ന്യൂഡല്‍ഹി: മുസ്‌ലിം സമൂഹം ഒരു ഏകീകൃത സമൂഹമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ മുസ്‌ലിം സമൂഹം ഒരു ഏകശില സമൂഹമല്ല, മറിച്ച് വിദേശ വംശജരായ അഷ്‌റഫ് (ഭരണാധികാരി വര്‍ഗം), തദ്ദേശീയരായ പസ്‌മാന്ദ (ഗോത്രവർഗം, ദളിത് തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍) എന്നിങ്ങനെ വര്‍ഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിലെ ജാതീയതയുടെ സൈദ്ധാന്തിക സ്വഭാവം പോലെ, ജാതീയതയെ ഉദ്ധരിക്കുന്ന വാക്യങ്ങളൊന്നും ഖുര്‍ആനിൽ ഇല്ല.
എന്നാൽ മിക്ക അഷ്‌റഫുല്‍ ഉലമകളും (പുരോഹിതന്മാരും പണ്ഡിതരും) ജാതീയത, വംശീയത എന്നിവയെ എതിർക്കുന്ന ഖുർആന്‍ വചനങ്ങള്‍ വ്യാഖ്യാനിച്ച് ജാതീയതക്ക് നിറം നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ആദ്യ ഖലീഫയുടെ കാലം മുതലുള്ള വംശീയത: ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാൽ, ആദ്യത്തെ ഖലീഫയെ തിരഞ്ഞെടുത്തത് വംശീയ അടിസ്ഥാനത്തിലാണ്. അതായത് ഖുറൈശി ഗോത്രത്തിൽ (സയ്യദ്, ശൈഖ്) നിന്നുള്ള ആള്‍ ആയിരിക്കണം ഖലീഫ. ചുരുക്കം ചില കാര്യങ്ങളില്‍ ഒഴികെ, ഇന്നും ഇസ്‌ലാമിക ലോകത്ത് ഖുറൈശികൾ (സയ്യദ്, ശൈഖ്) ആണ് രാഷ്‌ട്രീയവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്.
ഹദീസ്, ഫിഖ്ഹ് (നിയമം) തുടങ്ങിയ ഇസ്‌ലാമിന്‍റെ മറ്റ് ഔദ്യോഗിക സ്രോതസുകൾ, ഖലീഫയെ തെരഞ്ഞെടുക്കുന്നതിലും വിവാഹത്തിന് പങ്കാളികളെ തെരഞ്ഞെടുക്കുന്നതിലും ജാതീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള വിവേചനം വ്യക്തമായി അംഗീകരിക്കുന്നുണ്ട്. ഇന്ത്യയിൽ പ്രബലമായ ഇസ്‌ലാമിക ശരീഅത്ത് നിയമത്തിൽ ജാതി, വംശം, സമ്പത്ത്, തൊഴിൽ, പ്രദേശം (അറബിക്-അജ്‌മി) മുതലായവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമാനുസൃതമാക്കുന്ന 'കുഫു' എന്ന വിവാഹ സിദ്ധാന്തമുണ്ട്. മുസ്‌ലിം സമൂഹത്തിന്‍റെ വ്യക്തിനിയമവുമായി ബന്ധപ്പെട്ട നിയമപരമായ രേഖയായി ബോർഡ് അംഗീകരിക്കുന്ന മുസ്‌ലിം വ്യക്തിനിയമ ബോർഡ് പ്രസിദ്ധീകരിച്ച 'മജ്‌മുയി-ഇ-ഖവാനിൻ-ഇ-ഇസ്‌ലാമി' മേൽപ്പറഞ്ഞ കാര്യങ്ങൾ പരസ്യമായി പിന്തുണയ്ക്കുന്നു.
എന്നിരുന്നാലും, ജാതീയതയെ ശക്തമായി എതിർക്കുന്ന ചില ഹദീസുകളും കാണാം. അതിനാൽ രണ്ട് തരത്തിലുള്ള ഹദീസുകളും ഉണ്ട്. ഒന്ന് ജാതി അനുകൂലവും മറ്റൊന്ന് ജാതിവിരുദ്ധവും.
