കേരളം

kerala

ETV Bharat / opinion

ജീവിതം കൊണ്ട് വിസ്‌മയിപ്പിച്ച, പോരാട്ടം കൊണ്ട് തിരുത്തിച്ച കേരളത്തിന്‍റെ കരുത്തുറ്റ പെണ്ണുങ്ങള്‍ - അന്താരാഷ്‌ട്ര വനിത ദിനം

സ്ത്രീകളുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക നേട്ടങ്ങളെ ആഘോഷിക്കുന്നതിനായി കൂടിയാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നത്

International Women's Day Women Achievers from Kerala  International Womens Day  Women from Kerala who have made an impact in the society  അന്താരാഷ്‌ട്ര വനിത ദിനം  സമൂഹത്തിൽ സ്വാധീനം ചെലുത്തിയ വനിതകൾ
സമൂഹത്തിൽ സ്വാധീനം ചെലുത്തിയ കേരളത്തിൽ നിന്നുള്ള വനിതകൾ

By

Published : Mar 8, 2022, 6:09 AM IST

പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന നിരവധി വനിതകൾ സംസ്ഥാനത്തുണ്ട്. കവികൾ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ, നർത്തകർ, എഴുത്തുകാർ, കായിക പ്രതിഭകള്‍ സാമൂഹിക പരിഷ്‌കർത്താക്കൾ, അഭിഭാഷകർ, ശാസ്ത്രജ്ഞർ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വനിതകള്‍ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ആര്യ അന്തർജനം, ലക്ഷ്‌മി എൻ മേനോൻ, അക്കാമ്മ ചെറിയാൻ, അന്ന ചാണ്ടി, കെ.ആർ ഗൗരിയമ്മ, പി.ടി ഉഷ, മേരി ലൂക്കോസ്, അന്ന മൽഹോത്ര, മൃണാളിനി സാരാഭായ്, ജസ്റ്റിസ് പി.ജാനകി അമ്മ തുടങ്ങിവർ ഈ മേഖലകളിൽ വഴികാട്ടിയായവരിൽ ചിലരാണ്.

സ്ത്രീകളെയും അവരുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക നേട്ടങ്ങളെയും ആഘോഷിക്കുന്നതിനും സമൂഹത്തിന് അവർ നൽകിയ സുപ്രധാന സംഭാവനകളെ അംഗീകരിക്കുന്നതിനുമായാണ് ലോകമെമ്പാടും മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നത്. 1977ലാണ് വനിതാദിനം ഐക്യരാഷ്‌ട്ര സംഘടന അംഗീകരിക്കുന്നത്.

'സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം' എന്നതാണ് ഈ വർഷത്തെ വനിതാദിന സന്ദേശം. എല്ലാവർക്കും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിന് കാലാവസ്ഥാവ്യതിയാനം പൊരുത്തപ്പെടുത്തൽ, ലഘൂകരണം, പ്രതികരണം എന്നിവയിൽ നേതൃത്വം വഹിക്കുന്ന ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംഭാവനയെ അംഗീകരിക്കുക എന്നതാണ് ഈ വർഷത്തെ വനിതാദിനത്തിന്‍റെ ലക്ഷ്യം. കേരളത്തിലെ ഇതിഹാസമായിട്ടുള്ള സ്ത്രീകളെ മറക്കാതെ തന്നെ ഈ വനിത ദിനത്തിൽ കേരളത്തിലെ മറ്റ് ചില സ്ത്രീകളെ കുറിച്ചും അവരുടെ അസാധാരണ നേട്ടത്തെക്കുറിച്ചും ഓർക്കാം.

ശോശാമ്മ ഐപ്പ്

വംശനാശ ഭീഷണി നേരിടുന്ന വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ശോശാമ്മ ഐപ്പ് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായുള്ള സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ ഇക്കൊല്ലം പത്മശ്രീ പുരസ്‌കാരം ശോശാമ്മ ഐപ്പിന് ലഭിച്ചിരുന്നു.

പരിസ്ഥിതി ലോലമായ സൈലന്‍റ് വാലി സംരക്ഷണത്തിനുള്ള ക്യാമ്പയിന് ശേഷം കേരളത്തിലെ രണ്ടാമത്തെ പ്രധാന ജൈവ വൈവിധ്യ സംരക്ഷണ സംരംഭമായാണ് ശോശാമ്മ ഐപ്പിന്‍റെഇടപെടലുകളെ വിലയിരുത്തുന്നത്.

