ഉയർന്ന ശമ്പളത്തിൽ പുതിയൊരു ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? കൂടുതൽ ശമ്പളത്തിന്‍റെ കാര്യം വരുമ്പോൾ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്‍റുമായി എങ്ങനെ ചർച്ച ചെയ്യണമെന്ന് ഉറപ്പില്ലേ? ഒരു വിദഗ്‌ധനെ പോലെ ഉയർന്ന ശമ്പളത്തിനായി ചർച്ച നടത്തുന്നതിനുള്ള മാർഗങ്ങൾ ഇതാ...
ജീവനക്കാരെ നിർവചിക്കുന്നതിനുള്ള മാനദണ്ഡം ശമ്പളം അല്ലെങ്കിലും അത് ഒരു പ്രധാന ഘടകം തന്നെയാണ്. മിക്കവാറും എല്ലാവരും ജോലിയുടെ ഒരു ഘട്ടത്തിലെങ്കിലും നിലവിലെ ജോലിയിൽ നിന്നോ പുതിയ ജോലിയിലോ കൂടുതൽ ശമ്പളം ചോദിക്കാനുള്ള സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടുള്ളവരാണ്. നിങ്ങളുടെ എച്ച്‌ആറുമായി ഉയർന്ന ശമ്പളം ചർച്ച ചെയ്യുന്നതിനുള്ള ഈ നിർദേശങ്ങൾ നിങ്ങൾക്ക് നല്ലൊരു തയാറെടുപ്പായിരിക്കും.
നിങ്ങളിൽ വിശ്വസിക്കുക:നിങ്ങൾ അർഹിക്കുന്നതാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങളുടെ ആവശ്യം ന്യായമാണെന്ന് എച്ച്ആറിനേക്കാൾ ബോധ്യപ്പെടേണ്ടത് നിങ്ങൾക്കാണ്. ഇപ്പോൾ കുറഞ്ഞ ശമ്പളത്തിൽ നിങ്ങൾ നൽകുന്ന സേവനത്തിന്‍റെ മൂല്യത്തിൽ പൂർണ ബോധ്യമുണ്ടാവുക. ഈ ഘട്ടത്തിൽ എത്ര ചോദിക്കണമെന്ന് നിങ്ങൾക്ക് അറിയേണ്ടതില്ല. നിങ്ങൾക്ക് അറിയേണ്ടത് നിങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നുവെന്നും അർഹിക്കുന്നുവെന്നും മാത്രമാണ്.
നിങ്ങളുടേതായ രീതിയിൽ പഠനം നടത്തുക:കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ സമയം നിങ്ങളെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ അറിയാവുന്ന ഒരു പ്രൊഫഷണലിനെയാണ് നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ അതേ ആത്മാർഥതയിൽ നിങ്ങളുടെ അതേ ജോലി ചെയ്യുന്നവർക്ക് ഫീൽഡിൽ എത്ര ശമ്പളമാണ് ലഭിക്കുന്നതെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.