കേരളം

kerala

ETV Bharat / opinion

സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍ അവസാനിപ്പിക്കുവാനുള്ള നീക്കങ്ങള്‍ മുന്നോട്ട് - ഐക്യരാഷ്‌ട്ര സഭ

വൈദ്യ ആവശ്യങ്ങള്‍ക്കല്ലാതെ സ്ത്രീകളുടെ ലൈംഗികാവയവത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ അല്ലെങ്കില്‍ അതിന് പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്ന എല്ലാ പ്രക്രിയകളേയും എഫ്‌ജിഎം എന്നാണ് ഐക്യരാഷ്ട്ര സഭ (യു എന്‍) പരാമര്‍ശിക്കുന്നത്.

Moving towards ending female genital mutilation  female genital mutilation  സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍  ഐക്യരാഷ്‌ട്ര സഭ  സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍
സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍ അവസാനിപ്പിക്കുവാനുള്ള നീക്കങ്ങള്‍ മുന്നോട്ട്

By

Published : Feb 9, 2021, 4:42 PM IST

ഹൈദരാബാദ്: എല്ലാ വര്‍ഷവും ഫെബ്രുവരി ആറിന് സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍ (എഫ്‌ജിഎം) പ്രക്രിയയോടുള്ള സമ്പൂർണ എതിര്‍പ്പിന്‍റെ അന്താരാഷ്ട്ര ദിവസം ആചരിച്ചു വരുന്നു. എഫ്‌ജിഎം കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടിയും, അതോടൊപ്പം തന്നെ സാധ്യമായ എല്ലാ വഴികളിലൂടേയും അതിന് അന്ത്യം കുറിക്കുകയും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്. “2030-ഓടു കൂടി നമുക്ക് ഒത്തൊരുമിച്ച് സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍ ആചാരം തുടച്ചു നീക്കാം. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ആരോഗ്യവും വിദ്യാഭ്യാസവും സാമ്പത്തിക ഉന്നമനവും മെച്ചപ്പെടുത്തുന്നതിനുള്ള വലിയ ഒരു മുന്നേറ്റമായിത്തെന്നെ അത് മാറും'' - ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. മതത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പേരു പറഞ്ഞ് സ്ത്രീകളെ പീഡിപ്പിക്കുന്ന ഈ ആചാരത്തിന് അന്ത്യം കുറിക്കുവാന്‍ വേണ്ടി ലോകത്താകമാനമുള്ള ജനങ്ങള്‍ ഈ ദിവസം കൈകോര്‍ക്കുന്നു.

വൈദ്യ ആവശ്യങ്ങള്‍ക്കല്ലാതെ സ്ത്രീകളുടെ ലൈംഗികാവയവത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ അല്ലെങ്കില്‍ അതിന് പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്ന എല്ലാ പ്രക്രിയകളേയും എഫ്‌ജിഎം എന്നാണ് ഐക്യരാഷ്ട്ര സഭ (യു എന്‍) പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങളുടെയും ആരോഗ്യത്തിന്‍റെയും ആർജവത്തിന്‍റെയും ലംഘനമായാണ് ഇത്തരം പ്രക്രിയകളെ അന്താരാഷ്ട്ര തലത്തില്‍ തന്നെ കണക്കാക്കുന്നത്. സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍ പ്രക്രിയയ്ക്ക് വിധേയമാകുന്ന പെണ്‍കുട്ടികള്‍ കടുത്ത വേദനയും, ഭയവും, അമിത രക്ത സ്രാവവും, അണുബാധകളും, മുത്രമൊഴിക്കുവാന്‍ പ്രയാസവും പോലുള്ള ഹ്രസ്വകാല പ്രശ്‌നങ്ങളും നേരിടുന്നു. അതുപോലെ അവരുടെ ലൈംഗിക, പ്രത്യുല്‍പ്പാദന ആരോഗ്യത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുന്ന ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ട്.

