കേരളം

kerala

ETV Bharat / lifestyle

ആരോഗ്യം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ - ആരോഗ്യം

രോഗങ്ങള്‍ തടയാൻ സാധിച്ചില്ലെങ്കിലും അതിന്‍റെ തീവ്രത കുറയ്ക്കാൻ മാര്‍ഗങ്ങള്‍ ഉണ്ട്. ജീവിതത്തില്‍ ശുചിത്വം പാലിക്കുന്നവര്‍ക്ക് രോഗങ്ങളെ ഏറെക്കുറെ പ്രതിരോധിക്കാൻ സാധിക്കും.

ആരോഗ്യം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍

By

Published : Feb 9, 2019, 6:54 AM IST

പ്രതിരോധമാണ് പ്രതിവിധിയേക്കാള്‍ നല്ലതെന്നൊരു ചൊല്ലുണ്ട്. രോഗങ്ങള്‍ വരുന്നത് നമുക്ക് തടയാനാകില്ലെങ്കിലും ചില രോഗങ്ങളുടെ കാര്യത്തില്‍ അതിന്‍റെ തീവ്രത കുറയ്ക്കാന്‍ സാധിക്കും. നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് ചെയ്യാനാകുന്ന അഞ്ച് മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ശുചിത്വം പാലിക്കുക

ശുചിത്വകാര്യത്തില്‍ നാം ആദ്യം ചിന്തിക്കുന്ന കാര്യമാണ് കൈ കഴുകുന്നത്. അഴുക്കുപുരണ്ട കൈകള്‍ രോഗം വരുത്തുന്നതില്‍ പ്രധാനമാണ്. ജലദോഷമോ പനിയോ വരുന്നതിന് അഴുക്കുപുരണ്ട കൈകള്‍ കൊണ്ട് മൂക്കോ കണ്ണോ തിരുമ്മുന്നത് കാരണമാകാം. മാത്രമല്ല, ന്യുമോണിയ, വയറിളക്കം പോലെയുള്ള രോഗങ്ങള്‍ തടയാനും ശുചിത്വം പാലിക്കുന്നത് സഹായിക്കും. ശുചിത്വക്കുറവ് മൂലമാണ് അഞ്ച് വയസില്‍ താഴെയുള്ള 20 ലക്ഷത്തിലധികം കുട്ടികള്‍ ഓരോ വര്‍ഷവും മരണമടയുന്നത്. നിങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ കൈ നിര്‍ബന്ധമായും കഴുകേണ്ടതാണ്.

  • ടോയ്ലറ്റില്‍ പോയതിന് ശേഷം
  • കുട്ടികളെ വൃത്തിയാക്കിയതിന് ശേഷവും ഡയപ്പര്‍ മാറ്റിയതിന് ശേഷവും
  • മുറിവോ വ്രണമോ വൃത്തിയാക്കിയതിന് ശേഷം
  • രോഗികളെ സന്ദര്‍ശിക്കുന്നതിന് മുമ്പും പിമ്പും
  • ഭക്ഷണം പാകം ചെയ്യുകയോ വിളമ്പുകയോ കഴിക്കുകയോ ചെയ്യുന്നതിന് മുമ്പ്
  • തുമ്മുകയോ ചുമയ്ക്കുകയോ മൂക്കുചീറ്റുകയോ ചെയ്തതിന് ശേഷം
  • മൃഗത്തെയോ മൃഗവിസര്‍ജ്ജ്യമോ തൊട്ടതിന് ശേഷം
  • ചപ്പുചവറുകളും ഉച്ഛിഷ്ടങ്ങളും നീക്കം ചെയ്തതിന് ശേഷം

കൈ വൃത്തിയായി കഴുകുമ്പോള്‍ ശ്രദ്ധിക്കുക.

  • ശുദ്ധമായ വെള്ളത്തില്‍ കൈ നനച്ചതിന് ശേഷം സോപ്പ് തേക്കുക
  • സോപ്പ് പതയുന്നത് വരെ കൂട്ടിത്തിരുമ്മി നഖങ്ങള്‍, തള്ളവിരല്‍, പുറംകൈ, വിരലുകള്‍ക്കിടയിലെ ഭാഗം എന്നിവ വൃത്തിയാക്കുക.
  • കുറഞ്ഞത് 20 സെക്കന്‍റ് എങ്കിലും ഇങ്ങനെ ചെയ്യുക
  • ശുദ്ധമായ വെള്ളത്തില്‍ കഴുകുക
  • വൃത്തിയുള്ള തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് കൈ തുടയ്ക്കുക

ഇതെല്ലാം വളരെ നിസാരമായ കാര്യമാണെന്ന് തോന്നിയേക്കാമെങ്കിലും രോഗങ്ങള്‍ അകറ്റി നിര്‍ത്തുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും സാധിക്കും.

ശുദ്ധജലം ഉപയോഗിക്കുക. ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയാന്‍ ഇത് ഒരു പരിധി വരെ നമ്മെ സഹായിക്കും.

