'DIRECTED BY MANIRATNAM'എന്ന ടൈറ്റിൽ കഴിഞ്ഞാൽ പിന്നീടൊരു യാത്രയാണ്...പ്രണയം, സൗഹൃദം, വിരഹം, കുടുംബ ബന്ധങ്ങൾ തുടങ്ങി മനുഷ്യന്‍റെ വികാര- വിചാരങ്ങളുടെ കെട്ടഴിച്ചുവിട്ട മായികലോകത്തേക്കുള്ള യാത്ര.. പ്രമേ യ വൈവിധ്യവും ആവിഷ്‌കാര ചാരുതയും കലാമൂല്യവും നിറഞ്ഞതാണ് ഓരോ മണിരത്നം ചിത്രവും. പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന സുന്ദരകാവ്യം...
സിനിമ പ്രേക്ഷകന് അനുഭവ വേദ്യമാക്കുന്നതില്‍ അസാമാന്യ വൈദഗ്‌ധ്യമുള്ള മണിരത്നം അദ്ദേഹത്തിന്‍റെ ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു. മണിരത്നത്തിന്‍റെ ഓരോ പ്രണയകഥയ്‌ക്കും വ്യത്യസ്‌ത ഘട്ടങ്ങളും ഭാവങ്ങളുമുണ്ട്. തമിഴ് സിനിമകളിലെ ക്ലീഷേകളിൽ ഒന്നുപോലും അദ്ദേഹം പിന്തുടർന്നിട്ടില്ല. സ്ഥിരം ചേരുവകളിൽ നിന്ന് മാറി വ്യത്യസ്‌തത നിലനിർത്തിയുള്ളതായിരുന്നു മണിരത്നത്തിന്‍റെ ചിത്രങ്ങൾ.
സ്ക്രീനിലെത്തിച്ച പുരാണകഥകൾ, മനം മയക്കും ഫ്രെയിമുകൾ, മികച്ച ഛായാഗ്രഹണം എന്നിങ്ങനെ അദ്ദേഹം വ്യത്യസ്‌തത നിലനിർത്തിയത് പല രീതിയിലായിരുന്നു. കാടും മഴയും പുഴയും കടലുമൊക്കെ അദ്ദേഹത്തിന്‍റെ സിനിമയിലെ കഥാപാത്രങ്ങളായെന്ന് തോന്നിപ്പോകും. ഒരുപക്ഷെ, പ്രണയത്തിന് മാറ്റ് കൂട്ടാൻ പ്രകൃതിക്കാകുമെന്ന് തെളിയിക്കുന്ന നേച്ചർ സിനിമാറ്റിക് ഷോട്ടുകൾ.
പ്രണയത്തിന്‍റെ വൈവിധ്യം നിറഞ്ഞ ഫ്രെയിമുകൾ സമ്മാനിച്ച മണിരതന്ം, ലാളിത്യം നിറഞ്ഞ കഥകളാലും മികച്ച രീതിയിൽ അത് ആവിഷ്‌കരിക്കാനുള്ള വൈദഗ്ധ്യവും കൊണ്ട് ഇന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധ നേടി. സിനിമയില്‍ സ്വന്തം സാമ്രാജ്യം സൃഷ്‌ടിച്ചു. പ്രണയിക്കാനുള്ള ഇടമായി ബസും ട്രെയിനും റെയിൽവേ സ്റ്റേഷനുമൊക്കെ മാറിയപ്പോൾ പ്രേക്ഷർ അതിലെ യാത്രക്കാരായി.
നായകൻ, മൗനരാഗം, അഞ്ജലി, ഗീതാഞ്ജലി, ഇരുവർ, ദളപതി, റോജ, തിരുടാ തിരുടാ, ബോംബെ, ദിൽ സേ, അലെയ്‌പ്പായുതെ, കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത്, ഗുരു, രാവണൻ, ഓ കെ കൺമണി, കാട്രുവെളിയിടെ, ചെക്ക ചിവന്ത വാനം എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രശസ്‌ത സിനിമകൾ. ഓരോ സിനിമയിലെയും അഭിനേതാക്കളുടെ കണ്ണുകളിലെ ചലനങ്ങൾ പോലും അദ്ദേഹത്തിന്‍റെ മായാജാലത്തിൽ വിസ്‌മയമായി.
അഭിനേതാക്കളെ ഉതിക്കാച്ചിയെടുത്ത പൊന്നാക്കി തന്‍റെ ചിത്രത്തിൽ എത്തിക്കാൻ അസാമാന്യ കഴിവുള്ളയാളായിരുന്നു മണിരത്നം. അദ്ദേഹത്തിന്‍റെ ഫ്രെയിമുകളിൽ നായിക നായകന്മാരുടെ സൗന്ദര്യത്തിന്‍റെ തീവ്രത ആഴത്തിൽ പതിഞ്ഞിരുന്നു. അത്രമേൽ മനോഹാരിതയോടെ അവരുടെ ഓരോ സീനും ഒപ്പിയെടുത്തു.