സ്ത്രീ ലൈംഗികാവയവം ഛേദിക്കലിനോട് സമ്പൂര്‍ണ എതിര്‍പ്പ് വ്യക്തമാക്കുന്ന അന്താരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ട ചരിത്രവും സ്ഥിതി വിവര കണക്കുകളും

1997-ലാണ് ലോകാരോഗ്യ സംഘടന യൂനിസെഫും യുഎന്‍എഫ്‌പിഎയുമായി ചേർന്ന് ഈ പ്രക്രിയയെ എതിര്‍ക്കുന്ന ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. അന്നു തൊട്ട് ഓരോ വര്‍ഷവും അന്താരാഷ്ട്ര തലത്തില്‍ നിരവധി ശ്രമങ്ങള്‍ ഇതിനെതിരെ നടത്തി വരുന്നുണ്ട്. 2007-ല്‍ ഈ പ്രക്രിയക്കെതിരെ പ്രതിഷേധിക്കുന്നതിനായി യുഎന്‍എഫ്‌പിഎയും യൂനിസെഫും ചേര്‍ന്ന് ഒരു സംയുക്ത പദ്ധതിക്കും തുടക്കമിട്ടു. ഇതിനെ തുടര്‍ന്ന് 2012-ല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതു സഭാ സമ്മേളനം ഫെബ്രുവരി ആറ് സ്ത്രീ ലൈംഗികാവയവം ഛേദിക്കൽ പ്രക്രിയക്കെതിരെയുള്ള സമ്പൂര്‍ണ്ണ എതിര്‍പ്പിന്‍റെ അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചുകൊണ്ട് ഒരു പ്രമേയം പാസാക്കി.

ഈ വര്‍ഷവും യുഎന്‍എഫ്‌പിഎയും യൂനിസെഫും ചേര്‍ന്ന് എഫ്‌ജിഎം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ഇന്‍റര്‍ ആഫ്രിക്കന്‍ കമ്മിറ്റി ഓണ്‍ ട്രെഡീഷണല്‍ പ്രാക്ടീസസുമായി (ഐഎസി) ചേര്‍ന്ന് 2021-ലേക്കുള്ള ഒരു വിഷയം പ്രഖ്യാപിച്ചു: “ആഗോള തലത്തിലെ അലസതക്ക് വിരാമമിടൂ, ഒറ്റക്കെട്ടാകൂ, ധനസഹായം ചെയ്യൂ, അതുവഴി സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍ അവസാനിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കൂ.'' എല്ലാ വര്‍ഷവും ഈ ദിനാചരണത്തിന്‍റെ ഭാഗമായി “എ പീസ് ഓഫ് മി'' എന്ന പ്രചാരണത്തിന്‍റെ ഭാഗമായി സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍ ഇല്ലായ്മ ചെയ്യുന്നതിനായി വിവിധ പരിപാടികളും യുഎന്‍എഫ്‌പിഎ സംഘടിപ്പിച്ചു വരുന്നുണ്ട് .

എഫ്‌ജിഎമ്മിന്‍റെ പാര്‍ശ്വഫലങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചികിത്സ നല്‍കുന്നതിനു വേണ്ടി ഓരോ വര്‍ഷവും 1.4 ബില്ല്യണ്‍ ഡോളര്‍ ചെലവിടുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 20 കോടിയില്‍പരം സ്ത്രീകളും പെണ്‍കുട്ടികളും ഓരോ വര്‍ഷവും സാംസ്‌കാരിക, വൈദ്യേതര കാരണങ്ങളുടെ പേരില്‍ എഫ്‌ജിഎം നേരിടുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. 2021-ല്‍ മാത്രം ലോകത്താകമാനമുള്ള ഏതാണ്ട് 41.6 ലക്ഷം പെണ്‍കുട്ടികള്‍ സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍ പ്രക്രിയ നേരിടാനുള്ള സാധ്യത ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. മാത്രമല്ല, വിവിധ കാരണങ്ങളാല്‍ എഫ്‌ജിഎമ്മിന് ഇരയാകുന്നവരില്‍ നാലിലൊന്ന് ഭാഗത്തിനും, അതായത് ഏതാണ്ട് 5.2 കോടി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വൈദ്യ പരിചരണം ലഭിക്കുന്നതേയില്ല എന്നും യൂനിസെഫ് ചൂണ്ടികാട്ടുന്നു. ആഫ്രിക്കയിലേയും മധ്യപൂര്‍വേഷ്യയിലേയും 30 രാജ്യങ്ങളിലായാണ് ഈ ദുരാചാരം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍ ഒരു ആഗോള പ്രശ്‌നമാണെന്നും ഏഷ്യയിലേയും ലാറ്റിന്‍ അമേരിക്കയിലേയും ചില രാജ്യങ്ങളിലും അത് ചെയ്തു വരുന്നുണ്ടെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു. പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ജീവിക്കുന്ന കുടിയേറ്റ ജനങ്ങള്‍ക്കിടയിലും സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍ പ്രക്രിയ തുടര്‍ന്നു വരുന്നുണ്ട്.