പല്ല് തേക്കുന്നതിനും ഐസ് ഉണ്ടാക്കുന്നതിനും പാചകം ചെയ്യുന്നതിനും പഴങ്ങള്‍, പച്ചക്കറികള്‍, പാത്രങ്ങള്‍ എന്നിവ കഴുകുന്നതിനും ഉപയോഗിക്കുന്ന വെള്ളം ശരിയായി ശുദ്ധി ചെയ്ത ജലസേചന കേന്ദ്രത്തില്‍ നിന്ന് ഉള്ളതാണോയെന്നും കൂടാതെ നമ്മള്‍ ഉപയോഗിക്കുന്ന കുപ്പിവെള്ളം ഗുണമേന്മയുള്ള ശുദ്ധജല വിതരണക്കാരില്‍ നിന്നുള്ളതാണോയെന്നും ഉറപ്പുവരുത്തുക.

പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം മലിനമാകാന്‍ സാധ്യതയുണ്ടെങ്കില്‍ തിളപ്പിച്ച് ഉപയോഗിക്കുക. അല്ലെങ്കില്‍, ഉചിതമായ രാസപദാര്‍ത്ഥം ഉപയോഗിച്ച് ശുദ്ധിവരുത്തുക. ക്ലോറിന്‍ പോലെയുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിര്‍മ്മാതാക്കളുടെ നിര്‍ദേശങ്ങള്‍ പാലിക്കുക. ഗുണനിലവാരമുള്ള വാട്ടര്‍ ഫില്‍റ്റര്‍ വാങ്ങാനാകുമെങ്കില്‍ അത് ഉപയോഗിക്കുക. വെള്ളം ശുദ്ധീകരിക്കാന്‍ ഒരു ഉല്‍പ്പന്നവും ലഭ്യമല്ലെങ്കില്‍ വീടുകളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ബ്ലീച്ച്, ലിറ്ററിന് രണ്ട് തുള്ളി എന്ന കണക്കിന് വെള്ളത്തിലിട്ട് നന്നായി കലക്കി 30 മിനിറ്റിന് ശേഷം ഉപയോഗിക്കുക.

ശുദ്ധീകരിച്ച ജലം വീണ്ടും മലിനമാകാതിരിക്കാന്‍ വൃത്തിയുള്ള പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കുക. വെള്ളം എടുക്കാന്‍ ഉപയോഗിക്കുന്ന കപ്പുകളും മറ്റു പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണം. കൈ നന്നായി കഴുകി വേണം വെള്ളം എടുക്കാന്‍. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കൈയോ വിരലുകളോ മുക്കാതിരിക്കുക.

ഭക്ഷണം ശ്രദ്ധിക്കുക

നല്ല ആരോഗ്യത്തിന് നല്ല പോഷകാഹാരം കൂടിയേ തീരൂ. അധികം ഭക്ഷണം കഴിക്കരുത്. ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും തുടങ്ങി പല ഇനം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. സംസ്കരിച്ച ഉത്പന്നങ്ങളില്‍ പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നു. അതുകൊണ്ട് ബ്രഡ്, അരി, ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ എന്നിവ തവിടുനീക്കി സംസ്കരിച്ചെടുത്തവയാണോയെന്ന് പാക്കറ്റ് നോക്കി ഉറപ്പുവരുത്തുക. കോഴിയിറച്ചിയും മറ്റ് മാംസങ്ങളും കുറഞ്ഞ അളവില്‍ കഴിക്കുക. എന്നാല്‍ പ്രോട്ടീന്‍ ലഭിക്കുന്നതിന് സാധ്യമെങ്കില്‍ ആഴ്ചയില്‍ രണ്ട് തവണ മീന്‍ കഴിക്കുക. പച്ചക്കറികളില്‍ നിന്ന് പോലും പ്രോട്ടീന്‍ സമൃദ്ധമായ ആഹാരം ചില രാജ്യങ്ങളില്‍ ലഭ്യമാണ്. മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വളരെയധികം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. മധുരപാനീയങ്ങള്‍ക്ക് പകരം വെള്ളം കുടിക്കുക. ഭക്ഷണത്തിന് ശേഷം മധുര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് പകരം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. സോസേജുകള്‍, ഇറച്ചി, വെണ്ണ, കേക്കുകള്‍, പാല്‍ക്കട്ടികള്‍, ബിസ്ക്കറ്റുകള്‍ എന്നിങ്ങനെ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. കൂടാതെ, ഭക്ഷണം പാകം ചെയ്യുമ്പോള്‍ കൊഴുപ്പ് കുറഞ്ഞ എണ്ണ ഉപയോഗിക്കുക.

