ഭക്ഷണകാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാകാത്ത കൂട്ടരാണ് നമ്മൾ മലയാളികൾ . അതേസമയം തന്നെ ആരോഗ്യകരമായ ഭക്ഷണ രീതി വച്ചുപുലർത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകാറുമില്ല . ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിൽ എല്ലാ ദിവസവും അത് തന്നെ കഴിക്കുന്നതിനും നമ്മൾ മടി കാണിക്കാറില്ല. എന്നാൽ ഈ പതിവ് ആരോഗ്യത്തിന് അത്ര നല്ലതല്ല .
എല്ലാവരും വ്യത്യസ്തത ആഗ്രഹിക്കുന്നതുപോലെ നമ്മുടെ ശരീരത്തിനും വ്യത്യസ്തതരം മാക്രോ–മൈക്രോ ന്യൂട്രിയന്‍റുകൾ ആവശ്യമാണ്. ഇതിനായി പലതരത്തിലുളള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പോഷകാഹാര കുറവ് നികത്താൻ മഴവിൽ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.
വ്യത്യസ്തയിനം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും സാധിക്കും. തൈര് പോലെയുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ഉദരത്തിൽ ആരോഗ്യകരമായ ബാക്ടീരിയ അതായത് പ്രോബയോട്ടിക് നൽകുന്നു. വ്യത്യസ്തതരം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ നാരുകളും പ്രീബയോട്ടിക്കുകളും ലഭിക്കുകയും ഉദരത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
മാത്രമല്ല ഒരേ തരം ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിക്കാനും കാരണമാകും , എന്നാൽ വ്യത്യസ്തവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നവർക്ക് ശരീരഭാരം പെട്ടെന്ന് കുറക്കാൻ സാധിക്കുമെന്ന് പ്ലസ്‍വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്. ഒപ്പം ഇവർക്ക് ഉപാപചയരോഗങ്ങൾ വരാനുള്ള സാധ്യത കുറയുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്. ഹൃദ്രോഗം, പ്രമേഹം, കൊളസ്ട്രോൾ, ഉദരത്തിലെ കൊഴുപ്പ് , സമ്മർദ്ദം എന്നിവയെല്ലാം കുറക്കാനും ഉപകരിക്കും. വിവിധ രുചികൾ നൽകുന്ന പാചക പരീക്ഷണങ്ങളിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാം.