പാദങ്ങള്‍ മനോഹരമാക്കാന്‍ വീട്ടില്‍ത്തന്നെ എളുപ്പത്തില്‍ ചെയ്യാനാകുന്ന സംരക്ഷണരീതികളുണ്ട്. ഇളം ചൂടുവെള്ളത്തില്‍ ഉപ്പും ചെറുനാരങ്ങാ നീരും അല്പം ഷാംപൂവും ചേര്‍ത്ത് അര മണിക്കൂര്‍ കാലുകള്‍ മുക്കിവയ്ക്കുക. പിന്നീട് കാലുകള്‍ ഉരച്ചുകഴുകി തണുത്ത വെള്ളത്തില്‍ മുക്കിവയ്ക്കുക. ആഴ്ചയില്‍ ഒരു തവണ മുടങ്ങാതെ ഇങ്ങനെ ചെയ്താല്‍ കാലുകളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ ഒരുപരിധി വരെ തടയാന്‍ സാധിക്കും. ഗ്ലിസറിനും ചെറുനാരങ്ങാ നീരും ചേര്‍ത്ത് കാലില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ശേഷം മസാജ് ചെയ്ത് കഴുകി കളയുക. കാലുകളിലെ വരള്‍ച്ച മാറാന്‍ ഇത് സഹായിക്കും.
പാദങ്ങള്‍ സുന്ദരമാക്കാന്‍ ചില പൊടിക്കൈകൾ - massage
കാലുകള്‍ക്ക് മൃദുത്വം ലഭിക്കുന്നതിനായി നാല്‍പ്പാമരാദി തൈലം കാലുകളില്‍ മസാജ് ചെയ്ത് ചൂടുവെള്ളത്തില്‍ കഴുകുക.
കാല്‍വെള്ള നിത്യവും ഉരച്ചുകഴുകുന്നത് കാലുകളില്‍ ഉണ്ടാകുന്ന വിള്ളല്‍, വരള്‍ച്ച എന്നിവ തടയാന്‍ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ച വെളിച്ചെണ്ണ നഖങ്ങളില്‍ പുരട്ടുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. തണുപ്പുകാലങ്ങളില്‍ കാലില്‍ സോക്സ് ധരിക്കുന്നത് നല്ലതാണ്. കാല്‍ നഖങ്ങള്‍ വളര്‍ത്തുമ്പോള്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഒഴിച്ച് ചെളി കളഞ്ഞ ശേഷം നഖങ്ങള്‍ വൃത്തിയായി വെട്ടി സൂക്ഷിക്കുക. കാല്‍ നഖങ്ങള്‍ ഒരുപരിധിയില്‍ കൂടുതല്‍ വളര്‍ത്താതിരിക്കുക. നഖത്തിനുണ്ടാകുന്ന തട്ടലും മുട്ടലും നഖം ഉള്ളില്‍ നിന്ന് പിളര്‍ന്ന് പോകാന്‍ കാരണമാകും. നഖങ്ങള്‍ ബ്ലേഡ് ഉപയോഗിച്ച് വൃത്തിയാക്കാതിരിക്കുക. കുഴിനഖമുണ്ടായാല്‍ മഞ്ഞളും മൈലാഞ്ചി ഇലയും കൂടി അരച്ച് കുഴിനഖത്തില്‍ പൊതിയുക. ഇത് കുഴിനഖം മാറുന്നതിന് സഹായിക്കും.