ജനാധിപത്യത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പിന് മാധ്യമസ്വാതന്ത്ര്യം എന്തു മാത്രം പ്രധാനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ട് ഏറെ നാളായില്ല. കഴിഞ്ഞവര്‍ഷം ഒരു മലയാളം വാര്‍ത്താ ചാനലിന്‍റെ നിരോധനം എടുത്തുകളഞ്ഞു കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള ഏതൊരു നിയന്ത്രണവും ഏകതാനമായ അഭിപ്രായ രൂപീകരണത്തിലേക്കും അതു വഴി ജനാധിപത്യ സങ്കല്‍പ്പത്തിന്‍റെ തന്നെ നാശത്തിലേക്കും നയിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യ സുരക്ഷയുടെ പേരില്‍ ഒരു തെളിവുമില്ലാതെ പൗരന്മാരുടെ അവകാശങ്ങളില്‍ കടന്നു കയറാനുള്ള സര്‍ക്കാര്‍ പ്രവണതയേയും കോടതി നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ കൊണ്ടു വന്ന പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് രജിസ്ട്രേഷന്‍ ആക്റ്റിനെ കാണാന്‍. ജുഡീഷ്യല്‍ സംവിധാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പുച്ഛ സമീപനത്തേയാണ് ഇത് കാണിക്കുന്നത്.
ചെറിയ ലംഘനങ്ങൾക്ക് പോലും ഒരു പൊരുത്തവുമില്ലാത്ത പിഴകൾ ചുമത്തുന്നുവെന്ന കുറ്റം ചാര്‍ത്തി 155 വർഷം പഴക്കമുള്ള പഴയ നിയമം പൊളിച്ചെഴുതിയ മോദി സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം വേഗത്തിലാക്കിയത് മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ മാത്രമല്ല കോര്‍പ്പറേറ്റ് മാനേജ്മെന്‍റുകളെ പരിപോഷിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടു കൊണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ ഏറെ പ്രയോജനകരമെന്ന തോന്നിക്കുമെങ്കിലും ഏറെ ഹാനികരമായ നിരവധി അജണ്ടകള്‍ പുതിയ നിയമത്തിനകത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്ന് പറയേണ്ടി വരും.
പ്രത്യേകിച്ചും പത്രങ്ങളുടേയും മറ്റ് ആനുകാലികങ്ങളുടേയും രജിസ്ട്രേഷനുമപ്പുറമുള്ള അധികാരങ്ങള്‍ പ്രസ് രജിസ്ട്രാര്‍ക്ക് ചാര്‍ത്തിക്കൊടുക്കുമ്പോള്‍. സി.ബി.ഐ, ഇ.ഡി തുടങ്ങിയ സർക്കാർ ഏജന്‍സികൾക്ക് അധികാരം കൈമാറാൻ പ്രസ് രജിസ്ട്രാർക്ക് അധികാരം നൽകുന്നതായി അവ്യക്തമായ ഭാഷയിലാണ് പുതിയ നിയമത്തില്‍ പറഞ്ഞു വെക്കുന്നത് എന്നത് ഉത്കണ്ഠയേറ്റുന്നു. ഇത് മാധ്യമ സ്വാതന്ത്ര്യത്തോടുള്ള കടുത്ത അവഹേളനമാണ്.
വാർത്താ പ്രസിദ്ധീകരണത്തിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാന്‍ കേന്ദ്ര സർക്കാരിനെ അനുവദിക്കുന്ന പുതിയ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ മര്യാദകളുടെ നഗ്നമായ ലംഘനമാണ്. സര്‍ക്കാരിന്‍റെ നടപടികളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ രാജ്യദ്രോഹത്തിന്‍റെ വാളോങ്ങുന്ന വര്‍ത്തമാന കാല പരിതസ്ഥിതികളില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ സംരക്ഷണത്തിന് ജാഗ്രത്തായ പ്രതിരോധം തീര്‍ക്കേണ്ടത് ആവശ്യമാണ്.
മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിന്‍റെ മറവില്‍ പുറമെനിന്നുള്ള ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈയടക്കാനുള്ള അധികാരം നല്‍കാനുള്ള പുതിയ നിയമത്തിലെ സെക്ഷൻ 19- പോലുള്ളവ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഗൂഢമായ ആക്രമണമാണ്, അടിയന്തിരമായി പ്രതിരോധിക്കപ്പെടേണ്ടതുമാണ്.