എന്താണ് ഈ പ്രക്രിയ, ഇതെങ്ങനെ ഹാനികരമാകുന്നു?

ഈ പ്രക്രിയയുടെ ഭാഗമായി ക്ലിറ്റോറിസ് അല്ലെങ്കില്‍ കൃസരി എന്ന് വിളിക്കുന്ന സ്ത്രീ ലൈംഗികാവയവത്തിന്‍റെ ഒരു ഭാഗം ഒരു ബ്ലെയ്‌ഡ് കൊണ്ട് മുറിച്ചു മാറ്റുകയോ അല്ലെങ്കില്‍ സ്ത്രീ ലൈംഗികാവയവം തുന്നി കെട്ടുകയോ അല്ലെങ്കില്‍ മൊത്തം ലൈംഗികാവയവം നീക്കം ചെയ്യുകയോ ചെയ്യുന്നു. ഈ പ്രക്രിയ മൊത്തത്തില്‍ കടുത്ത വേദനയുളവാക്കുന്ന ഒന്നാണ്. മാത്രമല്ല ബോധത്തോടെയുള്ള അവസ്ഥയിലാണ് സ്ത്രീകളില്‍ അല്ലെങ്കില്‍ പെണ്‍കുട്ടികളില്‍ ഈ പ്രക്രിയ നടത്തുന്നത്. അനസ്തേഷ്യ(ബോധം കെടുത്തൽ) ഒട്ടും തന്നെ ഉപയോഗിക്കുന്നില്ല. ജനിച്ച് കഴിഞ്ഞ ഉടന്‍ അല്ലെങ്കില്‍ 15 വയസാകുന്ന കാലഘട്ടങ്ങളില്‍ എപ്പോഴെങ്കിലുമാണ് ഈ പ്രക്രിയ ഭൂരിഭാഗവും ചെയ്തു വരുന്നത്.

ലൈംഗികാവയവം ഛേദിക്കപ്പെട്ടു കഴിഞ്ഞ അവസ്ഥയില്‍ ഒരു സ്ത്രീക്ക് സാധാരണയായി ഓവറികളില്‍ മുഴ, മൂത്രമൊഴിക്കുമ്പോള്‍ വേദന, അണുബാധകള്‍, മാസമുറ സമയത്ത് പല തരം പ്രശ്‌നങ്ങള്‍, യോനിയില്‍ വീക്കം, വേദന, ചൊറിച്ചില്‍ എന്നിവയോടൊപ്പം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അസ്വസ്ഥതകളും നേരിടേണ്ടി വരുന്നു. രണ്ട് തരത്തിലുള്ള പാര്‍ശ്വ ഫലങ്ങളാണ് ലൈംഗികാവയവം ഛേദിക്കുന്നതിലൂടെ സ്ത്രീകളില്‍ ഉണ്ടാകുന്നത് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒന്ന് ഉടനടി ഉണ്ടാകുന്ന പാര്‍ശ്വ ഫലങ്ങളെങ്കില്‍, രണ്ടാമത്തേത് ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നവ. ഒരേ ബ്ലെയ്‌ഡ് കൊണ്ടു തന്നെ ഒട്ടനവധി സ്ത്രീകളെ ഈ പ്രക്രിയക്ക് വിധേയമാക്കുമ്പോള്‍ ഗര്‍ഭധാരണ ശേഷി നഷ്ടപ്പെടല്‍, എച്ച്‌ഐവി ബാധ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ യോനിയിലെ അണുബാധകള്‍ക്ക് പുറമെ ഉണ്ടാകുവാനുള്ള അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പലപ്പോഴും അമിത രക്തസ്രാവം മൂലം കുഞ്ഞുങ്ങള്‍ ഈ പ്രക്രിയാ വേളയില്‍ മരണപ്പെടാറുണ്ട്. ഈ പ്രക്രിയ നല്‍കുന്ന വേദനയും ഞെട്ടലും താങ്ങാന്‍ കരുത്തില്ലാത്ത സ്ത്രീകള്‍ പലരും കോമയിലാകാറുമുണ്ട്. ശാരീരികമായി മാത്രമല്ല ഈ പ്രക്രിയ കനത്ത പ്രഭാവം സൃഷ്ടിക്കുന്നത്. മാനസിക ആരോഗ്യത്തേയും അത് ബാധിക്കുന്നു. അതിനാല്‍ ഒരു സ്ത്രീ ട്രൂമ കഴിഞ്ഞുണ്ടാകുന്ന സമ്മര്‍ദ്ദ തകരാറുകള്‍, (പിടിഎസ്‌ഡി), വിഷാദം തുടങ്ങിയവയ്ക്കും ഇരയാകുന്നു.

