കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (Kerala Teachers Eligibility Test) അഥവാ കെ-ടെറ്റിന്‍റെ (K-tet) 2024 ലെ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തിയതി ഉടൻ പ്രഖ്യാപിക്കും. കേരളത്തിൽ ലോവർ പ്രൈമറി (Lower Primary), അപ്പർ പ്രൈമറി (Upper Primary), ഹൈസ്‌കൂൾ (High School) ക്ലാസുകളിൽ അധ്യാപന നിയമനത്തിന് നടത്തുന്ന അഭിരുചി പരീക്ഷയായ കെ ടെറ്റിൽ യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. കെ-ടെറ്റ് യോഗ്യത അധ്യാപക നിയമനത്തിന് നിർബന്ധമാണ്. പരീക്ഷ ഭവനാണ് പരീക്ഷയുടെ ചുമതല (How To Apply For Kerala Teachers Eligibility Test) .
നാല് കാറ്റഗറികളിലേക്കാണ് കെ-ടെറ്റ് പരീക്ഷ നടത്തുക. ലോവർ പ്രൈമറി(കാറ്റഗറി 1), അപ്പർ പ്രൈമറി (കാറ്റഗറി 2), ഹൈസ്‌കൂള്‍ (കാറ്റഗറി 3), ലാംഗ്വേജ് വിഭാഗം : അറബിക്, ഹിന്ദി, സംസ്‌കൃതം, ഉറുദു (അപ്പർ പ്രൈമറി ക്ലാസുകൾ വരെ), സ്‌പെഷ്യലിസ്‌റ്റ് ടീച്ചേഴ്‌സ്, ഫിസിക്കൽ എജ്യുക്കേഷന്‍ (കാറ്റഗറി 4) എന്നിവയാണ് നാല് വിഭാഗങ്ങൾ.
കെ-ടെറ്റ് യോഗ്യത മാനദണ്ഡം (K-TeT Eligibility)
കാറ്റഗറി 1ന്‍റെ യോഗ്യത : അപേക്ഷകർ ഹയർ സെക്കന്‍ഡറി/ സീനിയർ സെക്കന്‍ഡറി/തത്തുല്യ പരീക്ഷയിൽ 45 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ച് D.Ed / ടിടിസി യോഗ്യത കരസ്ഥമാക്കിയിരിക്കണം. അല്ലെങ്കിൽ ഹയർ സെക്കന്‍ഡറി / സീനിയർ സെക്കന്‍ഡറി / തത്തുല്യ പരീക്ഷയിൽ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ച് D.Ed / നാല് വർഷത്തെ B.El.Ed. ഡിഗ്രി നേടിയിരിക്കണം.
കാറ്റഗറി 2 ന്‍റെ യോഗ്യത : അപേക്ഷകർ BA/ B.Com/ B.Sc ബിരുദവും രണ്ട് വർഷത്തെ D.Ed / ടിടിസി യോഗ്യതയും ഉള്ളവരായിരിക്കണം. അല്ലെങ്കിൽ BA / B.Com / B.Sc ബിരുദവും B.Ed ൽ 45 ശതമാനം മാർക്കും ഉണ്ടാകണം. അതുമല്ലെങ്കിൽ ഹയർസെക്കന്‍ഡറി / സീനിയർ സെക്കന്‍ഡറി/തത്തുല്യ പരീക്ഷയിൽ 50 ശതമാനം മാർക്കും നാല് വർഷത്തെ B.El.Ed/ BA / B.Ed. / B.Sc / BA.Ed. B.Sc.Ed വിജയിച്ചിരിക്കണം.
കാറ്റഗറി 3 ന്‍റെ യോഗ്യത :അപേക്ഷകർ 45 ശതമാനം മാർക്കോടെ BA / B.Com / B.Sc ബിരുദവും പ്രസ്‌തുത വിഷയത്തിൽ B.Ed.ഉം നേടിയിരിക്കണം. അല്ലെങ്കിൽ LTTC യും നേടിയിരിക്കണം. ഫിസിക്‌സ്, ഗണിതം, ബോട്ടണി, കെമിസ്‌ട്രി, സുവോളജി എന്നിവയിൽ അപേക്ഷകർ പ്രസ്‌തുത വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ M.Sc.Ed യോഗ്യത നേടിയിരിക്കണം.
www.keralapareekshabhavan.in, https://ktet.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പരീക്ഷ, യോഗ്യത, സിലബസ്, അഡ്‌മിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകും. യോഗ്യത പരീക്ഷയിൽ സംവരണ വിഭാഗക്കാർക്ക് അഞ്ച് മുതൽ മൂന്ന് വരെ മാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
കെ-ടെറ്റ് പ്രായപരിധിയും പരീക്ഷ ഫീസും (K-TeT Age Limit & Fees) : കെ-ടെറ്റ് പരീക്ഷ എഴുതുന്നതിന് പ്രായപരിധി ഇല്ല. പരീക്ഷയ്‌ക്ക് രജിസ്‌റ്റർ ചെയ്യുന്നതിന് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി/ എസ്.ടി/ പി.എച്ച്/ ബ്ലൈൻഡ് വിഭാഗത്തിന് 250 രൂപയുമാണ് ഫീസ്. അപേക്ഷയും ഫീസും ഓൺലൈനായി തന്നെ അടയ്ക്കാവുന്നതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്‍റ് ഔട്ട് അപേക്ഷകര്‍ കയ്യിൽ കരുതേണ്ടതാണ്. അടിസ്ഥാന വിവരങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ നൽകി കഴിഞ്ഞാൽ ഒരിക്കൽ കൂടി നൽകിയ വിവരങ്ങൾ വായിച്ച് ഉറപ്പുവരുത്തിയ ശേഷം Final Submission നൽകുക. തുടര്‍ന്ന് ഫീസ് അടയ്ക്കുക.