ശോശാമ്മ ഐപ്പ്

'വെച്ചൂർ പശുക്കളെ സംരക്ഷിക്കാനുള്ള എന്‍റെ 30 വർഷത്തെ പരിശ്രമത്തിന് ദേശീയ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ട്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ പശുക്കളെ കണ്ടെത്താനുള്ള പദ്ധതി ആരംഭിച്ചപ്പോൾ ഞങ്ങൾക്ക് അഞ്ച് മുതൽ പത്ത് വരെ പശുക്കളെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. അതും വളരെക്കാലം കഴിഞ്ഞ്. എന്നാൽ ഇപ്പോൾ, 5,000 പശുക്കളുണ്ട്, കർഷകർ അവയെ സ്വീകരിച്ചു. ഇപ്പോൾ വേണ്ടത്ര പശുക്കളെ കിട്ടുന്നില്ല എന്നതാണ് അവരുടെ ആശങ്ക' - ശോശാമ്മ ഐപ്പ് പറയുന്നു.

കെ.വി റാബിയ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശിയായ റാബിയ 14-ാം വയസിൽ പോളിയോ ബാധിച്ച് വീൽചെയറിലായെങ്കിലും സാക്ഷരത പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുഴുകി. 1990ൽ റാബിയ സാക്ഷരത ക്യാമ്പയിന്‍ ആരംഭിച്ചു.

കെ.വി റാബിയ

പിന്നീട്, സംസ്ഥാന സർക്കാർ സാക്ഷരത മിഷൻ പദ്ധതി ആരംഭിക്കുകയും റാബിയയെ പദ്ധതിയുടെ ഭാഗ്യചിഹ്നമാക്കുകയും ചെയ്‌തു. റാബിയ സ്ഥാപിച്ച ചലനം എന്ന സംഘടന വഴി ജില്ലയിലെ ഭിന്നശേഷിക്കാർക്കും ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കുമായി ആറ് സ്കൂളുകൾ ആരംഭിച്ചു. കൂടാതെ റാബിയ സ്ത്രീകൾക്കായി 60 അയൽപക്ക സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയും അച്ചാറുകൾ, ക്യാരി ബാഗുകൾ, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ നിർമിക്കാൻ സ്ത്രീകളെ പരിശീലിപ്പിക്കുകയും ചെയ്തു.

ദയാ ബായി

മധ്യ ഇന്ത്യയിൽ ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയാണ് ദയാ ബായി. മേഴ്‌സി മാത്യു ആയി 1940ൽ കേരളത്തിൽ ജനിച്ച ദയാ ബായി തന്‍റെ 16-ാം വയസിലാണ് കന്യാസ്ത്രീയാകാൻ പാലായിൽ നിന്ന് പോകുന്നത്. പിന്നീട് മധ്യ ഇന്ത്യയിലെ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കാനാരംഭിച്ചു.

ദയാ ബായ്

കേൾക്കുന്നവരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ദയാ ബായിയുടെ പ്രസംഗങ്ങളും സത്യഗ്രഹങ്ങളും പ്രചരണങ്ങളും സ്‌കൂളുകൾ തുടങ്ങുന്നതിനായി പ്രാദേശിക ഭരണകൂട നേതൃത്വത്തെ സമ്മർദം ചെലുത്തുന്നതുമായ പ്രവൃത്തികളും മധ്യപ്രദേശിലെ അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി പട്ടികവർഗ വിഭാഗത്തിന്‍റെ ജീവിത നിലവാരം ഉയർത്തുന്നതിന് വളരെയധികം സഹായിച്ചു. ബിഹാർ, ഹരിയാന, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ആദിവാസികളെയും ഗ്രാമീണരെയും പ്രതിനിധീകരിച്ച് ദയാ ബായി നടത്തിയ പോരാട്ടങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചു. നർമ്മദ ബച്ചാവോ ആന്ദോളൻ, ചെങ്ങറ പ്രക്ഷോഭം എന്നിവയുമായും ബന്ധപ്പെട്ട് ദയാ ബായി പ്രവർത്തിച്ചിട്ടുണ്ട്.

സി.കെ ജാനു

കേരളത്തിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി പുനർവിതരണം ചെയ്യുന്നതിനായി 2001 മുതൽ പ്രക്ഷോഭം നടത്തുന്ന സാമൂഹിക പ്രസ്ഥാനമായ ആദിവാസി ഗോത്ര മഹാസഭയുടെ നേതാവാണ്, 1970ന് ജനിച്ച സി.കെ ജാനു. ദളിത്-ആദിവാസി ആക്ഷൻ കൗൺസിലിന്‍റെ കീഴിലാണ് ആദിവാസി ഗോത്ര മഹാസഭ പ്രവർത്തിക്കുന്നത്.

സി.കെ ജാനു

2016ൽ സി.കെ ജാനു ജനാധിപത്യ രാഷ്‌ട്രീയ സഭ എന്ന രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും 2016ൽ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേർന്ന് സുൽത്താൻ ബത്തേരിയിൽ നിന്ന് മത്സരിച്ച് പരാജയപ്പെടുകയുമുണ്ടായി.

