തിരുവനന്തപുരം : ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ അധ:സ്ഥിത വിഭാഗങ്ങളുടെയും അടിസ്ഥാന വര്‍ഗങ്ങളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങള്‍ നിരന്തരം സഭയിലുന്നയിച്ച് ശ്രദ്ധേയയായ പുതുമുഖ വനിത എംഎല്‍എയാണ് കോങ്ങാട് നിയോജക മണ്ഡലത്തിന്‍റെ പ്രതിനിധിയായ അഡ്വ.കെ.ശാന്തകുമാരി. സംവരണ നിയോജക മണ്ഡലത്തില്‍ നിന്നുള്ള വനിത ജനപ്രതിനിധി എന്ന നിലയില്‍ ഇത് തന്‍റെ ഉത്തരവാദിത്തമായി കരുതുന്ന ശാന്തകുമാരി എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയുമാണ് പൊതുരംഗത്തെത്തിയത്. 1995 ല്‍ പാലക്കാട് ജില്ല പഞ്ചായത്ത് അംഗമായ ശാന്തകുമാരി 2015 മുതല്‍ 2020 വരെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം പാടത്തു പോയി ജീവിതത്തോട് പടവെട്ടിയ ബാല്യകാലം ഓര്‍ത്തെടുത്ത് കെ.ശാന്തകുമാരി എംഎല്‍എ - പാലക്കാട് ജില്ലാ പഞ്ചായത്ത്
കോങ്ങാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ പുതുമുഖ വനിത എംഎല്‍എ അഡ്വ.കെ.ശാന്തകുമാരി ഇടിവി ഭാരതിനോട് മനസ് തുറക്കുന്നു. ബാല്യകാലവും സഭയ്‌ക്ക് അകത്തെ അനുഭവങ്ങളും പങ്കുവെച്ച് കെ ശാന്തകുമാരി.
പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തില്‍ നിന്ന് 2021 ല്‍ ആദ്യമായി നിയമസഭയിലെത്തി. കര്‍ഷകത്തൊഴിലാളികളായ മാതാപിതാക്കളുടെ ഏറ്റവും ഇളയ മകളായ ശാന്തകുമാരി സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, മാതാപിതാക്കള്‍ക്കൊപ്പം പാടത്ത് പണിക്കുപോകുമായിരുന്നു. സഹോദരങ്ങളായ നാലുപേര്‍ക്കും പത്താം ക്ലാസില്‍ താഴെ മാത്രമാണ് വിദ്യാഭ്യാസം. എന്നാല്‍ തനിക്ക് അഭിഭാഷകയാകണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാനായെന്നും അവര്‍ പറയുന്നു.
പ്രതിപക്ഷത്ത് ഷാഫി പറമ്പിലും മാത്യു കുഴല്‍നാടനും മികച്ച സാമാജികരാണെന്നും അഡ്വ.കെ.ശാന്തകുമാരി പറയുന്നു. കിട്ടുന്ന സമയം കളയുന്നതിലല്ല, അത് മികച്ച രീതിയില്‍ ഉപയോഗിക്കുന്നതില്‍ ഇരുവരും സമര്‍ഥരാണെന്നും അവര്‍ വ്യക്തമാക്കി. അതേസമയം രാഷ്‌ട്രീയത്തില്‍ അതിമോഹങ്ങളില്ലെന്നും തന്നേക്കാള്‍ അര്‍ഹരായവര്‍ക്ക് ഇത്രപോലും അവസരം ലഭിച്ചിട്ടില്ലെന്നും ശാന്തകുമാരി ഇടിവി ഭാരതിനോട് പറഞ്ഞു.