ഹൈദരബാദ് :ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് ഈ അടുത്ത കാലത്തുണ്ടായത്. ഇവയിലെ നിക്ഷേപം ചിലര്‍ക്ക് വലിയ സാമ്പത്തിക ലാഭം നേടിക്കൊടുത്തു. എന്നാല്‍ അടുത്ത കാലത്ത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം വലിയ രീതിയില്‍ ഇടിഞ്ഞത് നിക്ഷേപകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചത്.
ഉദാഹരണത്തിന് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍റെ മൂല്യം കഴിഞ്ഞ വര്‍ഷം മെയില്‍ 51 ലക്ഷം വരെയെത്തി. എന്നാല്‍ അതിന് ശേഷം ബിറ്റ്‌കോയിന്‍റെ മൂല്യത്തില്‍ വലിയ തകര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ബിറ്റ്‌കോയിന്‍റെ മൂല്യം വീണ്ടും വര്‍ധിച്ച് 54 ലക്ഷം രൂപയിലെത്തി.
ഇപ്പോള്‍ ബിറ്റ്‌കോയിന്‍റെ മൂല്യം 35 ലക്ഷം രൂപയോടടുത്താണ്. ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോ കറന്‍സി എന്ന നിലയില്‍ ബിറ്റ്‌കോയിന്‍റെ ഏറ്റക്കുറച്ചിലിനനുസരിച്ച് മറ്റ് ക്രിപ്റ്റോകറന്‍സികളുടെ മൂല്യത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. പല സാമ്പത്തിക വിദഗ്‌ധരും ക്രിപ്റ്റോ കറന്‍സികളുടെ മൂല്യവര്‍ധനവിനെ 'കുമിള'യായിട്ടാണ്(bubble) പരിഗണിക്കുന്നത്. കാരണം ക്രിപ്റ്റോ കറന്‍സികള്‍ക്ക് യാതൊരു ആന്തരിക മൂല്യവും(inherent value )ഇല്ല എന്നതാണ്. എന്നാല്‍ ക്രിപ്റ്റോ കറന്‍സിയുടെ മൂല്യത്തിലുണ്ടായ വലിയ ഉയര്‍ച്ച നിക്ഷേപകരെ ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു.
ക്രിപ്റ്റോ ആസ്‌തി എന്ന നിലയില്‍
നിലവില്‍ ക്രിപ്റ്റോകറന്‍സി നിയമപരമായ ആസ്തിയായി പരിഗണിക്കപ്പെട്ടിട്ടില്ല. പല രാജ്യങ്ങളുമെന്ന പോലെ തന്നെ ഇന്ത്യയും ക്രിപ്റ്റോകറന്‍സികളെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയായാണ് കേന്ദ്ര ഗവണ്‍മെന്‍റും കാണുന്നത്. പക്ഷേ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നത് ഇന്ത്യയില്‍ കുറ്റകരമൊന്നുമല്ല. രാജ്യത്തെ പലരും ക്രിപ്റ്റോകറസികളെ നിക്ഷേപ ഉപാധിയായി കാണുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലെ ക്രയവിക്രയത്തിനും ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നുണ്ട്. പല രാജ്യങ്ങളിലേയും വ്യാപാരികള്‍ ക്രിപ്റ്റോകറന്‍സികള്‍ ക്രയവിക്രയത്തിന് സ്വീകരിക്കുന്നുണ്ട്. മൂന്നാമതൊരു ധനകാര്യ സ്ഥാപനത്തിന്‍റെ മധ്യസ്ഥതയില്ലാതെ തന്നെ രണ്ട് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വിശ്വാസ്യതയോടെ ക്രയവിക്രയം നടത്താന്‍ സാധിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയുടെ ഇടപാട്.
ക്രിപ്റ്റോ കറസികളില്‍ നിക്ഷേപവും വ്യാപാരവും നടത്താനുള്ള അവസരം പല എക്‌സ്ചേഞ്ചുകളും ഒരുക്കുന്നുണ്ട്. എന്നാല്‍ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുമ്പോള്‍ നല്ലവണ്ണം ചിന്തിക്കേണ്ടതുണ്ട്.
ക്രിപ്റ്റോ കറന്‍സികളെ കുറിച്ച് നല്ല ധാരണയുണ്ടാക്കണം
ബിറ്റ്‌കോയിന്‍ ഉള്‍പ്പടെ നിരവധി ക്രിപ്റ്റോ കറന്‍സികള്‍ ഇന്ന് വിപണിയില്‍ നിലവിലുണ്ട്. ഒരോന്നിനും അതിന്‍റേതായ സങ്കീര്‍ണതകള്‍ ഉണ്ട്. ഏത് ക്രിപ്റ്റോ കറന്‍സിയിലാണോ നിങ്ങള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത് അതിനെ കുറിച്ച് നല്ലവണ്ണം മനസിലാക്കണം. അല്ലാതെ നിക്ഷേപിക്കുകയാണെങ്കില്‍ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ക്രിപ്റ്റോ കറസികളെ വിലയിരുത്തുന്ന വിശ്വാസ്യതയുള്ള പല വെബ്സൈറ്റുകളുമുണ്ട്. ചില ക്രിപ്റ്റോ കറന്‍സികള്‍ വ്യാജമാണെന്നുള്ള സത്യവും തിരിച്ചറിയേണ്ടതുണ്ട്. ഒരു ക്രിപ്റ്റോ കറന്‍സിയെ കുറിച്ചും നൂറ് ശതമാനം വിവരം ലഭ്യമല്ലാത്തത് നിക്ഷേപത്തിന്‍റ റിസ്‌ക് സൃഷ്ടിക്കുന്നുണ്ട്.