വൈവിധ്യങ്ങള്‍ നിറഞ്ഞ മണ്ണ് കൊണ്ട് സമ്പന്നമായ നാടാണ് നമ്മുടേത്. അത് കൊണ്ട് തന്നെ വ്യത്യസ്‌തമായ കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കാനും നമുക്ക് കഴിയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, കറിക്കൂട്ടുകള്‍ എന്നിവ ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയുന്നു. നമ്മുടെ നാട്ടിലെ സംസ്‌കരിച്ച പൂക്കള്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും ആവശ്യക്കാരും ഏറെയാണ്. ഇവ കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതും ദിവസങ്ങളോളം വാടാതെ ഇരിക്കുമെന്നതും വില കുറവാണെന്നതും നമ്മുടെ പൂക്കളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. അമേരിക്ക, ജപ്പാന്‍, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നമ്മുടെ നാട്ടില്‍ നിന്ന് പൂക്കള്‍ കയറ്റി അയക്കുന്നുണ്ട് (Dry flowers and floral waste – A boon to Floriculture industry).
പുഷ്‌പക്കയറ്റുമതിയില്‍ (flower export) ഒന്നാം സ്ഥാനത്തുള്ള രാജ്യം ഇന്ത്യയാണ്. പ്രതിവര്‍ഷം 100 കോടി രൂപയാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. 500ലധികം വ്യത്യസ്‌തയിനം പൂക്കള്‍ 20ലേറെ രാജ്യങ്ങളിലേക്ക് നമ്മള്‍ കയറ്റി അയക്കുന്നു. രാജ്യത്തെ വിവിധ ആരാധനാലയങ്ങളില്‍ നിന്ന് നിത്യവും 20 ടണ്‍ പൂക്കള്‍ ഉപയോഗ ശേഷം പുറന്തള്ളുന്നുണ്ട്. വാടാമല്ലി, ജമന്തി, സീനിയ, കോഴിപ്പൂവ്, റോസാപ്പൂവ് തുടങ്ങിയവ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നവയില്‍ പ്രധാനമാണ്. ചില പൂക്കള്‍ മൂന്ന് നാല് ദിവസം വരെ വാടാതെ ഇരിക്കും. പൂക്കളിലെ ജലാംശം നീക്കിയാണ് ഇവ സംസ്‌കരിക്കുന്നത്. ഇതിനായി വിവിധ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. മൈക്രോവേവ് ഓവന്‍ ഡ്രൈയിങ് മുതല്‍ ഗ്ലിസറിന്‍ മെതേഡും ഫ്രീസ് ഡ്രെയിങ് വരെ ഇതിനായി ഉപയോഗിക്കുന്നു.
ഉപയോഗ ശേഷമുള്ള പൂക്കള്‍ (flower waste) നിക്ഷേപിക്കുന്നത് മൂലം നിരവധി പുഴകള്‍ മലിനമാക്കപ്പെടുന്നു. വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുന്നതിനൊപ്പം ഇവയില്‍ നിന്നുണ്ടാകുന്ന രാസവസ്‌തുക്കള്‍ ജലത്തില്‍ ജീവിക്കുന്ന സസ്യ-ജീവി സമൂഹങ്ങള്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ മാലിന്യപ്രശ്‌നമായി മാറിയിരിക്കുകയാണ് പ്രാര്‍ഥനകള്‍ക്ക് ശേഷം ആരാധനാലയങ്ങളില്‍ നിന്ന് പുഴകളിലേക്കും ഭൂമിയിലേക്കും തള്ളപ്പെടുന്ന പുഷ്‌പങ്ങള്‍. പൂജക്കെടുത്ത പൂക്കള്‍ ആയത് കൊണ്ട് തന്നെ ഇത് വളരെ പവിത്രമാണ്. അത് കൊണ്ട് അവ മാലിന്യക്കൂമ്പാരങ്ങളില്‍ നിക്ഷേപിക്കാനും പാടില്ലെന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ അവ അടുത്തുള്ള ജലാശയങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു.