കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തിന്‍റെ ആത്മവിശ്വാസവുമായി ആഴ്‌സണൽ. കഴിഞ്ഞ സീസണിൽ ഹാട്രിക് കിരീടത്തിന്‍റെ പകിട്ടുമായെത്തിയ മാഞ്ചസ്റ്റർ സിറ്റിയെ തകർത്താണ് ആഴ്‌സണൽ പുതിയ സീസണിന് തുടക്കം കുറിക്കുന്നത്. അവസാന പ്രീമിയർ ലീഗ് സീസണിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സിറ്റിക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്‌ത ആഴ്‌സണൽ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ലെന്ന് ഉറപ്പാണ്. സിറ്റിക്കെതിരായ മത്സരത്തിൽ നിന്ന് അക്കാര്യം വ്യക്തമായതുമാണ്.
മത്സരത്തിന്‍റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും അവസാന നിമിഷം വരെ പോരാടാനുള്ള ഉറച്ച തീരുമാനത്തോടെയാണ് ആഴ്‌സണൽ താരങ്ങൾ വെംബ്ലിയിൽ പന്ത് തട്ടിയത്. അതിന്‍റെ ഫലമാണ് ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ നേടിയ സമനില ഗോളും പെനാൽറ്റി ഷൂട്ടൗട്ടിലെ 4-1 ന്‍റെ വിജയവും. മത്സരഫലം അനുകൂലമാക്കാൻ ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളാണ് ആഴ്‌സണലിന്‍റെ കരുത്ത്.
കഴിഞ്ഞ സീസണിലെ കിരീടപ്പോരാട്ടത്തിൽ കുതിച്ച ആഴ്‌സണലിന് അവസാന മത്സരങ്ങളിലാണ് പിഴച്ചത്. 30 മത്സരങ്ങൾ വരെ ഒന്നാം സ്ഥാനത്ത് കുതിച്ച ആഴ്‌സണൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സമനില വഴങ്ങിയതും സിറ്റിക്കെതിരെ ഇത്തിഹാദിൽ നടന്ന നിർണായക മത്സരത്തിൽ തോൽവി വഴങ്ങിയതും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽനിന്നും പിന്നോട്ടുവലിച്ചു. ടീമിന്‍റെ ചില ദൗർബല്യങ്ങൾ തുറന്നുകാട്ടുന്നതായിരുന്നു ആ മത്സരങ്ങൾ.
2019 ൽ പ്രധാന പരിശീലകനായി എത്തിയ അർട്ടേറ്റയുടെ നാല് വർഷത്തെ പരിശ്രമത്തിന്‍റെ ഫലമാണ് ഇന്ന് നാം കാണുന്ന ആഴ്‌സണൽ ടീം. പ്രതിഭാധനരായ ഒരുപിടി യുവതാരങ്ങളാണ് ആഴ്‌സണലിനെ യൂറോപ്പിലെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നാക്കി നിർത്തുന്നത്. പ്രതിരോധത്തിൽ നിർണായക താരമായിരുന്ന സാലിബ, മുന്നേറ്റത്തിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഗബ്രിയേൽ ജിസ്യൂസ് അടക്കമുള്ള താരങ്ങൾ പരിക്കേറ്റ് ദീർഘകാലം ടീമിൽ നിന്ന് പുറത്തായിരുന്നു. ഇവർക്ക് കൃത്യമായ പകരക്കാരെ കണ്ടെത്താൻ കഴിയാതിരുന്നത് ഒരു പോരായ്മയായിരുന്നു. അതോടൊപ്പം പ്രീമിയർ ലീഗ് പോലെയൊരു മത്സരാധിഷ്‌ഠിത വേദിയിൽ സമ്മർദങ്ങൾക്ക് കീഴ്‌പ്പെടാതെ കളിക്കുക എന്നത് പ്രധാനമാണ്. ടീമിലെ പ്രധാന റോളുകൾ വഹിച്ചിരുന്ന യുവതാരങ്ങൾക്ക് നിർണായക ഘട്ടത്തിൽ സമ്മർദത്തെ മറികടക്കാനാകാഞ്ഞതും രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ ലീഗ് കിരീടം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായില്ല.
അടിമുടി മാറ്റവുമായി പീരങ്കിപ്പട : എന്നാൽ ഈ പോരായ്‌മകൾ മറികടക്കുന്നതിനായി മികച്ച താരങ്ങളെ തന്നെയാണ് ആഴ്‌സണൽ ഇത്തവണ ടീമിലെത്തിച്ചിട്ടുള്ളത്. ചെൽസിയിൽ നിന്ന് കായ് ഹവേർട്‌സ്, വെസ്റ്റ്‌ഹാം യുണൈറ്റഡിന്‍റെ ഡെക്ലാൻ റൈസ്, അയാക്‌സിൽ നിന്ന് ജൂറിയൻ ടിംബർ, ബ്രന്‍റ്ഫോർഡ് ഗോൾകീപ്പർ ഡേവിഡ് റയ എന്നിവരെയാണ് ഗണ്ണേഴ്‌സ് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയത്. മുന്നേറ്റത്തിന് കരുത്തുപകരുന്നതിനായാണ് കായ് ഹവേർട്‌സിനെ ചെൽസിയിൽ നിന്ന് സ്വന്തമാക്കിയത്. റയൽ മാഡ്രിഡ്, ലിവർപൂൾ അടക്കമുള്ള പല പ്രമുഖ ക്ലബ്ബുകളെ മറികടന്നാണ് 65 മില്യൺ പൗണ്ടിന് ജർമൻ താരവുമായി കരാറിലെത്തിയത്. മാർട്ടിനെല്ലിക്കും ജിസ്യൂസിനുമൊപ്പം ഹവേർട്‌സ് കൂടി ചേരുന്നതോടെ മുന്നേറ്റം കൂടുതൽ കരുത്താർജിക്കും.