കേരളം

kerala

ETV Bharat / opinion

വിമാനത്തിലെ പ്രതിഷേധം: അടിപതറി സിപിഎമ്മും പൊലീസും, മുഖ്യമന്ത്രിയുടെ വാദവും ദുര്‍ബലം - ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസ്

ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ വി.ഡി സതീശന്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അത് നിഷേധിച്ചു. കോടതി ഉത്തരവിലൂടെ കേരള പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും നിലപാടുകള്‍ ചോദ്യ ചിഹ്നമാവുകയാണ്

Opinion about E P Jayarajan and his politics  E P Jayarajan in protest on flight issue  court order against E P Jayarajan  youth congress protest on flight against C M  ജയരാജനെതിരെ എഫ്ഐആര്‍  ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസ്  വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ പി ജയരാജനെതിരെ കേസ്
ജയരാജനെ പ്രതിചേര്‍ക്കാന്‍ ഉത്തരവ്; പൊലീസിനും സി.പി.എമ്മിനും തിരിച്ചടി, മുഖ്യമന്ത്രിയുടെ വാദവും ദുര്‍ബലമാകുന്നു

By

Published : Jul 20, 2022, 7:50 PM IST

തിരുവനന്തപുരം:ഒടുവില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിമാനത്തിനുള്ളിലെ പ്രതിഷേധ എപ്പിസോഡില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പ്രതി ചേര്‍ക്കപ്പെടുന്നതോടെ ഇതുവരെ സി.പി.എം കെട്ടിയുയര്‍ത്തിയ പ്രതിരോധ കോട്ടകളില്‍ വിള്ളല്‍ വീഴുകയാണ്. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്‌ത് ജയിലിടയക്കാനുള്ള നീക്കം കോടതിയില്‍ പരാജയപ്പെട്ടതിന്‍റെ നാണക്കേട് മാറും മുന്‍പാണ് കോടതിയില്‍ നിന്ന് മറ്റൊരു തിരിച്ചടി കൂടി സി.പി.എമ്മിനും സര്‍ക്കാരിനും നേരിടേണ്ടി വന്നത്. സ്വര്‍ണക്കടത്തു കേസില്‍ കുടുംബാംഗങ്ങള്‍ക്കുള്‍പ്പെടെ ആരോപണമുയര്‍ന്നതില്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങളെല്ലാമെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് സി.പി.എമ്മിന് തിരിച്ചടിയേല്‍ക്കേണ്ടി വരുന്നത്.

ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ സബ്‌മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉന്നയിച്ച ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞിരുന്നു. ജയരാജനെതിരെ കേസെടുക്കേണ്ട ഒരു കാര്യവുമില്ലെന്നു മാത്രമല്ല, അദ്ദേഹം ഉള്ളതു കൊണ്ടാണ് താന്‍ അപായമേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ സി.ജെ.എം കോടതി കേസെടുക്കാനുത്തരവിട്ടത് സര്‍ക്കാരും മുഖ്യമന്ത്രിയും മുന്നോട്ടു വച്ച വാദങ്ങളുടെ കൂടി മുനയൊടിക്കുന്നതാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച് ഒരു വ്യത്യസ്‌ത സമരമുറ ജനാധിപത്യ രീതിയില്‍ തങ്ങള്‍ മുന്നോട്ടു വയ്ക്കുകയായിരുന്നു എന്ന യൂത്ത് കോണ്‍ഗ്രസ് വാദം കോടതി അംഗീകരിക്കുക മാത്രമല്ല, ഇ.പി ജയരാജന്‍ തങ്ങളെ മൃഗീയമായി മര്‍ദിച്ചു എന്ന പ്രതിഷേധക്കാരുടെ വാദത്തിനു കൂടി കോടതി അംഗീകാരം നല്‍കിയിരിക്കുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുതല്‍ ഇ.പി ജയരാജന്‍റെ തന്ത്രങ്ങളൊന്നൊന്നായി പാളുന്നതും സമീപകാലത്ത് ദൃശ്യമാണ്. എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്നും യു.ഡി.എഫിന്‍റെ തകര്‍ച്ച പൂര്‍ണമാകുമെന്നും അദ്ദേഹം തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു കൊണ്ട് ആവര്‍ത്തിച്ചു കൊണ്ടിരുന്നെങ്കിലും കനത്ത തിരിച്ചടിയായിരുന്നു ഫലം.

സ്വര്‍ണക്കടത്തിന്‍റെ പേരില്‍ വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞതോടെ സംസ്ഥാനത്താകമാനം ഭരണപക്ഷവും പ്രതിപക്ഷവും ചേരി തിരിഞ്ഞ് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഇത് സംസ്ഥാനത്തിന്‍റെ സമാധാന അന്തരീക്ഷം താറുമാറാക്കിയിട്ടും പ്രശ്‌നത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ പൊലീസിന് സി.പി.എം നിര്‍ദേശം നല്‍കിയില്ല. ഇതിന്‍റെ അലയടങ്ങും മുന്‍പ് എ.കെ.ജി സെന്‍ററിനു നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിന്‍റെ ഉത്തരവാദിത്വവും ജയരാജന്‍ കോണ്‍ഗ്രസിന്‍റെ തലയില്‍ വച്ചു.

ഇതും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഇതിലെ പ്രതികളെ ഇതുവരെ പിടിക്കാനാകാത്തതും സി.പി.എമ്മിനു നേരെ ചോദ്യ ചിഹ്നമായി നില്‍ക്കുന്നതിനിടെയാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയ ഇ.പി ജയരാജനെ ഇപ്പോള്‍ വധശ്രമ കേസില്‍ ഒന്നാം പ്രതിയാക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നുകില്‍ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുക അല്ലെങ്കില്‍ കേസില്‍ വിചാരണ നേരിടുക എന്നീ രണ്ടു വഴികളാണ് ജയരാജനും സി.പി.എമ്മിനും മുന്നിലുള്ളത്. കേസെടുക്കേണ്ടതില്ലെന്ന് ശാഠ്യം പിടിച്ച കേരള പൊലീസിന്‍റെ നിലപാടുകളുടെ നിഷ്‌പക്ഷതയും കോടതി വിധിയോടെ ചോദ്യ ചിഹ്നമാവുകയാണ്.

ABOUT THE AUTHOR

...view details