മണിരത്നത്തിന്‍റെ മാധവൻ : അലൈപായുതെ എന്ന ചിത്രത്തില്‍ കാർത്തിക്കായി മാധവനെയും ശക്തിയായി ശാലിനിയെയും മണിരത്നം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. പ്രണയമുഹൂർത്തങ്ങൾ കോർത്തൊരുക്കിയ ചിത്രത്തിൽ ഒരു ചോക്ലേറ്റ് ബോയ് എന്ന പരിവേഷത്തിൽ കാർത്തിക്കിലൂടെ മാധവൻ നിറഞ്ഞാടി. അതേ മാധനവനെ തന്നെ കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലൂടെ പുനരവതിരിപ്പിച്ചപ്പോൾ ഒരു നടന്‍റെ അഭിനയപാടവത്തിന്‍റെ തീവ്രത എത്രത്തോളമാണെന്ന് മണിരത്നം ആളുകൾക്ക് വ്യക്തമാക്കിക്കൊടുത്തു. കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അത്രയും പക്വതയാർന്ന കഥാപാത്രത്തിലേക്കുള്ള മാധവന്‍റെ ചുവടുമാറ്റം കണ്ടുനിന്നവരെയും ഞെട്ടിച്ചു.
ചോക്ലേറ്റ് ബോയ് പരിവേഷത്തിൽ നിന്നുള്ള ചുവടുമാറ്റം വീണ്ടും മാധവനെ ആയുധ എഴുത്ത് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചു. പരുക്കനും ചങ്കൂറ്റവുമുള്ള നടന്‍റെ മറ്റൊരു മുഖത്തെയും സംവിധായകൻ വരച്ചിട്ടു. മാധവൻ അതിന് നിറങ്ങൾ നൽകി. അഭിനേതാക്കളുടെ ആക്‌ടിങ് ടെക്‌സ്ച്ചർ മാറ്റാൻ ഒരു സംവിധായകന് കഴിയുമെന്ന് കാണിച്ചുതന്ന പക്ക മണിരത്നം ബ്രില്യൻസ്.
മണിരത്നം സിനിമയിലെ ചിയാൻ വിക്രം : രാവണൻ എന്ന ഒറ്റ ചിത്രം മതിയാകും മണിരത്നം എങ്ങനെയാണ് വിക്രമിനെ സ്ക്രീനിലെത്തിച്ചത് എന്ന് ഓർമിക്കാൻ. ഒരു കാട്ടുകള്ളന്‍റെ വന്യത മുഴുവൻ വിക്രത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. രാവണനിലെ വീരയ്യ എന്ന കഥാപാത്രം വിക്രത്തിന് വേണ്ടി മാത്രം രൂപപ്പെടുത്തിയതാണോ എന്ന് പോലും തോന്നിപ്പോകും. ഈ ഒരൊറ്റ കഥാപാത്രം വിക്രം എന്ന നടന് നൽകിയ മൈലേജ് വളരെ വലുതായിരുന്നു.
വിക്രമിന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് രാവണനിൽ കാണാൻ കഴിയുന്നത്. വീരയ്യയുടെ ചോര വീഴുന്ന സ്ക്രീൻ കണ്ട് ഇറങ്ങിയ ഒരാൾക്കും വിക്രത്തിനെ അല്ലാതെ മറ്റാരെയും ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ കഴിയില്ല. പൊന്നിയിൻ സെൽവനിലൂടെ വീണ്ടും മണിരത്നം- വിക്രം കൂട്ടുകെട്ട് പ്രേക്ഷകർ മനം നിറഞ്ഞ് കണ്ടിരുന്നു.
മണിരത്നം സമ്മാനിച്ച ഉലക അഴകി : മണിരത്നത്തിന്‍റെ ഇരുവർ എന്ന കൾട്ട് ക്ലാസിക്കിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ റായ്. മണിരത്നം- ഐശ്വര്യ റായ് കൂട്ടുകെട്ടിന്‍റെ നാല് അങ്കങ്ങൾ പ്രേക്ഷകർ കണ്ടു. 1997ൽ പുറത്തിറങ്ങിയ ഇരുവർ, 2007ൽ പുറത്തിറങ്ങിയ ഗുരു, 2010ൽ രാവണൻ, 2022ലും 2023ലും പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനിലെ രണ്ട് ഭാഗങ്ങൾ. താരറാണിയായുള്ള ഐശ്വര്യയുടെ പിറവി ഇരുവറിലൂടെയായിരുന്നു.
മണിരത്നം സമ്മാനിച്ച താരറാണി ഐശ്വര്യ റായ് പുഷ്‌പയായും കൽപ്പനയായും ഇരുവറിൽ ഐശ്വര്യ തിളങ്ങി. മണിരത്നം എന്ന സംവിധായകനെ ബോളിവുഡിൽ അടയാളപ്പെടുത്തിയ ചിത്രമായ ഗുരുവിലും ഐശ്വര്യ മിന്നുന്ന പ്രകടനമാണ് കാഴ്‌ചവച്ചത്. രാവണൻ എന്ന ചിത്രത്തിന്‍റെ നട്ടെല്ല് ഐശ്വര്യ അവതരിപ്പിച്ച രാഗിണി എന്ന കഥാപാത്രമായിരുന്നു. വീരയ്യയിൽ നിന്ന് ഏതുവിധേനെയും രക്ഷപ്പെടാൻ ശ്രമിക്കുന്ന രാഗിണി. ഒളിച്ചുകടക്കാനുള്ള ശ്രമം, ആക്രമിച്ച് വീഴ്ത്താനുള്ള ശൗര്യം, വീറോടെ വീരയ്യയ്ക്ക് മുന്നിൽ നിൽക്കുന്ന രാഗിണി മരണത്തെപ്പോലും ഭയപ്പെടാത്ത മണിരത്നം സൃഷ്‌ടിയായിരുന്നു.