ഇസ്‌ലാമിലെ ജാതി വ്യവസ്ഥയുടെ തെളിവുകള്‍: അറബ് രാജ്യങ്ങളിലെയും മറ്റ് ഇസ്‌ലാമിക രാജ്യങ്ങളിലെയും മുസ്‌ലിം സമൂഹത്തിൽ വംശീയതയും ജാതീയതയും നിലനിൽക്കുന്നതിന് തെളിവുകളുണ്ട്. ഇന്നും സയ്യദ് ജാതിയിൽപ്പെട്ട ആളുകൾ ജാതി ചിഹ്നമായി കറുത്ത നിറമുള്ള ഇമാമ (തലപ്പാവ്) ധരിക്കാറുണ്ട്. യമനിലെ അഖ്‌ദാം സമുദായത്തില്‍ പെട്ട തൂപ്പു ജോലി ചെയ്യുന്ന ആളുകൾക്കിടയിൽ വിവേചനവും തൊട്ടുകൂടായ്‌മയും സാധാരണമാണ്. ജോർദാനിന്‍റെ മുഴുവൻ പേര് 'ഹാഷിമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ' എന്നാണ്. ' ജാതി അടിസ്ഥാനത്തിലുള്ള പേരാണിത്.
ഇന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന സയ്യദ് ജാതിയില്‍ പെട്ടവരുടെ പേരിനൊപ്പമുള്ള ഹാഷ്‌മി എന്ന ജാതിപ്പേരും മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിയതക്കും വംശീയതക്കും ഉദാഹരണങ്ങളാണ്. മൂന്ന് പ്രധാന ഇസ്‌ലാമിക രാജ്യങ്ങളായ തുർക്കി, സൗദി അറേബ്യ, ഇറാൻ എന്നിവ യഥാക്രമം മറ്റ് അറബ് ഗോത്രങ്ങളെ അപേക്ഷിച്ച് തുർക്കി ഗോത്രങ്ങൾ, ബെഡൂയിൻ ഗോത്രങ്ങൾ, സയാദ് എന്നിവരാൽ നിയന്ത്രിക്കപ്പെടുന്നു. അഫ്‌ഗാനിസ്ഥാനിലെ നിലവിലെ ഭരണകക്ഷിയായ താലിബാൻ പഖ്‌തൂൺ പത്താൻമാരുടെ ആധിപത്യമുള്ള വിഭാഗമാണ്.
ജാതീയതയില്‍ നിന്ന് മുക്തമല്ലാത്ത ഇസ്‌ലാം: ഇസ്‌ലാമിൽ ജാതീയതയുണ്ടോ ഇല്ലയോ എന്നത് വൈജ്ഞാനിക സംവാദത്തിന്‍റെ വിഷയമാകാം, എന്നാൽ ഇന്നത്തെ കാലത്ത് പ്രചാരത്തിലുള്ള ഇസ്‌ലാം തികച്ചും ജാതീയ ചിന്തകള്‍ നിറഞ്ഞതാണ്. ഇസ്‌ലാമിൽ ഒന്നാം ഖലീഫയുടെ നിയമനം, അദ്ദേഹത്തിന്‍റെ ശമ്പളവും മറ്റ് അലവൻസും നിശ്ചയിക്കൽ, മൂന്നാം ഖലീഫയുടെ കൊലപാതകം എന്നിവയെല്ലാം വംശം, ജാതി അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ജുമുഅ ഖുത്ബയിൽ ഒരു പ്രത്യേക വംശത്തിന്‍റെ അല്ലെങ്കില്‍ ജാതിയുടെ പ്രാധാന്യവും, വിവാഹങ്ങളില്‍ അടക്കമുള്ള ശക്തമായ ജാതി അതിർവരമ്പും എല്ലാം നിലനില്‍ക്കുന്ന ഇസ്‌ലാം ജാതീയതയിൽ നിന്ന് മുക്തമാണെന്ന് എങ്ങനെ അവകാശപ്പെടാനാകും.
