വിലക്കയറ്റം ലോകത്ത് കയറ്റുമതി ചെയ്യുകയാണ് അമേരിക്ക. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധിപ്പിക്കുന്നതാണ് ഇതിന് കാരണം. ഈ വര്‍ഷം മാര്‍ച്ചിന് ശേഷം 0.75 ശതമാനം വച്ച് മൂന്ന് പ്രാവശ്യമാണ് ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധിപ്പിച്ചത്. ഇത് 1980കള്‍ക്ക് ശേഷമുള്ള ഫെഡറല്‍ റിസര്‍വിന്‍റെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വര്‍ധനവാണ്.
ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധിക്കുമ്പോള്‍ യുഎസ് ഡോളറിന്‍റെ മൂല്യം മറ്റ് രാജ്യങ്ങളുടെ കറന്‍സികള്‍ക്കെതിരെ വര്‍ധിക്കുന്നതാണ് ഈ രാജ്യങ്ങളില്‍ വില വര്‍ധനവ് ഉണ്ടാകാന്‍ കാരണം. വികസ്വര രാജ്യങ്ങളുടെ കട ബാധ്യത വര്‍ധിക്കുക, മറ്റ് കേന്ദ്രബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകുക എന്നിവയും ഡോളറിന്‍റെ മൂല്യം ഉയര്‍ന്നാലുള്ള പ്രത്യാഘാതങ്ങളാണ്.
ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎസില്‍ ഉണ്ടാകുന്ന തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ഉണ്ടാകും. ആഗോള ഫിനാന്‍സിലും അന്താരാഷ്ട്ര വ്യാപരത്തിലും യുഎസിന്‍റെ സ്വാധീനം അതിഭീകരമാണ്. ഇതിന് കാരണം ഡോളര്‍ ലോകത്തിന്‍റെ റിസര്‍വ് കറന്‍സി ആണെന്നതാണ്.
ഡോളറിന്‍റെ ആധിപത്യം:മള്‍ട്ടിനാഷണല്‍ കമ്പനിയാവട്ടെ ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ ആവട്ടെ അവര്‍ വില നിശ്ചയിക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും യുഎസ് ഡോളറിലാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ധനങ്ങളും ഭക്ഷ്യവസ്‌തുക്കളും വാങ്ങുന്നതും വില്‍ക്കുന്നതും ഡോളറിലാണ്. ലോകത്തില്‍ 40 ശതമാനം പണമിടപാടുകളും ഡോളറിലാണ് നടക്കുന്നതെന്നാണ് ഐഎംഎഫിന്‍റെ കണക്ക്. കൂടാതെ വികസ്വര രാജ്യങ്ങള്‍ കടമെടുത്തിരിക്കുന്നതും ഡോളറിലാണ്.
ഈ കാരണങ്ങള്‍കൊണ്ടാണ് തങ്ങളുടെ കറന്‍സിയുടെ മൂല്യം യുഎസ് ഡോളറിനെതിരെ കുറയുമ്പോള്‍ ഇറക്കുമതി ചെലവേറിയതാവുന്നതും അതുകൊണ്ട് തന്നെ ആഭ്യന്തരവിപണിയില്‍ വിലക്കയറ്റം വര്‍ധിക്കുന്നത്. യൂറോയ്‌ക്കെതിരേയും ബ്രിട്ടീഷ് പൗണ്ടിനെതിരേയും ഡോളറിന്‍റെ മൂല്യം വര്‍ധിച്ചത് യൂറോപ്പില്‍ ഇപ്പോള്‍ തന്നെ വലിയ രീതിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പണപ്പെരുപ്പത്തിന്‍റെ ആക്കം കൂട്ടിയിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലാണ്. ഒരു ഡോളറിന് 80 രൂപയില്‍ കൂടുതല്‍ കൊടുക്കേണ്ട സാഹചര്യമാണ് ഉള്ളത്.
രൂപയുടെ മൂല്യം ഇടിയുന്നത് പിടിച്ച് നിര്‍ത്താന്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് വലിയ രീതിയില്‍ ഡോളര്‍ കറന്‍സിമാര്‍ക്കറ്റില്‍ ഇറക്കുകയാണ് റിസര്‍വ് ബാങ്ക്. ഇത് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം കുറയുന്നതിലേക്കാണ് നയിക്കുന്നത്. കൂടാതെ റിസര്‍വ് ബാങ്കിന് പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടിയും വന്നു. പലിശ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുമെന്ന സാധ്യതയും ഉണ്ട്.
കടം വര്‍ധിപ്പിക്കുന്നു: യുക്രൈന്‍ റഷ്യ യുദ്ധം കാരണം ലോകത്ത് ഭക്ഷ്യ വസ്‌തുക്കളുടെ വില ഉയര്‍ന്ന് നില്‍ക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണി എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ഡോളറിന്‍റെ മൂല്യം വര്‍ധിക്കുന്നത്. ഇത് ഈ രാജ്യങ്ങളിലെ ഭക്ഷ്യപ്രതിസന്ധി ഒന്നുകൂടി വര്‍ധിപ്പിച്ചിരിക്കുകയാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും അവശ്യ ഭക്ഷ്യ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. ഇതാണ് ഡോളറിന്‍റെ മൂല്യം വര്‍ധിക്കുന്നത് ഈ രാജ്യങ്ങളെ അതീവ പ്രതിസന്ധിയിലാക്കുന്നത്.