തിരുവനന്തപുരം : ഊര്‍ജ ഉത്പാദന രംഗത്ത് വിപ്ലവകരമായ കുതിപ്പിനു തുടക്കമിട്ട ഇടുക്കി ജലസേചന പദ്ധതിയാണ് കേരള പിറവിക്കു ശേഷം സംസ്ഥാനത്തുയര്‍ന്ന വന്‍ അടിസ്ഥാന വികസന പദ്ധതികളില്‍ ആദ്യത്തേത്. സി അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരിക്കേയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. അതിനു ശേഷം കേരളത്തിലുണ്ടായ മറ്റൊരു വന്‍കിട വികസന മുന്നേറ്റമായിരുന്നു നെടുമ്പാശേരി വിമാനത്താവളം.
എതിര്‍പ്പുകളെ നേരിട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍റെ ഭാവനയില്‍ വിടര്‍ന്ന ഈ വിമാനത്താവളം ഇന്ന് ലോക വ്യോമയാന ഭൂപടത്തില്‍ തലയെടുപ്പോടെയാണ് നിലകൊള്ളുന്നത്. 1999ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കേയായിരുന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം രാജ്യത്തിനായി സമര്‍പ്പിക്കപ്പെട്ടത്.
ഈ വന്‍കിട പദ്ധതികള്‍ പതിറ്റാണ്ടുകളുടെ ഇടവേളയിലാണ് യാഥാര്‍ത്ഥ്യമായതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2011-16 കാലഘട്ടത്തില്‍ മൂന്ന് വന്‍ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്. പതിറ്റാണ്ടുകളായി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. കൊച്ചി മെട്രോ നിര്‍മാണത്തിന്‍റെ തടസങ്ങള്‍ നീക്കി അതിന്‍റെ ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിന് തുടക്കം കുറിക്കാനായി എന്നതും ശ്രദ്ധേയമാണ്.
കാസര്‍കോട് മുതല്‍ പാറശാല വരെ നീണ്ടു കിടക്കുന്ന കേരളത്തിന്‍റെ തെക്കേയറ്റത്ത് വിഴിഞ്ഞം പദ്ധതിയിലൂടെ തന്‍റെ വികസന കയ്യൊപ്പ് ചാര്‍ത്തിയ ഉമ്മന്‍ ചാണ്ടി, കണ്ണൂര്‍ വിമാനത്താവളത്തിലൂടെ ഉത്തര കേരളത്തിലും തന്‍റെ വിട്ടു വീഴ്‌ചയില്ലാത്ത വികസന കാഴ്‌ചപ്പാട് നടപ്പിലാക്കുകയായിരുന്നു. 25 വര്‍ഷത്തിലധികം കുരുക്കിലായിരുന്നു വിഴിഞ്ഞം തുറമുഖ നിര്‍മാണം 2015 ഡിസംബറില്‍ ഉത്സവ ലഹരിയിലായിരുന്നു ഉദ്‌ഘാടനം. 2019 ഡിസംബറില്‍ 1000 ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി വിഴിഞ്ഞത്ത് ആദ്യ കപ്പലടുപ്പിക്കുമെന്നായിരുന്നു അദാനിയുടെ വാഗ്‌ദാനമെങ്കിലും ഓഖി അടക്കമള്ള പ്രകൃതി ദുരന്തങ്ങളും കല്ല് ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്‌തുക്കളുടെ അഭാവവും ഭരണമാറ്റവുമൊക്കെ പദ്ധതിക്ക് പ്രതീക്ഷിച്ച വേഗം കൈവരിക്കുന്നതിനു തടസമായി. എങ്കിലും പദ്ധതിയുടെ ആദ്യഘട്ടം നിര്‍മാണത്തിന്‍റെ അവസാന ലാപ്പിലേക്ക് കുതിക്കുകയാണിപ്പോള്‍.
