ടൊറണ്ടോ(കാനഡ):തലച്ചോറില്‍ ഓക്‌സിജന്‍റെ അളവില്‍ കുറവ്, കുറഞ്ഞ കോഗ്‌നിഷ്യന്‍( ചിന്ത, അനുഭവങ്ങള്‍, ഇന്ദ്രീയങ്ങള്‍ എന്നിവയിലൂടെ അറിവും ധാരണയും ഉണ്ടാക്കുന്ന പ്രക്രീയ), ഉത്‌കണ്ഠ, വിഷാദം എന്നിവ ലോങ് കൊവിഡിന്‍റെ ഭാഗമായി ഉണ്ടാകുമെന്ന് പുതിയ ഗവേഷണ പ്രബന്ധം. കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയിലെ ഗവേഷകര്‍ രണ്ട് സമാന്തര പഠനങ്ങളെ സംയോജിപ്പിച്ചാണ് വിലയിരുത്തലുകള്‍ നടത്തിയത്. കോഗ്‌നിറ്റീവ് ടെസ്‌റ്റ്, തലച്ചോറിലെ ഓക്‌സിജന്‍ അളവിന്‍റെ ഇമേജിങ് എന്നിവ നടത്തിയ ലബോറട്ടറി ടെസ്‌റ്റും, കാനഡയില്‍ 2021 ലും 2022ലും ടത്തിയ ദേശീയ പോപ്പുലേഷന്‍ സര്‍വെയിലെ (national population survey of Canadians)കണ്ടെത്തലുകളുമാണ് ഗവേഷകര്‍ സംയോജിപ്പിച്ചത്.
ലക്ഷണങ്ങളോടെയുള്ള കൊവിഡ് ബാധിക്കപ്പെട്ടവര്‍ രണ്ട് കമ്പ്യൂട്ടര്‍ ടാസ്‌കുകളില്‍ മോശം പ്രകടനം നടത്തിയെന്ന് ലോബോറട്ടറി ടെസ്‌റ്റില്‍ കണ്ടെത്തി. ഒരു കമ്പ്യൂട്ടര്‍ ടാസ്‌ക് പരിശോധിച്ചത് ഇന്‍ഹിബിഷനാണ്, അടുത്ത കമ്പ്യൂട്ടര്‍ ടാസ്‌ക് പരിശോധിച്ചത് ഇംപള്‍സിവായിട്ടുള്ള തീരുമാനം എടുക്കലാണ്(impulsive decision-making). ഈ ടാസ്‌കുകള്‍ ചെയ്യുമ്പോള്‍ കൊവിഡ് ബാധിച്ചവരുടെ തലച്ചോറില്‍ കൊവിഡ് ബാധിക്കപ്പെടാത്തവരെ അപേക്ഷിച്ച് ഓക്‌സിജന്‍റെ അളവ് കുറവാണെന്ന് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തി.
തലച്ചോറിലെ ഓക്‌സിജന്‍റെ അളവ് കുറയുമെന്ന കണ്ടെത്തലിന് പ്രാധാന്യം: ഒരു കോഗ്‌നിറ്റീവ് ടാസ്‌കിന്‍റെ സമയത്ത് ലക്ഷണങ്ങളോടെയുള്ള കൊവിഡ് ബാധിച്ചവരുടെ തലച്ചോറിലെ ഓക്‌സിജന്‍റെ അളവ് കുറവായിരിക്കുമെന്നുള്ള കാര്യം ആദ്യമായി കണ്ടെത്തിയത് തങ്ങളാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ ഹാള്‍ പറഞ്ഞു. നമ്മുടെ കോഗ്‌നിറ്റീവ് കഴിവുകളെ കൊവിഡ് ക്ഷയിപ്പിക്കുന്നതിന്‍റെ വഴികളില്‍ ഒന്ന് ഇത്തരത്തില്‍ തലച്ചോറില്‍ ഓക്‌സിജന്‍റെ അളവ് കുറച്ച് കൊണ്ടായിരിക്കുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞത്. അതുകൊണ്ട് തന്നെ ഈ കണ്ടെത്തലുകള്‍ക്ക് പ്രാധാന്യം ഉണ്ട്.