ഡിജിറ്റല്‍ വായ്പാ ആപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ അട്ടകളേക്കാള്‍ ദുഷ്ടരാണ്. അട്ടകള്‍ മനുഷ്യന്‍റെ രക്തം മാത്രമേ ഊറ്റി കുടിക്കുകയുള്ളൂവെങ്കില്‍ ഈ ആപ്പുകളുടെ സംഘാടകര്‍ തങ്ങളുടെ ഇരകളുടെ ജീവന്‍ തന്നെ ഊറ്റി കുടിക്കുകയാണ്. ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍ക്കെതിരെയുള്ള പൊതുജന താല്‍പ്പര്യ ഹരജിയിന്മേല്‍ തെലങ്കാന ഹൈക്കോടതി അതിശക്തമായാണ് പ്രതികരിച്ചിരിക്കുന്നത്. തങ്ങളില്‍ നിന്നും വായ്പകള്‍ എടുത്തവര്‍ക്ക് നേരെ ഈ ആപ്പുകള്‍ നടത്തുന്ന അതിക്രമങ്ങള്‍ പലരേയും ആത്മഹത്യയിലേക്കാണ് തള്ളി വിടുന്നത്. യാതൊരു രേഖകളും അവശ്യപ്പെടാതെ ഉടനടി വായ്പ വാഗ്ദാനം ചെയ്തു കൊണ്ടാണ് ഈ ആപ്പുകള്‍ തങ്ങളുടെ ഇരകളെ കെണിയില്‍ വീഴ്ത്തുന്നത്. അത്തരം ആപ്പുകള്‍ നീക്കം ചെയ്യുന്നതിനായി അടിയന്തര നടപടികള്‍ എടുക്കണമെന്നാണ് ഹൈക്കോടതി പൊലീസ് ഡയറക്ടര്‍ ജനറലിനോട് ഉത്തരവിട്ടത്.
തെലങ്കാനയിലോ അല്ലെങ്കില്‍ ഈ മേഖലയിലോ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രശ്‌നമല്ല വായ്പ നല്‍കുന്ന ആപ്പുകളുടെ ഭീകരത. ഡിജിറ്റല്‍ വായ്പാ ആപ്പുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വലിയ പരാതികള്‍ ഉയര്‍ന്നു വന്നതോടെ ചെന്നൈയിലേയും ബെംഗളൂരുവിലേയും പൊലീസ് അധികൃതര്‍ തങ്ങളുടെ സൈബര്‍ കുറ്റകൃത്യ വിഭാഗത്തെ സമീപിക്കുവാന്‍ ഈ ആപ്പുകള്‍ക്ക് ഇരയായവരോട് ആഹ്വാനം ചെയ്തു. വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി ഒരു പ്രത്യേക ക്രൈം ബ്രാഞ്ച് സംഘത്തിന് തന്നെ രൂപം നല്‍കി. ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ആത്മഹത്യകളുടെ ഒരു പരമ്പര തന്നെ നടന്നതോടെ ഒരു പരിഹാരം തേടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായും ഗൂഗിളുമായും ചര്‍ച്ചകള്‍ നടത്താന്‍ ആരംഭിച്ചു സംസ്ഥാന ഭരണകൂടങ്ങള്‍.
ഇങ്ങനെ ഡിജിറ്റല്‍ വായ്പകള്‍ ഉറപ്പ് നല്‍കുന്ന വ്യക്തികളുടെ വലയില്‍ പോയി പെടരുതെന്ന് ജനങ്ങളെ ഉപദേശിച്ച് കൊണ്ട് ആര്‍ബിഐ വളരെ എളുപ്പം കൈകഴുകി. ഇത്തരം അനധികൃത വ്യക്തികള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ആധാര്‍ വിശദാംശങ്ങള്‍ നല്‍കരുതെന്നുള്ള ഒരു ഉപദേശം ജനങ്ങള്‍ക്ക് നല്‍കി ആര്‍ബിഐ തങ്ങളുടെ ഉത്തരവാദിത്തം അവസാനിപ്പിച്ചു. നൂറുകണക്കിന് വായ്പാ ആപ്പുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണങ്ങള്‍ നടത്തിയെന്നും അവയില്‍ ചിലത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തുവെന്നും ഗൂഗിള്‍ കമ്പനി അധികൃതര്‍ പറഞ്ഞു. ബാക്കിയുള്ള മൊബൈല്‍ ആപ്പുകള്‍ പ്രാദേശിക നിയമങ്ങൾക്കനുസൃതമായാണ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെന്നും ഒരു പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. എന്നാല്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്ത പല ആപ്പുകളും പുതിയ പേരുകളില്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങി എന്നുള്ളതാണ് വസ്തുത.
നിയമം പാലിച്ച് വേണം പ്രവര്‍ത്തിക്കാന്‍ എന്നുള്ള ലളിതമായ ഒരു മുന്നറിയിപ്പ് നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്ന വായ്പാ ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കണം. ഇത്തരം ആപ്പുകളുടെ സംഘാടകര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം. അവര്‍ക്ക് അതിശക്തമായ ശിക്ഷകള്‍ വാങ്ങി കൊടുക്കുവാനുള്ള കുറ്റമറ്റ തെളിവുകള്‍ ശേഖരിക്കണം.