ന്യൂഡൽഹി: സ്വകാര്യത നയങ്ങളെച്ചൊല്ലി സോഷ്യൽ മേസേജിങ്ങ് ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പും ടെലിഗ്രാമും വീണ്ടും നേർക്കുനേർ. വാട്‌സ്ആപ്പിനെയും ഫെയ്‌സ്ബുക്കിനെയും ചവറ്റുകൊട്ടയിലെറിയാൻ സമയമായെന്ന ടെലിഗ്രാമിന്‍റെ ട്വീറ്റാണ് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചത്. മറുപടിയായി വാട്‌സ്ആപ്പിന്‍റെ ട്വീറ്റ് ടെലിഗ്രാം അഡ്‌മിന്‍റേത് എന്ന പേരിൽ ഒരു സംഭാഷണം ആയിരുന്നു. "ടെലിഗ്രാം അഡ്‌മിൻ: ആളുകൾക്ക് അറിയാത്തത് ഞങ്ങൾ ഡീഫോൾട്ട് ആയി മെസേജുകൾ എൻക്രിപ്‌റ്റ് ചെയ്യുന്നില്ല എന്നതാണ്", വാട്‌സ്ആപ്പ് ട്വീറ്റ് ചെയ്‌തു.
Also Read:സ്വകാര്യത നിബന്ധനകൾ അംഗീകരിക്കാതെയും വാട്‌സ്‌ആപ്പ് തുടരാം; അക്കൗണ്ടുകൾ ഡിലീറ്റാകില്ല
കാര്യങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല. ട്വീറ്റുമായി വീണ്ടും ടെലഗ്രാം രംഗത്തെത്തി. "കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങളുടെ ഉപയോക്താക്കൾക്ക് അറിയാം. മാത്രമല്ല അത് തെളിയിക്കാൻ ഓപ്പൺ സോഴ്‌സ് ആപ്ലിക്കേഷനുകൾ ഉണ്ട് ". എന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ ജനുവരിയിലും ടെലിഗ്രാം വാട്‌സ്‌ആപ്പിനെതിരെ രംഗത്തെത്തിയിരുന്നു. അന്ന് വിരൽ ചൂണ്ടി നിൽക്കുന്ന രണ്ട് സ്പൈഡർമാൻമാരുടെ ചിത്രങ്ങളിൽ മുഖത്തിന് പകരം ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് ഐക്കണുകളാണ് നൽകിയത്.
വാട്‌സ്ആപ്പിന്‍റെ പുതിയ സ്വകാര്യത നയം മെയ് 15ന് ആണ് നിലവിൽ വന്നത്. പുതിയ നയങ്ങൾ അംഗീകരിക്കാത്ത ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ഉടനെ നഷ്‌ടപ്പെടില്ലെന്ന് വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ നയങ്ങൾ അംഗീകരിക്കാത്ത പക്ഷം വാട്‌സ്ആപ്പിന്‍റെ മുഴുവൻ സേവനങ്ങളും അവർക്ക് ലഭിക്കില്ല. പുതിയ വാട്ട്‌സ്ആപ്പ് സ്വകാര്യത നയത്തിൽ സാധ്യമായ നടപടികൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം അറിയിച്ചിരുന്നു.