ഏകദേശം മൂന്നര മാസം മുമ്പ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രണങ്ങള്‍ കൈക്കൊള്ളാന്‍ മാധ്യമങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്നും ആ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സമീപനത്തിലൂടെ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സമൂഹത്തിലുള്ള ഉത്തരവാദിത്വം വര്‍ധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു.
ഏതൊരു ഭരണാധികാരിയുടെയും കഴിവിനപ്പുറം സ്വതന്ത്ര ഭാരതത്തില്‍ മാധ്യമ സ്വാതന്ത്ര്യം അലംഘനീയമായി തുടര്‍ന്നു പോന്നിരുന്നു എന്ന അടിസ്ഥാനപരമായ സത്യം ഈ മന്ത്രാലയം മനപ്പൂര്‍വ്വം മറക്കുകയാണ്. ഭരണ ഘടനയുടെ പത്തൊമ്പതാം അനുഛേദത്തില്‍ പൗരന്മാർക്ക് ഉറപ്പ് നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്‍പറ്റി അനുവദിക്കപ്പെട്ടിരിക്കുന്ന , പത്രപ്രവർത്തന സ്വാതന്ത്ര്യം ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിന്‍റെ ആധാര ശിലയാണ്.
ഖേദകരമെന്നു പറയട്ടെ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മാധ്യമ സ്വാതന്ത്രത്തിനുവേണ്ടി ശക്തമായി വാദിച്ച രാഷ്ട്ര പിതാവിന്‍റെ വാക്കുകള്‍ പോലും ദുര്‍വ്യാഖ്യാനം ചെയ്‌ത് ഭരണകൂടത്തിന് അനുകൂലമാക്കപ്പെടുന്നുണ്ട്. യുപിഎ സർക്കാരിന്‍റെ കാലത്ത് മാധ്യമ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ എതിർത്തത് മുതൽ മാധ്യമപ്രവർത്തകരെ ഭരിക്കുന്നവരുടെ സേവകരായി രൂപാന്തരപ്പെടുത്തുന്ന, കർശന നടപടികള്‍ വരെ പ്രത്യക്ഷ ഉദാഹരങ്ങളാണ്.
മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 161 ആണ്, സ്വതന്ത്ര റാങ്കിങ് പട്ടികയില്‍ ആകെ 180 രാജ്യങ്ങള്‍ മാത്രമാണുള്ളതെന്ന് കൂടി അറിയണം. അടുത്തിടെ, സുപ്രീം കോടതി മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭരണകൂട കടന്നു കയറ്റത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. പ്രത്യക്ഷത്തിൽ പുതിയ നിയമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെ അസ്വസ്ഥപ്പെടുത്തുന്ന നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.
അടിക്കുറിപ്പ്:ജനാധിപത്യത്തിന്‍റെ നാലാം തൂണായും ഭരണഘടനയുടെ പ്രതീകമായും നിലനില്‍ക്കുന്ന മാധ്യമങ്ങള്‍ അവയുടെ സ്വതന്ത്ര ശബ്ദത്തിലൂടെ ജനങ്ങളുടെ ശബ്ദമായി മാറുകയാണ് ചെയ്യുന്നത്. പൊതു ജനങ്ങള്‍ക്ക് ഭരണകൂടത്തിന്‍റെ കെടുകാര്യസ്ഥത ബോധ്യപ്പെടുത്തുക മാത്രമല്ല മൂല്യങ്ങളുടെ കാവല്‍ക്കാരായും മുന്നറിയിപ്പ് നല്‍കുന്ന ജാഗ്രതയായും മാധ്യമങ്ങള്‍ തുടരേണ്ടതുണ്ട്. ശക്തമായ വിമർശനത്തെ അടിച്ചമർത്താനും പവിത്രതയെ ദുർബലപ്പെടുത്താനും ശ്രമിക്കുന്ന സർക്കാർ പ്രേരണകൾക്കെതിരെ മാധ്യമ മേഖല ഉണരുക തന്നെ വേണം .. സ്വാതന്ത്ര്യം പുലരുക തന്നെ വേണം.