'നിങ്ങൾക്കെന്നെ കൊല്ലാനാവില്ല' എന്ന് വീരയ്യക്ക് നേരെ അലറി ആകാശം മുട്ടുന്ന പാറക്കെട്ടിൽ നിന്ന് താഴേക്ക് ചാടിയ രാഗിണി. നദിയിലൂടെ നീന്തുമ്പോഴും പാറക്കെട്ടിനിടയിലൂടെ ഇഴഞ്ഞുനീങ്ങുമ്പോഴും, മരച്ചിലകളിൽ തട്ടി താഴേക്ക് പതിക്കുമ്പോഴും ഐശ്വര്യ റായ് എന്ന സാഹസിക അഭിനേത്രിയെയാണ് നമുക്ക് മണിരത്നം സമ്മാനിച്ചത്.
മണിരത്നത്തിന്‍റെ അഴകൻ :ദളപതി എന്ന ചിത്രത്തിലൂടെയാണ് മണിരത്നം അരവിന്ദ് സ്വാമിയെന്ന നടനെ സിനിമ ലോകത്തിന് സമ്മാനിച്ചത്. അരവിന്ദ് സ്വാമി തമിഴകത്തെ കാതൽമന്നനായതും മണിരത്നത്തിന്‍റെ തന്നെ ബോംബെ, റോജ എന്നീ സിനിമകളിലൂടെയായിരുന്നു. അതേ കാതൽമന്നനിൽ നിന്നും വില്ലനായുള്ള വേഷപ്പകർച്ച മണിരത്നം തന്നെ ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമിക്ക് നൽകി.
രാഷ്‌ട്രീയവും ഭീകരതയും കലാപവുമൊക്കെ പ്രണയത്തിനിടയിലേക്ക് കടന്നുകയറി ഭീതി നിറച്ച പ്രണയകാവ്യങ്ങളായിരുന്നു റോജയും ബോംബെയും. തീവ്രമായ ബന്ധങ്ങളുടെയും പോരാട്ടത്തിന്‍റെയും കഥ പറഞ്ഞ ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിൽ ചോരക്കളത്തിൽ നിറഞ്ഞാടിയ അരവിന്ദ് സ്വാമിയുടെ വരദൻ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രം മികവ് പുലർത്തി.
കമൽ ഹാസന്‍റെ മികച്ച പെർഫോമൻസുകളിൽ ഒന്നാണ് നായകൻ എന്ന ചിത്രത്തിലേത്. ഗോഡ് ഫാദർ എന്ന വിഖ്യാത ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് നായകൻ എന്ന ചിത്രം ഒരുക്കിയത്. ദളപതിയിൽ മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ചെത്തിയപ്പോൾ ആ സൗഹൃദം കണ്ടിരുന്നവരും ആസ്വദിച്ചു. ചുണ്ടിലേക്ക് എറിയുന്ന സിഗരറ്റും സ്റ്റൈലിഷ് ഡ്രെസ്സിങ്ങും മാസ് ഡയലോഗുമൊക്കെയായി സ്ക്രീനിലെത്തിയിരുന്ന രജനീകാന്തിന് റിയലസ്റ്റിക്കായി ദളപതിയില്‍ മണിരത്നം നൽകിയ വേഷപ്പകർച്ച ആരാധകരും ഏറ്റെടുത്തു.
മണിരത്നത്തിന്‍റെ നായികമാർ കണ്ണുകളിലൂടെ പ്രണയം പറഞ്ഞ നായികമാരും മണിരത്നത്തിന്‍റെ ഹിറ്റ്ലിസ്റ്റിലുണ്ട്. രേവതി, ശോഭന, തബു, മധുബാല, ശരണ്യ, ശാലിനി, മനീഷ കൊയ്‌രാള, സിമ്രാൻ, നിത്യ മേനോൻ, അദിതി റാവു ഹൈദരി തുടങ്ങി ഒരുപിടി മികച്ച നായികമാരെ അത്രയും ഭംഗിയോടെ മണിരത്നം സൃഷ്‌ടിച്ച രീതിയിൽ ഇന്നോളം മറ്റാർക്കും വെള്ളിത്തിരക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വേണം പറയാൻ. മണിരത്നത്തിന്‍റെ രൂപകൽപ്പനയിലൊരുങ്ങിയ നിരവധി മാജിക്കുകൾ. ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണിരത്നത്തിന് ഇന്ന് 67-ാം ജന്മദിനം.