ഹൈദരാബാദ്: വഞ്ചകരായ ചൈനക്ക് മൂക്കുകയറിടാന്‍ ഇനി ഇന്ത്യ വിവേകത്തോട് കൂടി പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഇടിവി ഭാരത് എഡിറ്റര്‍ ബിലാല്‍ ഭട്ടിന്‍റെ ലേഖനം. ഇന്ത്യ മറ്റ് രാജ്യങ്ങളോട് കാണിക്കുന്ന സൗഹൃദപരവും വാണിജ്യപരവുമായ സമീപനങ്ങളെ കുറിച്ചും അതിലൂടെ കരസ്ഥമാക്കിയ നേട്ടങ്ങളെ കുറിച്ചും ലേഖനം വിശദമാക്കുന്നു. ഇന്ത്യ എന്നും ദൂരം കുറഞ്ഞ വ്യാപാര വഴികള്‍ തേടുന്നതിന് ശ്രദ്ധ കാണിക്കുന്ന രാജ്യമാണ്. ഇക്കാര്യത്തില്‍ ഇറാനാണ് എന്നും ഇന്ത്യയുടെ പങ്കാളി. പാകിസ്ഥാനെ മറികടന്നാണ് അഫ്ഗാനിസ്ഥാനിലേക്ക് ഒരു വ്യാപാര പാത സ്ഥാപിക്കുവാന്‍ ഇന്ത്യ ആഗ്രഹിക്കുകയും അത് ചബഹാര്‍ തുറമുഖം വഴി മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് മനസ്സിലാക്കുകയും ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ വന്നെങ്കിലും പിന്നീട് ഖുദ് സേനകളുടെ നേതാവായിരുന്ന ജനറല്‍ ക്വാസം സുലൈമാനിയുടെ പ്രയത്നത്താല്‍ അഫ്ഗാന്‍ നേതൃത്വത്തെ ഇറാനുമായും ഇന്ത്യയുമായും ഒരുമിപ്പിച്ചതായി ഇറാന്‍ നയതന്ത്ര പ്രതിനിധി മുഹമദ് ഹഗ്ബിന്‍ ഗോമി വ്യക്തമാക്കിയതായി ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ഇന്ത്യക്ക് വളരെ ചെറിയ ഒരു തുക നല്‍കി കൊണ്ട് ചബഹാര്‍ തുറമുഖം അഫ്ഗാനിസ്ഥാന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പാകിസ്ഥാനെ മറി കടന്ന് അഫ്ഗാനിസ്ഥാനിലേക്കും മറ്റ് മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കും എത്തി ചേരുവാന്‍ ഇന്ത്യക്കും ഈ തുറമുഖം വഴിയൊരുക്കുന്നു. ബദല്‍ വഴികളിലൂടെ ചരക്കുകള്‍ നീക്കുവാന്‍ അനുവാദം ലഭിക്കുന്നു എന്നതിനാല്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന് നല്‍കി വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുവാനും അതുവഴി സാധിക്കുന്നു. മധ്യ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും എളുപ്പ വഴി ചബഹാര്‍- അഫ്ഗാനിസ്ഥാന്‍ വഴിയാണ്. ചബഹാറിനും സഹേദാനിനും ഇടയില്‍ നാല് വര്‍ഷം മുന്‍പ് ഒരു റെയില്‍വെ ലൈന്‍ പണിയുവാനുള്ള കരാറില്‍ ഇറാനും ഇന്ത്യയും ഒപ്പു വെച്ചിരുന്നു എങ്കിലും അത് നടന്നില്ല. അഫ്ഗാനിസ്ഥാനെയും ഇറാനെയും അടുപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സുലൈമാനിയെ ഈ വര്‍ഷം ജനുവരി മൂന്നിന് ഇറാക്കില്‍ വെച്ച് ഒരു ഡ്രോണ്‍ ആക്രമണത്തിലൂടെ യു എസ് സേന വധിക്കുകയുണ്ടായി. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ചബഹാര്‍ -സഹേദാന്‍ റെയില്‍ പദ്ധതി തടസ്സപ്പെടാന്‍ കാരണമായി. കൂടുതല്‍ പ്രാധാന്യമുള്ള സഖ്യ രാജ്യമായ അമേരിക്കയുമായുള്ള ബന്ധം വഷളാകുമെന്നതിനാല്‍ ഇറാന്‍റെ സഖ്യ കക്ഷിയായി കാണപ്പെടുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല, എന്നതിനാല്‍ ഇക്കാര്യത്തില്‍ പിന്നീട് ഇന്ത്യയുടെ ഭാഗത്തു നിന്നും നീക്കങ്ങളൊന്നും ഉണ്ടായതുമില്ല.