ന്യൂയോർക്ക് : കൃത്യമായ വ്യായാമവും ശരിയായ ആരോഗ്യ പരിപാലനവും ശരീരത്തിന് ഏറെ ഗുണകരമാണ്. എന്നാൽ വ്യായാമം ദിനചര്യയുടെ ഭാഗമാക്കാതെ തന്നെ ആരോഗ്യവാനായിരിക്കാനും അകാല മരണത്തിനുള്ള സാധ്യത കുറയ്‌ക്കാനും എങ്ങനെ കഴിയും എന്നതിനെ കുറിച്ചുള്ള പഠനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം 8000 ചുവടുകൾ അഥവാ നാല് മൈൽ (6.4 കിലോമീറ്റർ) നടക്കുന്നത് അകാല മരണത്തിനുള്ള സാധ്യത ഗണ്യമായി കുറയ്‌ക്കുമെന്ന് പുതുപഠനങ്ങൾ വ്യക്തമാക്കുന്നു. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെയും യുഎസിലെ കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകരാണ് വിഷയത്തിൽ പഠനങ്ങള്‍ നടത്തിയത്.
വ്യായാമം ചെയ്യുന്നത് നമ്മള്‍ ആരോഗ്യവാനായിരിക്കാനും മരണ സാധ്യത കുറയ്‌ക്കാനും സഹായിക്കും. എന്നാല്‍ ആഴ്‌ചയിൽ കുറച്ച് ദിവസങ്ങൾ മാത്രം തീവ്രമായി നടക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചാണ് ജെഎഎംഎ (JAMA) നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 8000 ചുവടുകളോ ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസമോ അതിൽ കൂടുതലോ നടക്കുന്ന ആളുകൾ 10 വർഷ കാലയളവിൽ മരിക്കാനുള്ള സാധ്യത 14.9 ശതമാനം കുറവാണെന്നാണ് കണ്ടെത്തലുകൾ കാണിക്കുന്നത്.
ആഴ്‌ചയിൽ മൂന്നോ ഏഴോ ദിവസം 8,000 ചുവടുകളോ അതിൽ കൂടുതലോ നടന്നവരിൽ മരണസാധ്യത 16.5 ശതമാനം കുറവായിരുന്നു. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം 8,000 ചുവടുകളോ അതിൽ കൂടുതലോ നടക്കുന്നതിന്‍റെ ആരോഗ്യ ആനുകൂല്യങ്ങൾ 65 വയസും അതിൽ കൂടുതലുമുള്ളവരില്‍ കൂടുതലായി കാണപ്പെട്ടു. ആഴ്‌ചയിൽ രണ്ട് ദിവസം മാത്രം നടക്കുന്നതിലൂടെ വ്യക്തികൾക്ക് ഗണ്യമായ ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
പഠനത്തിനായി 3,100 പേർ പ്രതിദിനം നടക്കുന്നതിനെക്കുറിച്ച് 2005ലും 2006ലും പരിശോധിച്ചു. 10 വർഷത്തിന് ശേഷം അവരെക്കുറിച്ച് വീണ്ടും പരിശോധിക്കുകയും അവരിൽ മരിച്ചവരെ കുറിച്ച് വിശകലനം നടത്തുകയും ചെയ്‌തു. പങ്കെടുത്തവരിൽ 632 പേർ ആഴ്‌ചയിൽ 8000 ചുവടുകളോ അതിൽ കൂടുതലോ എടുത്തിട്ടുണ്ട്.
532 പേർ ആഴ്‌ചയിൽ ഒന്ന് മുതൽ രണ്ട് ദിവസം വരെ 8000 ചുവടുകളോ അതിൽ കൂടുതലോ എടുത്തിട്ടുണ്ട്. 1,937 പേർ ആഴ്‌ചയിൽ മൂന്ന് മുതൽ 7 ദിവസം വരെ 8000 അല്ലെങ്കിൽ അതിലധികമോ ചുവടുകൾ എടുത്തു. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച് സ്ഥിരമായ നടത്തം ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, വിഷാദം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നു.
കരൾ രോഗങ്ങളെ തുരത്താൻ എയ്റോബിക് വ്യായാമം : ആഴ്‌ചയിൽ 150 മിനുട്ട് എയ്റോബിക് വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കരളിലെ കൊഴുപ്പിന്‍റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു എന്നുള്ള പഠന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പെൻസിൽവാനിയയിലെ സ്റ്റേറ്റ് കോളജ് ഓഫ് മെഡിസിനാണ് വിഷയത്തിൽ പഠനം നടത്തിയത്. ക്ലിനിക്കൽ പരീക്ഷണത്തിലൂടെ നോൺ ആൽക്കഹോളിക് ലിവർ രോഗങ്ങൾ ബാധിച്ചവർക്ക് എയ്റോബിക് വ്യായാമം ഫലപ്രദമാണെന്ന് വ്യക്തമായി.
Also read:'ആഴ്‌ചയില്‍ 150 മിനിറ്റ് എയ്റോബിക് വ്യായാമം ചെയ്‌താല്‍ കരള്‍ സംബന്ധമായ രോഗങ്ങളെ തുരത്താം' ; പഠനം പറയുന്നത്
എയ്റോബിക് വ്യായാമം: ഓക്‌സിജന്‍റെ വിതരണം വർധിപ്പിക്കുന്നതിനായുള്ള ശാരീരിക വ്യായാമമാണ് എയ്റോബിക് വ്യായാമം. പേശികളുടെ ഉറപ്പിനും ഹൃദയത്തിന്‍റെയും രക്തധമനികളുടെയും പ്രവർത്തനക്ഷമതയ്ക്കും ഇത് ഉപയോഗപ്രദമാണ്. ജോഗിങ്, സൈക്ലിങ്, നൃത്തം, നീന്തൽ തുടങ്ങിയവ ഈ വ്യായാമത്തിന്‍റെ ഉദാഹരണങ്ങളാണ്.