ഇന്ത്യന്‍ മുസ്‌ലിങ്ങളിലെ ജാതി ചിന്ത: ഇനി ഇന്ത്യയെ വിലയിരുത്തുകയാണെങ്കില്‍ അറബ്, ഇറാനിയൻ, മധ്യേഷ്യൻ മുസ്‌ലിങ്ങളുടെ വരവോടെ വംശീയ, ജാതിവാദത്തിന്‍റെ ഇസ്‌ലാമിക ശൈലി ഇന്ത്യയിലും ആരംഭിക്കുകയായിരുന്നു. അവരുടെ ഭരണകാലത്ത് അത് വ്യക്തമായി കാണാം. ഇതിനെ അഷ്‌റഫ് നിയമങ്ങൾ എന്ന് വിളിക്കുന്നു.
വംശത്തിന്‍റെയും ജാതിയുടെയും കുലീനതയുടെ വികാരങ്ങളും സംയോജനവും അത്തരത്തിലുള്ളതായിരുന്നു. സർക്കാർ ഭരണത്തിലെ നിയമനത്തിന് അപേക്ഷിക്കുന്നവരുടെ ജാതിയും വംശവും അന്വേഷിക്കുന്നതിനും സംശയാസ്‌പദമായ ആളുകളുടെ ജാതിയും കുലവും അന്വേഷിക്കുന്നതിനും നിഖാബത്ത് എന്ന ഒരു ഔപചാരിക സംഘടിത വകുപ്പ് ഉണ്ടായിരുന്നു. അൽതമാഷിന്‍റെ ഭരണകാലത്ത്, താഴ്ന്ന ജാതികൾ എന്ന് വിളിക്കപ്പെടുന്നവരുമായി ബന്ധമുള്ള 33 പേരെ ഭരണത്തിൽ നിന്ന് പുറത്താക്കിയതിന് തെളിവുകളുണ്ട്. ഇന്ത്യൻ വംശജരായ അദ്ദേഹത്തിന്‍റെ സഹ-മതസ്ഥരെപ്പോലും (പസ്‌മാന്ദ) അവർ വെറുതെ വിട്ടില്ല.
മുകള്‍ ഭരണത്തിലെ വംശവെറി: കശാപ്പുകാരും മത്സ്യത്തൊഴിലാളികളും പൊതു ജനങ്ങളുമായി ഇടപെടരുത് എന്നും, ഇവരുമായി സൗഹൃദം സ്ഥാപിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും അക്ബർ ചക്രവർത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റാസിലുകൾ (താഴ്ന്ന ജാതിക്കാർ) കലാപമുണ്ടാക്കുന്നു എന്നാരോപിച്ച് അവരെ വിദ്യാഭ്യാസം തേടുന്നതില്‍ നിന്നു പോലും വിലക്കിയിരുന്നു. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫർ, 500 പേരടങ്ങുന്ന ഒരു പ്രത്യേക സൈന്യത്തെ തയാറാക്കാൻ നവാബ് സയ്യദ് ഹമീദിനോട് ഉത്തരവിട്ടു.
ശൈഖ്, സയ്യദ്, പത്താൻ തുടങ്ങിയ കുലീനരും ധീരരുമായ ഉയര്‍ന്ന ജാതികൾ മാത്രമേ സൈന്യത്തില്‍ ഉണ്ടാകാവൂ എന്നും അദ്ദേഹം പരാമർശിച്ചു. റാസിൽ ജാതിയില്‍ (താഴ്ന്ന ജാതി) പെട്ട ആളുകളെ ഇതിൽ നിന്ന് അകറ്റി നിർത്തണമെന്നും ചക്രവര്‍ത്തി ഉത്തരവില്‍ പറഞ്ഞിരുന്നു. മുസ്‌ലിം ഭരണകാലത്തുടനീളം ഉയര്‍ന്ന ജാതിയായ സയ്യാദുകൾക്ക് പ്രത്യേ അവകാശമുണ്ടായിരുന്നു. വലിയ തെറ്റുകള്‍ ചെയ്‌താല്‍ പോലും അവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നില്ല.