More Read ;Oommen Chandy | ജനങ്ങളിൽ അലിഞ്ഞ് ജനകീയനായ കുഞ്ഞൂഞ്ഞ്; മുഖ്യമന്ത്രിക്കസേരയിലെ 'ഉമ്മൻ ചാണ്ടി ഇഫക്‌ട്'
ഇന്ത്യയില്‍ ആദ്യമായി ഒരു വന്‍കിട വികസന പദ്ധതിക്ക് 800 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതും ഉമ്മന്‍ ചാണ്ടിയുടെ ഭരണ പാടവത്തിന്‍റെ ഉദാഹരണമായി നിലനില്‍ക്കുന്നു. പദ്ധതി പ്രദേശത്തു നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം അന്താരാഷ്ട്ര കപ്പല്‍ ചാല്‍ കടന്നു പോകുന്നതും ഒരു നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ 24 മീറ്റര്‍ സ്വാഭാവിക ആഴവുമുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ തുറമുഖം എന്നതും വിഴിഞ്ഞത്തിന്‍റെ പ്രത്യേകതയായി. ഇതെല്ലാം ചൂണ്ടിക്കാട്ടിയുള്ള ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ പദ്ധതിക്ക് അതിവേഗം കേന്ദ്രാനുമതി നേടുന്നതിന് സഹായകമായി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
കേരളത്തിന്‍റെ അഭിമാനസ്‌തംഭം: കേരളത്തിന്‍റെ വ്യവസായ നഗരമായ കൊച്ചിക്ക് വികസന കുതിപ്പേകാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നിരന്തര ഇടപെടലിന്‍റെ ഭാഗമായാണ് 2013ല്‍ മെട്രോ പദ്ധതിക്ക് ആസൂത്രണ കമ്മിഷന്‍റെ അനുമതി നേടാനായത്. 5182 കോടി രൂപ ചെലവായ പദ്ധതിക്ക് 778 കോടി രൂപയുടെ കേന്ദ്ര സഹായം നേടിയെടുക്കാനും ഉമ്മന്‍ ചാണ്ടിക്കായി. 2016 ജനുവരിയില്‍ മെട്രോ ആദ്യ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി. 2017 ല്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമ്പോള്‍ പക്ഷേ ഉമ്മന്‍ ചാണ്ടി അധികാരത്തിന് പുറത്തായിരുന്നു.
More Read ;Oommen Chandy | എന്നും പുതുപ്പള്ളിക്കാരൻ, മനസിലെന്നും കേരളവും വികസനവും
ഉത്തര കേരളത്തന്‍റെയും മലബാറിന്‍റെയും വികസനക്കുതിപ്പിനു ചിറകു നല്‍കിയ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നിര്‍മാണം 2014ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ആരംഭിച്ചത്. 2016ല്‍ ഇവിടെ ആദ്യ പരീക്ഷണ വിമാനമിറക്കി. ഇവിടെയും പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2018 ഡിസംബര്‍ 1ന് നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി അധികാരമൊഴിഞ്ഞിരുന്നു.
ഉമ്മന്‍ ചാണ്ടി രണ്ടാം തവണ മുഖ്യമന്ത്രിയാകുന്ന 2011-16 കാലഘട്ടത്തില്‍ കേരളത്തിലെ 14 ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യം മുന്നില്‍ വച്ചാണ് മുന്നോട്ടു നീങ്ങിയത്. ലക്ഷ്യം പൂര്‍ണമായി സാക്ഷാത്‌കരിക്കാനായില്ലെങ്കിലും മെഡിക്കല്‍ കോളജുകളുടെ എണ്ണം അഞ്ചില്‍ നിന്ന് എട്ടാക്കി ഉയര്‍ത്താനായി.
ചെലവിന്‍റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് കേന്ദ്രത്തിന് ഉറപ്പു നല്‍കിയതോടെ 40 വര്‍ഷത്തിലധികമായി മുടങ്ങിക്കിടന്ന ദേശീയപാത ബൈപാസുകളുടെ നിര്‍മാണം ആരംഭിക്കാനായി. 2019ല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌ത കൊല്ലം ബൈപാസും 2021ല്‍ ഉദ്ഘാടനം ചെയ്‌ത ആലപ്പുഴ ബൈപാസും ഇപ്പോള്‍ നിര്‍മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന കഴക്കൂട്ടം-കാരോട് ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ആരംഭിക്കുന്നത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന 2011-16 കാലഘട്ടത്തിലാണ്.