വിജി പെൺകൂട്ട്

ബിബിസി തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയിൽ 2018ൽ ഇടംപിടിച്ചയാളാണ് കോഴിക്കോട് സ്വദേശിയായ 54കാരിയായ പി.വിജി. 60ലധികം രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടുന്ന പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് സ്ത്രീകളിലൊന്നായിരുന്നു അവര്‍.

എസ്‌എം സ്ട്രീറ്റിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ശരിയായ ശുചിമുറി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സമരങ്ങൾ ആരംഭിച്ചതിനും ടെക്‌സ്‌റ്റൈൽ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇരിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുള്ള സമരങ്ങൾക്കും നേതൃത്വം നൽകിയതാണ് വിജിക്ക് ജനപ്രീതി നൽകിയത്.

വിജി പെൺകൂട്ട്

വിജിയുടെ നേതൃത്വത്തിൽ നടന്ന നാല് വർഷങ്ങൾ നീണ്ട സമരമാണ് കേരള ഷോപ്‌സ് ആന്‍റ് കൊമേഴ്‌ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമം ഭേദഗതി ചെയ്യാൻ എൽഡിഎഫ് സർക്കാരിനെ നിർബന്ധിതരാക്കിയത്. വനിത ജീവനക്കാർക്ക് സുഖകരമായ തൊഴിൽ അന്തരീക്ഷവും സ്ത്രീകൾക്ക്, പ്രത്യേകിച്ച് ടെക്സ്റ്റൈൽ ഷോപ്പുകളിലെ ജീവനക്കാർക്ക് ഇരിപ്പിട സൗകര്യങ്ങളും ഒരുക്കുന്നതായിരുന്നു ഭേദഗതി ചെയ്‌ത നിയമം. നിയമ ഭേദഗതി നിശ്ചിത ജോലി സമയവും കൃത്യമായ ഇടവേളകളും ഉറപ്പാക്കി. വിജിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം സ്ത്രീകൾക്ക് ശൗചാലയങ്ങൾ നിർമിച്ചുനൽകാൻ എസ്എം സ്ട്രീറ്റിലെ കടയുടമകളെ പ്രേരിപ്പിച്ചു.

പി.ടി ഉഷ

ഇന്ത്യയിൽ നിന്നുള്ള വനിത അത്‌ലറ്റാണ് പി.ടി ഉഷ. ട്രാക്കിലെ പി.ടി ഉഷയുടെ അസാധാരണമായ പ്രകടനം പി.ടി ഉഷക്ക് ട്രാക്കിന്‍റെ ക്വീൻ, പയ്യോളി എക്‌സ്പ്രസ് എന്നീ പേരുകൾ സമ്മാനിച്ചു.

1982ലെ ന്യൂഡൽഹി ഏഷ്യാഡിൽ 100 ​​മീറ്ററിലും 200 മീറ്ററിലും പി.ടി ഉഷ വെള്ളി മെഡലുകൾ നേടി. കുവൈത്തിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ഏഷ്യൻ റെക്കോഡോടെ സ്വർണം കരസ്ഥമാക്കി. 1984ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി. 1985ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ മീറ്റിൽ ഇന്ത്യക്കായി അഞ്ച് സ്വർണം നേടി.

പി.ടി ഉഷ

അത്‌ലറ്റിക്‌സിൽ നിന്ന് വിരമിക്കുകയും 1991ൽ വി.ശ്രീനിവാസനെ വിവാഹം കഴിക്കുകയും ചെയ്‌തെങ്കിലും എല്ലാവരെയും അത്‌ഭുതപ്പെടുത്തിക്കൊണ്ട് 1998ൽ പി.ടി ഉഷ തിരിച്ചുവന്നു. ജപ്പാനിലെ ഫുക്കോവാക്കയിൽ നടന്ന ഏഷ്യൻ ട്രാക്ക് ഫെഡറേഷൻ മീറ്റിൽ 200 മീറ്ററിലും 400 മീറ്ററിലും വെങ്കല മെഡലുകൾ നേടിയ പി.ടി ഉഷ ഇടവേളക്ക് ശേഷവും ട്രാക്കിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുകയായിരുന്നു.

34-ാം വയസിൽ 200 മീറ്റർ ഓട്ടത്തിൽ തന്‍റെ തന്നെ റെക്കോഡിനെ ഭേദിച്ചുകൊണ്ട് പുതിയൊരു റെക്കോർഡ് സൃഷ്‌ടിച്ചു. പി.ടി ഉഷയുടെ ഉള്ളിലെ പ്രതിഭയുടെ നിലവാരം തെളിയിക്കാൻ പ്രാപ്‌തമായിരുന്നു പിടി ഉഷയുടെ റെക്കോർഡ്.

നളിനി ജമീല

മുൻ ലൈംഗിക തൊഴിലാളിയായ നളിനി ജമീല എഴുത്തുകാരിയും ആക്ടിവിസ്റ്റും ഇപ്പോൾ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും കൂടിയാണ്. സമൂഹത്തിന്‍റെ ചിന്താഗതികളെ ഞെട്ടിക്കുകയും പുരുഷാധിപത്യത്തെ അസ്വസ്ഥമാക്കുകയും ചെയ്‌തതായിരുന്നു 'ഞാൻ ലൈംഗിക തൊഴിലാളി' എന്ന നളിനി ജമീലയുടെ ആത്മകഥ.

നളിനി ജമീല

മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിക്കൊണ്ട് ജീവിതത്തിൽ ഒരു പൊൻതൂവൽ കൂടി നേടിയിരിക്കുകയാണ് നളിനി ജമീല.

ജാസ്‌മിൻ മൂസ

അറിയപ്പെടുന്ന ഫിറ്റ്നസ് കോച്ചാണ് കോഴിക്കോട് സ്വദേശിയായ ജാസ്‌മിൻ മൂസ. എന്നാൽ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്നത്തെ ഫിറ്റ്നസ് കോച്ചിലേക്ക് ജാസ്‌മിൻ എത്തിയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ ജാസ്‌മിന്‍ ഗാർഹിക പീഡനത്തിന് ഇരയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവും ജാസ്‌മിനെ സ്വന്തം കാലുകളിൽ നിൽക്കാൻ പ്രേരിപ്പിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ഇന്നവർ.

ജാസ്‌മിൻ മൂസ

യാത്രകൾ ചെയ്യാൻ ഇഷ്‌ടപ്പെടുന്ന ജാസ്‌മിൻ പല മാസികകളുടെ കവറുകളിലും ഇടം പിടിച്ചിട്ടുണ്ട്‌. നിരവധി ബിഗ് ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡറുമാണ് ഇന്ന് ജാസ്‌മിന്‍.

കെ.കെ ശൈലജ

'പെണ്ണിനെന്താ കുഴപ്പം' എന്ന ശൈലജ ടീച്ചറുടെ വാക്കുകൾ നിയമസഭയിൽ മാത്രമായിരുന്നില്ല മുഴങ്ങിക്കേട്ടത്. കേരളത്തിലെ ആണധികാരത്തിന് നേർക്കുള്ള ചൂണ്ടുവിരൽ കൂടിയായിരുന്നു ടീച്ചറുടെ വാക്കുകൾ. ഒന്നാം പിണറായി സർക്കാരില്‍ ആരോഗ്യ മന്ത്രി പദം അലങ്കരിച്ചിരുന്ന കെ.കെ ശൈലജ 2017-2018 കാലയളവിൽ കൊവിഡ്, നിപ വൈറസ് ബാധകളെ ഫലപ്രദമായി കൈകാര്യം ചെയ്‌തതിന് ആഗോള ശ്രദ്ധ നേടിയിരുന്നു.

കെ.കെ ശൈലജ

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് 60,963 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചർ വിജയിച്ചത്.

അനുപമ

കേരളത്തെ പിടിച്ചുകുലുക്കിയ 11 മാസങ്ങൾ നീണ്ട പോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ശേഷം നവംബർ 24ന് അനുപമയ്ക്കും പങ്കാളിയായ അജിത്തിനും തങ്ങളുടെ കുഞ്ഞുമായി ഒന്നിക്കാൻ സാധിച്ചു. തന്‍റെ കുഞ്ഞിനായുള്ള അനുപമയുടെ പോരാട്ടം എളുപ്പമായിരുന്നില്ല. കേരള പൊലീസിൽ നിന്നോ ശിശുക്ഷേമ അധികാരികളിൽ നിന്നോ രാഷ്‌ട്രീയക്കാരിൽ നിന്നോ സഹായം ലഭിക്കുകയോ സർക്കാരിൽ നിന്ന് നീതി ലഭിക്കുകയോ ചെയ്‌തിരുന്നില്ല.

അനുപമ

2020 ഒക്‌ടോബർ 19ന് അനുപമ ജന്മം നൽകിയ ആൺകുഞ്ഞിനെ അവളുടെ സമ്മതമില്ലാത മാതാപിതാക്കൾ ദത്ത് നൽകി. അവിവാഹിതയായിരുന്ന അനുപമക്ക് അജിത്തുമായുള്ള ബന്ധം അംഗീകരിക്കാൻ മാതാപിതാക്കൾ അംഗീകരിക്കാൻ ഒരുക്കമായിരുന്നില്ല. ഒരു വർഷം മുൻപ് ശിശുക്ഷേമ സമിതി വഴി തന്‍റെ കുഞ്ഞിനെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയെന്നായിരുന്നു അനുപമയുടെ ആരോപണം.

ABOUT THE AUTHOR

...view details