മുംബൈ: ഗൂഗിളുമായി സഹകരിച്ച് റിലയൻസ് പുറത്തിറക്കുന്ന ജിയോ ഫോണ്‍ നെക്‌സ്റ്റ് സെപ്റ്റംബര്‍ 10ന് പുറത്തിറങ്ങും. ഗണേഷ ചതുർഥി പ്രമാണിച്ചാണ് ഫോണ്‍ സെപ്റ്റംബര്‍ 10ന് പുറത്തിറക്കുന്നതെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ജിയോയ്‌ക്ക് വേണ്ടി ഗൂഗിള്‍ വികസിപ്പിച്ച പ്രത്യേക ആൻഡ്രോയ്‌ഡ് ഒഎസ് ആണ് നെക്‌സ്റ്റിൽ ഉപയോഗിക്കുന്നത്.
Also Read:75,000 കോടിയുടെ നിക്ഷേപം ; പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി
ഇന്ത്യയെ 2ജി മുക്തമാക്കുക മാത്രമല്ല 5ജി യുക്ത് ആക്കുകയാണ് റിലയൻസിന്‍റെ ലക്ഷ്യമെന്നും മുകേഷ് അംബാനി അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 44-ാമത് വാർഷിക പൊതുയോഗത്തിലാണ് ഫോണ്‍ പ്രഖ്യാപിച്ചത്. ഇപ്പോഴും 2ജിയിൽ തുടരുന്ന ഉപഭോക്താക്കളെ 4ജിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നെക്‌സ്റ്റ് ഫോണുകൾ അവതരിപ്പിക്കുന്നത്.
ജിയോ നെക്‌സ്റ്റ് ഫോണ്‍ ഇന്ത്യയ്‌ക്ക് പുറത്തും റിലയൻസ് അവതരിപ്പിക്കും. ഇന്ത്യയുടേത് മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോണാകും നെക്‌സ്റ്റ് എന്നും മുകേഷ് അംബാനി പറഞ്ഞു. വോയ്‌സ് അസിസ്റ്റന്‍റ്, ഓട്ടോമാറ്റിക് റീഡ്- എലൗഡ് സ്‌ക്രീൻ ടെക്‌സ്റ്റ്, ലാംഗ്വേജ് ട്രാൻസലേഷൻ, സ്മാർട്ട് കാമറ, ഓഗ്മെന്‍റഡ് റിയാലിറ്റി എന്നി ഫീച്ചറുകളും ജിയോ നെസ്റ്റിൽ ഉണ്ടാകും.
5ജി ടെക്നോളജി വികസിപ്പിക്കുന്നതിന് ഗൂഗിളുമായി സഹകരിക്കാനും റിലയൻസ് തീരുമാനിച്ചു. അതേസമയം ഏറെ പറഞ്ഞുകേട്ട റിലയൻസിന്‍റെ വിലകുറഞ്ഞ 5ജി സ്മാർട്ട് ഫോണ്‍, ജിയോ ലാപ്ടോപ്പ് എന്നിവയെക്കുറിച്ച് സൂചനകളൊന്നും ഉണ്ടായില്ല.