തുഗ്ലക്ക് ഭരണത്തിലെ മാറ്റം:എന്നാല്‍ ഗിയാസുദ്ദീൻ തുഗ്ലക്കിന്‍റെയും മുഹമ്മദ് ബിൻ തുഗ്ലക്കിന്‍റെയും ഭരണത്തില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കിയുന്നില്ല. അവരുടെ കാലത്ത് നിരവധി സയ്യിദ് സൂഫികളും മറ്റ് സയാദുമാരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. മുഹമ്മദ് ബിൻ തുഗ്ലക്കിന്‍റെ യഥാർഥ പേര് ജൗന എന്നായിരുന്നു. അദ്ദേഹത്തിന്‍റെ പേരിലാണ് ജൗൻപൂർ എന്ന് പേരിട്ടത്. താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഭരണത്തിലേക്ക് നിയമിച്ചു.
ബ്രിട്ടീഷ് കാലത്തെ ഇസ്‌ലാം ജാതീതയ: ബ്രിട്ടീഷുകാരുടെ വരവോടെ അഷ്‌റഫ് മുസ്‌ലിങ്ങൾ തങ്ങളുടെ അധികാരവും ആധിപത്യവും നിലനിർത്താൻ വേണ്ടി ദ്വിരാഷ്‌ട്ര സിദ്ധാന്തവും ഖിലാഫത്ത് പ്രസ്ഥാനത്തെയും ഉപയോഗിച്ച് രാജ്യത്തിന്‍റെ വിഭജനത്തിലേക്ക് എത്തിച്ചു. ഈ കാലഘട്ടത്തിലുടനീളം, തദ്ദേശീയരായ പസ്‌മാന്ദ മുസ്‌ലിങ്ങളെ അഷ്‌റഫ് വംശജര്‍ മതത്തിന്‍റെയും മതപരമായ ഐക്യത്തിന്‍റെയും മിഥ്യാധാരണയിൽ ഇവരോടൊപ്പം നിർത്തി. എന്നിരുന്നാലും, അസിം ബിഹാരിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ആദ്യ പസ്‌മാന്ദ പ്രസ്ഥാനം മുസ്‌ലിം വർഗീയതയെയും ജാതീയതയെയും ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെയും ശക്തമായി എതിർക്കുകയും ഇന്ത്യ വിഭജനത്തെ അവസാനം വരെ എതിർക്കുകയും ചെയ്‌തു.
വിഭജനാനന്തര ഇന്ത്യയിൽ അവശേഷിച്ച അഷ്‌റഫുകൾ കോൺഗ്രസിന്‍റെ മുസ്‌ലിം പ്രീണന നയത്തിലൂടെയും മുസ്‌ലിം വ്യക്തിനിയമ ബോർഡ് പോലുള്ള സംഘടനകളിലൂടെയും തങ്ങളുടെ അധികാരവും ആധിപത്യവും നിലനിർത്തി.
താഴ്‌ന്ന ജാതിയില്‍ പെട്ടവരെ ഉയര്‍ത്താന്‍ കമ്മിഷനുകള്‍: കാകാ കലേൽക്കർ കമ്മിഷൻ, മണ്ഡല്‍ കമ്മിഷൻ, രംഗനാഥ് മിശ്ര കമ്മിഷൻ തുടങ്ങി സച്ചാർ കമ്മിറ്റി പോലും മുസ്‌ലിം സമൂഹത്തിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിച്ചിട്ടുണ്ട്. മണ്ഡൽ കമ്മിഷൻ നടപ്പിലാക്കിയതിന് ശേഷം, ഇന്ത്യൻ പസ്‌മാന്ദ മുസ്‌ലിങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും സംവരണത്തിന്‍റെ ആനുകൂല്യം ലഭിച്ചു. ഇതുമൂലം പസ്‌മാന്ദ മുസ്‌ലിങ്ങളുടെ അവസ്ഥയില്‍ പുരോഗതി ഉണ്ടായി.
വിവിധ മേഖലകളിലെ മുസ്‌ലിം പ്രാതിനിധ്യം:ലോക്‌സഭ അംഗങ്ങളില്‍ ഇതുവരെയുള്ള മുസ്‌ലിം പ്രതിനിധികളുടെ എണ്ണം പരിശോധിച്ചാൽ, അഷ്‌റഫുകൾ ആണ് കൂടുതല്‍. എന്നാല്‍ ഒരൊറ്റ പസ്‌മാന്ദ പോലും ഉണ്ടായിരുന്നില്ല. സംസ്ഥാനങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും അസംബ്ലികളിലും സ്ഥിതി ഏറെക്കുറെ സമാനമാണ്.