കൂടുതല്‍ ഉപ്പ് അല്ലെങ്കില്‍ സോഡിയം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിച്ചേക്കാം. ഉപ്പ് ഉപയോഗിക്കുന്നതിന് പകരം നിങ്ങളുടെ ആഹാരത്തിന്‍റെ രുചി കൂട്ടാന്‍ പുതിനയില, മല്ലിയില പോലുള്ളവയോ കുരുമുളക്, ഗ്രാമ്പൂ, ഏലക്ക പോലെയുള്ള സുഗന്ധ വ്യഞ്ജനങ്ങളോ ഉപയോഗിക്കാം. വിശപ്പ് അടങ്ങിയതിന് ശേഷം ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. ആഹാരവുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നമാണ് ഭക്ഷ്യവിഷബാധ. നന്നായി പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ സൂക്ഷിച്ച് വയ്ക്കാത്തതോ ആയ ഏതൊരു ഭക്ഷണവും വിഷബാധയ്ക്ക് കാരണമായേക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ദശലക്ഷങ്ങളാണ് ഓരോ വര്‍ഷവും ഭക്ഷ്യവിഷബാധയ്ക്ക് ഇരയാകുന്നത്. മിക്കവര്‍ക്കും രോഗം ഭേദമാകാറുണ്ടെങ്കിലും ചിലര്‍ മരണമടയുന്നു.

ഭക്ഷണം പാകം ചെയ്യുകയോ വിളമ്പുകയോ കഴിക്കുകയോ ചെയ്യുന്നതിന് മുമ്പ് കൈകള്‍ വൃത്തിയാക്കുക

ഭക്ഷ്യവിഷബാധയെ നേരിടാം

  • പച്ചക്കറികള്‍ പാകം ചെയ്യുന്നതിന് മുമ്പ് വൃത്തിയായി കഴുകുക.
  • ഓരോ പ്രാവശ്യവും ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈ, പച്ചക്കറി അരിയുന്ന ബോര്‍ഡുകള്‍, മറ്റ് അടുക്കള സാമഗ്രികള്‍, പാത്രങ്ങള്‍, അടുക്കള സ്ലാബ് എന്നിവ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.
  • ഭക്ഷ്യവസ്തുക്കളില്‍ നിന്നുള്ള വിഷബാധ ഏല്‍ക്കാതിരിക്കാന്‍ മുട്ട, ഇറച്ചി, മീന്‍ തുടങ്ങിയവ എടുത്ത പാത്രങ്ങളും മറ്റ് ഉപകരണങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ അവയില്‍ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ എടുക്കാവൂ.
  • ഓരോ ഭക്ഷണവും കൃത്യമായ ചൂടില്‍ പാകം ചെയ്യുക. പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉടന്‍ കഴിക്കുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഫ്രഡ്ജില്‍ വയ്ക്കുക.
  • പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ രണ്ട് മണിക്കൂറിലധികം പുറത്ത് വയ്ക്കരുത്. പുറത്തെ ചൂട് 32 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാണെങ്കില്‍ ഒരു മണിക്കൂറിലധികം പുറത്ത് വച്ചാല്‍ അത് കളയണം.

ഊര്‍ജ്ജസ്വലതയുള്ളവരായിരിക്കുക

ഏത് പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കില്‍ മാത്രമേ നല്ല ആരോഗ്യം നിലനിര്‍ത്താനാകുകയുള്ളൂ. മിക്കവരും മതിയായ അളവില്‍ വ്യായാമം ചെയ്യാറില്ല.

വ്യായാമം ചെയ്യുന്നതിലൂടെ ആരോഗ്യം നിലനിര്‍ത്താനാകും

എന്തുകൊണ്ടാണ് വ്യായാമം പ്രധാനമായിരിക്കുന്നത്.

  • നല്ല ഉറക്കം ലഭിക്കും
  • ഊര്‍ജ്ജസ്വലരായിരിക്കും
  • എല്ലുകള്‍ക്കും പേശികള്‍ക്കും ബലം ലഭിക്കും.
  • ശരിയായ ശരീരഭാരം നിലനിര്‍ത്തും
  • വിഷാദം അകറ്റും
  • അകാലമരണം ഒഴിവാക്കാം

നന്നായി ഉറങ്ങുക

നല്ല ആരോഗ്യത്തിന് നന്നായി ഉറങ്ങുക

എത്രമാത്രം ഉറക്കം വേണമെന്നത് ഓരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കള്‍ ദിവസവും 16 മുതല്‍ 18 മണിക്കൂര്‍ ഉറങ്ങുമ്പോള്‍ 1-3 വയസ്സുവരെയുള്ള കുട്ടികള്‍ 14 മണിക്കൂറും 3 ഉം 4 ഉം വയസ്സുള്ള കുട്ടികള്‍ 11 മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആവശ്യമാണ്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ 10 മണിക്കൂറും കൗമാരത്തിലുള്ളവര്‍ ഒമ്പതോ പത്തോ മണിക്കൂറും പ്രായപൂര്‍ത്തിയായവര്‍ ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെയും ഉറങ്ങേണ്ടതാണ്.


ABOUT THE AUTHOR

...view details