ഗൂഗിളിന്‍റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ പിക്‌സൽ 5a 5G പുറത്തിറങ്ങി. കഴിഞ്ഞ സെപ്റ്റംബറിൽ അവതരിപ്പിച്ച പിക്‌സൽ 4a 5Gയുടെ അതേ ഡിസൈൻ തന്നെയാണ് പുതിയ ഫോണിനും. പിക്‌സൽ 4a 5Gക്കാൾ വലിയ സ്ക്രീൻ സൈസും ബാറ്ററിയുമായി എത്തുന്ന ഫോൺ മുമ്പത്തെ മോഡലിനേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകും.
Also Read: പിക്‌സൽ ഫോണുകളിൽ സ്വന്തം പ്രൊസസർ ഉപയോഗിക്കാൻ ഗൂഗിൾ
449 ഡോളർ( ഏകദേശം 33,400 ഇന്ത്യൻ രൂപ) ആണ് പിക്സൽ 5a 5Gയുടെ വില. ചാർജറോടുകൂടി എത്തുന്ന ഗൂഗിളിന്‍റെ അവസാന ഫോണാകും പിക്‌സൽ 5a 5G. പിക്‌സൽ 6 മുതൽ ഫോണുകളോടൊപ്പം ചാർജർ നൽകില്ലെന്ന് നേരത്തെ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.
ഫോണിന്‍റെ പ്രീ-ബുക്കിങ് ജപ്പാനിലും യുഎസിലും അരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 മുതൽ ഫോണിന്‍റെ വിതരണം ആരംഭിക്കും. പിക്‌സലിന്‍റെ 5G മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാത്ത ഗൂഗിൾ ഇത്തവണയും തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ പിക്‌സൽ 4a 5G ഇന്ത്യൻ മാർക്കറ്റിൽ എത്തില്ല.
Google Pixel 4a 5G സവിശേഷതകൾ
6.34 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെയിലാണ് പിക്‌സൽ 5a 5G എത്തുന്നത്. 60 ഹെർട്‌സ് ആണ് റിഫ്രഷിങ് റേറ്റ്. ക്വാൽകോമിന്‍റെ സ്നാപ്ഡ്രാഗണ്‍ 765G SoC പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമാണ് ഫോണിന് നൽകിയിരിക്കുന്നത്.
പിക്‌സൽ 4a 5Gയിലെ ഡ്യുവൽ ക്യാമറ സെറ്റ്അപ്പ് ഏകദേശം അതേപടി നിലനിർത്തിയിരിക്കുകയാണ് പുതിയ ഫോണിലും ഗൂഗിൾ. 12.2 എംപിയുടെ പ്രൈമറി സെൻസറും 16 എംപിയുടെ അൾട്രാ വൈഡ് ലെൻസും അടങ്ങിയതാണ് പിൻഭാഗത്തെ ക്യാമറ. 8 എംപിയുടേതാണ് സെൽഫി ക്യാമറ.
കഴിഞ്ഞ മോഡലുകളിൽ നിന്ന് കാര്യമായി മാറ്റം വന്നിരിക്കുന്നത് ബാറ്ററിയുടെ കാര്യത്തിലാണ്. 18 വാട്ടിന്‍റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,680 എംഎഎച്ചിന്‍റെ ബാറ്ററിയാണ് പിക്‌സൽ 5a 5Gക്ക് ഗൂഗിൾ നൽകിയിരിക്കുന്നത്.