ന്യൂഡൽഹി: വിവാദമായ പുതിയ സ്വകാര്യത നയം തെരഞ്ഞെടുക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കില്ലെന്ന് വാട്‌സ്ആപ്പ്. ഡാറ്റാ സംരക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ സ്വാകാര്യത നയം നടപ്പാക്കില്ലെന്നും വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പുതിയ സ്വകാര്യത നയം തെരഞ്ഞെടുക്കാത്ത ഉപയോക്താക്കളുടെ സേവനങ്ങൾ പരിമിതപ്പെടുത്തില്ലെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.
Also Read: ആരും നോക്കും പിന്നഴക്; ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് റിയൽമി
എന്നാൽ നയം അംഗീകരിക്കാനുള്ള സന്ദേശം വീണ്ടും ഉപഭോക്താക്കൾക്ക് അയക്കുമെന്നും വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. നേരത്തെ വാട്‌സ്ആപ്പിന്‍റെ സ്വകാര്യത നയത്തിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ (സിസിഐ) അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്‌ത് വാട്‌സ്ആപ്പ് നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. തുടർന്ന് സിംഗിൾ ബഞ്ച് നടപടിക്കെതിരെ ഫേസ്ബുക്കും വാട്‌സ്ആപ്പും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ ഹർജി പരിഗണിക്കവെ ആണ് വാട്‌സ്ആപ്പ് നയം വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് വാട്‌സ്ആപ്പിനായി വാദിച്ചത്. ഫേസ്ബുക്കിന് വേണ്ടി മുഗുൾ റോഗത്തിയും ഹാജരായി. മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്നുവെന്നാണ് വാട്‌സ്ആപ്പ് നേരിടുന്ന വിമർശനം. എന്നാൽ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തതാണെന്നും ആർക്കും കാണാനാകില്ലെന്നുമാണ് വാട്‌സ്ആപ്പിന്‍റെ വാദം.