നിയമനിർമാണ സഭയെപ്പോലെ, ജുഡീഷ്യറിയിലും, ബ്യൂറോക്രസിയിലും, ന്യൂനപക്ഷത്തിന്‍റെയും മുസ്‌ലിമിന്‍റെയും പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും പസ്‌മാന്ദകളുടെ പ്രാതിനിധ്യം അവരുടെ ജനസംഖ്യ അനുസരിച്ച് വളരെ കുറവാണ്. തദ്ദേശീയരായ പസ്‌മാന്ദകളിലെ ജനസംഖ്യ മൊത്തം മുസ്‌ലിം ജനസംഖ്യയുടെ 90 ശതമാനമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. മുസ്‌ലിം വ്യക്തിനിയമ ബോർഡ്, ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുൽ ഉലമ, മില്ലി കൗൺസിൽ, മജ്‌ലിസ്-ഇ-മശ്വറത്ത് തുടങ്ങി മുഴുവൻ മുസ്‌ലിംകളുടെയും പ്രാതിനിധ്യം അവകാശപ്പെടുന്ന മുസ്‌ലിങ്ങലൾ തന്നെ നടത്തുന്ന സ്ഥാപനങ്ങളിൽ പോലും പസ്‌മാന്ദകളുടെ ഇടപെടല്‍ കുറവാണ്.
വഖഫ് ബോർഡ്, പ്രധാനപ്പെട്ട മദ്‌റസകൾ, ഇമാറാത്ത്-ഇ-ശരീഅ മുതലായവയുടെ സ്ഥിതിയും വ്യത്യസ്‌തമല്ല, ഇവിടെയും ചില പ്രത്യേക അഷ്‌റഫ് കുടുംബങ്ങളിൽ നിന്നുള്ള ആളുകളെ മാത്രമേ കാണാനാകൂ. മുസ്‌ലിം സമൂഹത്തിൽ സാമൂഹ്യനീതിക്ക് വേണ്ടി പോരാടുന്ന വിവിധ പസ്‌മാന്ദ പ്രസ്ഥാനങ്ങൾ ഈ സ്ഥാപനങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ച് കൂടുതൽ വാചാലരാകുന്നതിന്‍റെ ഒരു വലിയ കാരണം ഇതായിരിക്കാം. മുസ്‌ലിം-ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‍റെ പേരിൽ ഇന്ത്യൻ പസ്‌മാന്ദ മുസ്‌ലിങ്ങളെ കാണിച്ചുകൊണ്ട് മാത്രമാണ് അഷ്‌റഫ് സ്വന്തം താൽപര്യം സംരക്ഷിക്കുന്നതെന്ന് മുകളിൽ പറഞ്ഞ വിവരണത്തിൽ നിന്ന് വ്യക്തമാണ്.
മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന തൊട്ടുകൂടായ്‌മ, സവർണ ജാതി വികാരം, ജാതീയത എന്നിവ തിന്മയായി കണക്കാക്കുകയും രാഷ്‌ട്ര നിർമാണത്തിന് തടസമായി കണക്കാക്കുകയും ചെയ്‌തു കൊണ്ട് രാജ്യത്തുടനീളം സജീവമായ വിവിധ പസ്‌മാന്ദ സംഘടനകൾ ഇതിനെ പരസ്യമായി എതിർത്തു. മുസ്‌ലിം സമൂഹം ഹിന്ദു സമൂഹത്തേക്കാൾ ജാതി, വർഗം എന്നിങ്ങനെ പല തട്ടുകളായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ വേർതിരിവ് അവരിൽ കൂടുതൽ ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നും ഭരണ-പ്രതിപക്ഷ കക്ഷികളും ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചിന്തിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമാണ്. അതുകൊണ്ട് മുസ്‌ലിങ്ങളുടെ മാത്രം പ്രാതിനിധ്യം എന്നതിലുപരി പസ്‌മാന്ദയുടെ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും ന്യായം.