തിരുവനന്തപുരം:കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ലഭിച്ച ക്ഷണം പതിറ്റാണ്ടുകളുടെ സംഘപരിവാർ- കോൺഗ്രസ് രക്തബന്ധത്തിന്‍റെ പിൻബലത്തിലെന്ന് മന്ത്രി എം ബി രാജേഷ്. ക്ഷണം ഊഷ്‌മളമായ അനേകം പരസ്‌പര വിനിമയങ്ങളുടെ ബാക്കിപത്രമാണ്. രാജീവ്ഗാന്ധിയും നരസിംഹ റാവുവും നിലമൊരുക്കിക്കൊടുത്തിടത്ത് ഉയരുന്ന രാമക്ഷേത്രത്തിൽ സോണിയയ്ക്കുള്ള അവകാശം അനിഷേധ്യമാണെന്നും എംബി രാജേഷ് ഫേസ്‌ബുക്കില്‍ പരിഹസിച്ചു.
മുൻ പ്രധാനമന്ത്രിയും സോണിയ ഗാന്ധിയുടെ ഭർത്താവുമായ രാജീവ് ഗാന്ധിയെയും വിമർശിച്ചുകൊണ്ടാണ് രാജേഷിന്‍റെ ഫേസ്ബുക് പോസ്‌റ്റ്. രാജീവ് ഗാന്ധിയുടെ പിൻഗാമി സോണിയാ ഗാന്ധിക്ക് ചടങ്ങിൽ പങ്കെടുക്കാൻ അർഹതയില്ലെങ്കിൽ പിന്നെ മറ്റാർക്കാണുള്ളതെന്ന് എംബി രാജേഷ് പരിഹസിക്കുന്നു. നെഹ്റു അടച്ചിട്ട അയോദ്ധ്യ അധ്യായം രാജീവ് ഗാന്ധി തുറന്നില്ലെങ്കിൽ, പുതിയ ക്ഷേത്രവും പ്രതിഷ്‌ഠയും നടക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
എം ബി രാജേഷിന്‍റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം:
ഇതിലെന്താണിത്ര വിവാദം? രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ശ്രീമതി സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചത് വളരെ സ്വാഭാവികമല്ല? അത്രമേൽ രാഷ്ട്രീയ നിരക്ഷരരായവർ മാത്രമേ അതിൽ അദ്ഭുതപ്പെടുകയുള്ളൂ. പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ സോണിയാ ഗാന്ധിക്കും കോൺഗ്രസിനും അർഹതയുണ്ട്. ബിജെപിയോളം ഒരുപക്ഷേ അവരെക്കാൾ അൽപ്പം അധികമായും. 1989ൽ അയോദ്ധ്യയിൽ ആദ്യമായി ശിലാന്യാസം അനുവദിച്ച അന്നത്തെ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ രാജീവ് ഗാന്ധിയുടെ പിൻഗാമി സോണിയാ ഗാന്ധിക്ക്, അന്ന് പള്ളി പൊളിച്ച സ്ഥലത്ത് പൊളിച്ചവരുടെ ആഗ്രഹം സഫലമാകുന്ന ചടങ്ങിൽ സന്തോഷത്തോടെ പങ്കെടുക്കാൻ അർഹതയില്ലെങ്കിൽ പിന്നെ മറ്റാർക്കാണുള്ളത്?
നെഹ്റു അടച്ചിട്ട അയോദ്ധ്യ അധ്യായം അന്ന് രാജീവ് ഗാന്ധി തുറന്നില്ലെങ്കിൽ, പുതിയ ക്ഷേത്രവും പ്രതിഷ്‌ഠയും വല്ലതും നടക്കുമായിരുന്നോ? 1992 ഡിസംബർ 6ന്, കേന്ദ്ര ഭരണാധികാരം കയ്യിലുണ്ടായിട്ടും, യുപി സർക്കാരിനെ പിരിച്ചുവിടാൻ അനുച്ഛേദം 356 ഭരണഘടനയിലുണ്ടായിട്ടും, ബാബറി മസ്‌ജിദ് നിന്ന സ്ഥലം ക്ഷേത്ര നിർമ്മാണത്തിന് സംഘപരിവാർ ശക്തികൾ പാകപ്പെടുത്തും വരെ, ഒരു സാഹസത്തിനും മുതിരാതെ സംയമനം പാലിച്ച കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന്‍റെ പിന്മുറക്കാരിയായ സോണിയ ഗാന്ധി പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നതിലല്ലേ അനൗചിത്യം
നരസിംഹ റാവു അന്ന് അത് തടഞ്ഞിരുന്നെങ്കിൽ ഇന്ന് എന്ത് ക്ഷേത്രം? എവിടെ പ്രതിഷ്‌ഠ നടത്താൻ? ഒടുവിൽ അയോധ്യയിൽ ക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ അത് ദേശീയ ഐക്യത്തിന്‍റെ മുഹൂർത്തമാണെന്ന് മൊഴിഞ്ഞ പ്രിയങ്കാഗാന്ധിയുടെ അമ്മയ്ക്ക് പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്നോ? തറക്കല്ലിടാൻ വെള്ളി ഇഷ്‌ടിക സമ്മാനിച്ച കമൽനാഥിന്‍റെയും, ഹനുമാൻ ചാലിസയും ഭജനയുമായി പിന്തുണച്ച ദിഗ് വിജയ് സിംഗിന്‍റെയും നേതാവായ സോണിയാജിക്ക് പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള അർഹതയെ ചോദ്യം ചെയ്യാൻ ആർക്കാണധികാരം? ചരിത്രത്തിൽ എക്കാലത്തും ആർഎസ്എസുമായി കൊടുക്കൽ വാങ്ങലുകളിലേർപ്പെട്ട കോൺഗ്രസിന്‍റെ ഇപ്പോഴത്തെ ഏറ്റവും പ്രധാന നേതാവ് അവരുടെ ക്ഷണം ഇപ്പോൾ മാത്രം എങ്ങനെ നിരാകരിക്കും?
1949 ഒക്ടോബർ 7 ന് നെഹ്റു വിദേശത്ത് പോയ തക്കത്തിൽ പട്ടേലിന്‍റെ നേതൃത്വത്തിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ആർഎസ്എസുകാരെ കോൺഗ്രസിന്‍റെ അംഗങ്ങളാവാൻ ക്ഷണിച്ചതല്ലേ? അതും ഗാന്ധി വധത്തിന്‍റെ പേരിൽ ആർഎസ്എസ് നിരോധനം നേരിട്ട് അധികം കഴിയും മുൻപ്. (പിന്നീട് 1949 നവംബർ 7ന് തിരിച്ചെത്തിയ നെഹ്റു അത് റദ്ദാക്കുകയായിരുന്നു) മാത്രമല്ല കോൺഗ്രസ് സർക്കാർ ആർഎസ്എസിനെ ഗണവേഷത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ ക്ഷണിച്ചതും പങ്കെടുപ്പിച്ചതും ചരിത്രമാണല്ലോ. ഗാന്ധി വധത്തിന്‍റെ കരിനിഴലിൽ കഴിഞ്ഞ ആർഎസ്എസിന് ആ ക്ഷണം വഴി കോൺഗ്രസ് സർക്കാർ നൽകിയ മാന്യതയുടെ മുഖംമൂടി എത്ര വലുതായിരുന്നു?