാര്‍ഡ് തലത്തിലുള്ള ജാഗ്രത സമിതികള്‍ കൃത്യമായി പ്രതിമാസം യോഗം ചേര്‍ന്ന് ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ വനിത കമ്മിഷന്‍ മുമ്പാകെ ചര്‍ച്ച ചെയ്യപ്പെടുന്നതിനുള്ള അന്തരീക്ഷമുണ്ടാകണം.