റഷ്യ-യുക്രൈന്‍ യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. നാല് ലക്ഷത്തോളം ആളുകള്‍ അഭയാര്‍ഥികളായി. ഇന്നും യുക്രൈന്‍ ജനത പോരാടുകയാണ്. യുക്രൈന്‍-റഷ്യ വിഷയത്തില്‍ ഇന്ത്യ പലപ്പോഴും മൗനം പാലിക്കുകയാണ്. വിഷയത്തില്‍ മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
എന്തിന് വേണ്ടിയാണ് റഷ്യ യുക്രൈനില്‍ യുദ്ധം തുടരുന്നതെന്ന് മനസിലാകുന്നില്ല. നാറ്റോയില്‍ അംഗത്വം വേണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ സെലന്‍സ്‌കി അറിയിച്ചിട്ടുണ്ട്. യുക്രൈന്‍ ജനത റഷ്യയെ ആക്രമിക്കാന്‍ പോയിട്ടുമില്ല. എന്നിട്ടും യുദ്ധം തുടരുന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ പുടിന്‍റെ ഏകാധിപത്യ മനോഭാവത്തെയാണ് കാണിക്കുന്നത്. യുക്രൈന്‍ അധിനിവേശത്തിലൂടെ ലോകത്തിലെ ഏറ്റവും ജനകീയനല്ലാത്ത നേതാവായി പുടിന്‍ മാറിയെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ യുക്രൈനോട് ഇപ്പോള്‍ അനുതാപമാണ്. സെലന്‍സ്‌കിയുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് യുഎസും പശ്ചാത്യരാജ്യങ്ങളും യുക്രൈന് ആയുധങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ഇത് ഒരിക്കലും തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടമായി കാണാന്‍ കഴിയില്ല.
യുക്രൈന്‍-റഷ്യ വിഷയത്തില്‍ യുഎന്നിന്‍റെ റോള്‍ :യുക്രൈന്‍-റഷ്യ വിഷയത്തില്‍ നിരവധി പ്രമേയങ്ങള്‍ യുഎന്‍ പാസാക്കിയെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ തക്ക യാതൊരു നീക്കവും യുഎന്നിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. യുഎന്‍ വാദപ്രതിവാദങ്ങള്‍ക്ക് വേണ്ടിയുള്ള സ്ഥലമായി മാത്രം മാറിയിരിക്കുകയാണ്. അവിടെ ഒരു തീരുമാനം എടുക്കുക എന്നതിന് പ്രസക്തിയില്ലാതായി. ചെറിയ രാജ്യങ്ങളുടെ പ്രശ്‌നങ്ങളാണെങ്കില്‍ പരിഹാരമുണ്ടാകും. എന്നാല്‍ വലിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടാല്‍ പ്രത്യേകിച്ച് പി5(യുഎന്‍ സ്ഥിര അംഗങ്ങള്‍) രാജ്യങ്ങളാണെങ്കില്‍ ഒന്നുമുണ്ടാകില്ല.
യുഎന്നിലെ റഷ്യന്‍ അംഗത്വവും നിയമവിരുദ്ധമാണ്. യുഎന്‍ പട്ടികയില്‍ യുഎസ്എസ്‌ആര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ്‌എസ്‌ആറിന്‍റെ ഒരു ഭാഗം മാത്രമാണ് റഷ്യ. അങ്ങനെയെങ്കില്‍ യുഎന്നില്‍ യുഎസ്‌എസ്‌ആര്‍ പ്രതിനിധിയായി റഷ്യ മാത്രം എങ്ങനെ വരും.
യുഎന്നില്‍ റഷ്യക്കെതിരായ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ പല തവണ വിട്ടു നിന്നു : ഇന്ത്യ റഷ്യയില്‍ നിന്നാണ് ആയുധങ്ങള്‍ വാങ്ങുന്നത്, റഷ്യ ഇന്ത്യക്കൊപ്പം നിന്നു എന്ന തരത്തില്‍ നമ്മള്‍ തന്നെ പ്രചരിപ്പിക്കുകയാണ്. എന്നാല്‍ റഷ്യ ഒരിക്കലും ഇന്ത്യക്കൊപ്പം നിന്നിട്ടില്ലെന്നതാണ് വസ്‌തുത. സ്വാതന്ത്ര്യ പോരാട്ടകാലത്ത് യുഎസ്‌എസ്‌ആര്‍ ഇന്ത്യക്കൊപ്പം നിന്നിരുന്നു. എന്നാല്‍ 1992 ല്‍ യുഎസ്എസ്‌എസ്‌ആര്‍ ഇല്ലാതായി.