പാരിസ്:മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടാകുന്ന ചൂടിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണ് ഈ വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയത്. ഈ തരത്തിലുള്ള കഠിനമായ ഉഷ്‌ണതരംഗത്തിന്‍റെ ആവര്‍ത്തന സാധ്യത കാലവസ്ഥ വ്യതിയാനം മുപ്പത് ശതമാനം വര്‍ധിപ്പിച്ചെന്ന് പ്രകൃതിദുരന്തങ്ങളില്‍ ആഗോളതാപനത്തിന്‍റെ പങ്ക് എത്രയാണെന്ന് വിലയിരുത്തുന്ന വേള്‍ഡ് വെദര്‍ അട്രിബ്യൂഷന്‍ കണ്‍സോര്‍ഷ്യത്തിന്‍റെ പഠന റിപ്പോര്‍ട്ട്. ഫോസില്‍ ഇന്ധനം ഉപയോഗിച്ചത് മൂലമുള്ള ആഗോള താപനത്തിന് മുമ്പ് ഇത്തരത്തിലുള്ള കടുത്ത ഉഷ്‌ണത്തിന്‍റെ സാധ്യത മൂവായിരം വര്‍ഷത്തില്‍ ഒരു തവണ എന്നതായിരുന്നു. അതിപ്പോള്‍ ആഗോളതാപനം നൂറ് വര്‍ഷത്തില്‍ ഒരിക്കലാക്കി മാറ്റിയിരിക്കുന്നു എന്നാണ് പഠന റിപ്പോര്‍ട്ട്.
ആഗോളതാപനം വര്‍ധിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കടുത്ത ഉഷ്‌ണതരംഗം ആവര്‍ത്തിക്കുന്നതിന്‍റെ കാലദൈര്‍ഘ്യം വീണ്ടും കുറയും. വ്യവസായവത്‌കരണത്തിന് ശേഷം ആഗോള താപനത്തിന്‍റെ നിലവിലുള്ള വര്‍ധനവ് 1.2 ഡിഗ്രി സെല്‍ഷ്യസാണ്. ആഗോള താപനം ഹരിതഗ്രഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടിവരികയാണ്.
ആഗോള താപനം 1.5ഡിഗ്രിസെല്‍ഷ്യസ് കടന്നാല്‍ തന്നെ പ്രശ്‌നം:ആഗോള താപനം രണ്ട് ഡിഗ്രിസെല്‍ഷ്യസില്‍ എത്തുകയാണെങ്കില്‍ ഇന്ത്യയിലും പാകിസ്ഥാനിലും കടുത്ത ഉഷ്‌ണതരംഗം ഒരോ അഞ്ച് വര്‍ഷത്തിലും ഉണ്ടാകും. പാരിസ് കാലവസ്ഥ കരാറിന്‍റെ ഭാഗമായി എത്രമാത്രം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കുമെന്ന ഒരോ രാജ്യങ്ങളുടെയും പ്രഖ്യാപനം നടപ്പായാല്‍ പോലും ആഗോള താപനം 2.8 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. കടുത്ത ഉഷ്‌ണ തരംഗം വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക.
ഈ വര്‍ഷത്തെ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലെ കടുത്ത ചൂട് രാജ്യത്ത് വലിയ തരത്തിലുള്ള ഗോതമ്പ് കൃഷി നാശത്തിനാണ് വഴിവച്ചത്. ഇത് കാരണം ഇന്ത്യ ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചിരുന്നു. യുക്രൈനില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതിയില്‍ വന്‍ കുറവ് വന്നത് പരിഹരിക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ചൂടില്‍ ഗോതമ്പ് വിള നശിച്ചതാണ് കയറ്റുമതിയില്‍ രാജ്യം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. ഇത് ലോക വിപണിയില്‍ ഗോതമ്പിന് വലിയ വില വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ആഗോള താപനം 1.5ഡിഗ്രി സെല്‍ഷ്യസ് കടക്കുകയാണെങ്കില്‍ തന്നെ ഇന്ത്യയില്‍ ഉഷ്‌ണതരംഗത്തിന്‍റെ ആവൃത്തി അപകടകരമായ രീതിയില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്.