എഫ്‌ജിഎമ്മിനെതിരെയുള്ള നിയമം

ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രജ്ഞയായ ഡോക്ടര്‍ ക്രിസ്റ്റിന പെലിറ്റൊ ഈ പ്രക്രിയ അവസാനിപ്പിക്കുന്നതിനു വേണ്ടി ലോകത്താകമാനം നിരവധി നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് പറയുന്നു. 1997-ല്‍ ആഫ്രിക്കയിലേയും മധ്യ പൂര്‍വ്വേഷ്യയിലേയും 26 രാജ്യങ്ങള്‍ ഈ പ്രക്രിയയെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിച്ചിട്ടുണ്ടെങ്കിലും 33 രാജ്യങ്ങളില്‍ ഇപ്പോഴും അത് തുറന്നു തന്നെ തുടര്‍ന്നു വരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ അത്തരം കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുകയും ഏതാണ്ട് ഇരട്ടിയായി തന്നെ മാറുകയും ചെയ്തു എന്നുള്ളത് കൂടുതല്‍ ഉല്‍കണ്ഠ നല്‍കുന്ന കാര്യമാണെന്ന് യൂനിസെഫ് ചൂണ്ടികാട്ടുന്നു. ഇന്ത്യയിലും ഒരു പ്രത്യേക സമുദായത്തില്‍ സ്ത്രീകളുടെ ലൈംഗികാവയവം ഛേദിക്കുന്ന പ്രക്രിയ നടന്നു വരുന്നുണ്ട്. അതിനെതിരെ നിയമം പാസാക്കുന്നതിനു വേണ്ടി സ്ത്രീകള്‍ മാത്രമല്ല നിരവധി സാമൂഹിക സംഘടനകളും പ്രചാരണം നടത്തി വരുന്നുണ്ട്.

കൊവിഡും എഫ്‌ജിഎമ്മും

2020-ല്‍ കൊവിഡ് ആഗോള തലത്തില്‍ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു എന്നു മാത്രമല്ല, എഫ്‌ജിഎം കേസുകള്‍ ഗണ്യമാംവിധം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. നിരവധി രാജ്യങ്ങള്‍ അടച്ചു പൂട്ടലിനു കീഴിലായപ്പോഴാണ് ഈ കേസുകള്‍ വര്‍ധിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകത്തെ പെണ്‍കുട്ടികളുടെ നിലവിലും ഭാവിയിലും ഉള്ള സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ലോകാരോഗ്യ സംഘടനയും എച്ച്‌ആര്‍പിയും പ്രത്യേക ക്രമീകരണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. പ്രത്യേകിച്ച് ഈ പ്രക്രിയ നടന്നു വരുന്ന രാജ്യങ്ങളില്‍ ഇതിനെ കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപകമാക്കുന്നതോടൊപ്പം നഴ്‌സുമാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി വരുന്നുണ്ട്.

ABOUT THE AUTHOR

...view details